'ആരെ പ്രീതിപ്പെടുത്താനാണോ എന്നെ പുറത്താക്കിയത് അതേ ആളുകൾ കാരണം ഹസീനയ്ക്ക് രാജ്യം വിടേണ്ടിവന്നു': തസ്ലീമ നസ്രീൻ

രാജിവെച്ച് രാജ്യം വിടേണ്ടി വന്ന സ്വന്തം അവസ്ഥയ്ക്ക് ഷെയ്ഖ് ഹസീന തന്നെയാണ് ഉത്തരവാദിയെന്ന് തസ്ലീമ നസ്രീൻ പറഞ്ഞു.

Exiled Writer Taslima Nasrin Reacts After Sheikh Hasina Fled Bangladesh

ധാക്ക: രാജ്യം വിട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിമർശിച്ച് എഴുത്തുകാരി തസ്ലീമ നസ്രീൻ. ആരെ പ്രീതിപ്പെടുത്താനാണോ തന്നെ രാജ്യത്തു നിന്ന് പുറത്താക്കിയത് അതേ ആളുകൾ കാരണം ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടേണ്ടി വന്നെന്ന് തസ്ലീമ പ്രതികരിച്ചു.  

"1999 ൽ മരണക്കിടക്കയിലായിരുന്ന അമ്മയെ കാണാൻ ബംഗ്ലാദേശിൽ പ്രവേശിച്ച എന്നെ ഇസ്‌ലാമിസ്റ്റുകളെ പ്രീതിപ്പെടുത്താൻ ഹസീന രാജ്യത്ത് നിന്ന് പുറത്താക്കി, പിന്നീട് ഒരിക്കലും എന്നെ രാജ്യത്ത് പ്രവേശിക്കാൻ അനുവദിച്ചില്ല. ഹസീനയെ ഇപ്പോൾ രാജ്യം വിടാൻ നിർബന്ധിതയാക്കിയ വിദ്യാർത്ഥി പ്രസ്ഥാനത്തിലും അതേ ഇസ്ലാമിസ്റ്റുകളുണ്ട്"- തസ്മീമ നസ്രീൻ സോഷ്യൽ മീഡിയയിൽ പറഞ്ഞു. 

രാജിവെച്ച് രാജ്യം വിടേണ്ടി വന്ന സ്വന്തം അവസ്ഥയ്ക്ക് ഹസീന തന്നെയാണ് ഉത്തരവാദിയെന്നും തസ്ലീമ നസ്രീൻ പറഞ്ഞു. ഇസ്ലാമിസ്റ്റുകളെ വളർത്തി. അഴിമതി ചെയ്യാൻ സ്വന്തം ആളുകളെ അനുവദിച്ചു. ബംഗ്ലാദേശ് പാകിസ്ഥാൻ പോലെയാകരുത്. സൈന്യം ഭരിക്കാൻ പാടില്ല. രാഷ്ട്രീയ പാർട്ടികൾ ജനാധിപത്യവും മതേതരത്വവും ഉറപ്പാക്കണമെന്നും തസ്ലീമ നസ്രീൻ ആവശ്യപ്പെട്ടു. 

തസ്ലീമ നസ്രീൻ 'ലജ്ജ' എന്ന പുസ്തകം ബംഗ്ലാദേശിൽ രൂക്ഷമായ വിമർശനത്തിന് ഇടയാക്കിയിരുന്നു. 1993-ൽ എഴുതിയ പുസ്തകം ബംഗ്ലാദേശിൽ നിരോധിക്കപ്പെട്ടെങ്കിലും ലോകമെമ്പാടും ബെസ്റ്റ് സെല്ലറായി. അന്ന് മുതൽ പ്രവാസ ജീവിതം നയിക്കുകയാണ് തസ്ലീമ.

ഷെയ്ഖ് ഹസീന നിലവിൽ ദില്ലിയിലാണുള്ളത്. ഷെയ്ഖ് ഹ​സീന എവിടേക്ക് പോകുമെന്നതിൽ ഇന്ന് വ്യക്തതയുണ്ടാകും. ദില്ലിയിലെ ഹിൻഡൻ വ്യോമസേന താവളത്തിലാണ് ഇന്നലെ വൈകീട്ട് ആറ് മണിയോടെ ഷെയ്ഖ് ഹസീന ഇറങ്ങിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ രാത്രി സുരക്ഷ കാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതി യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ബ്രിട്ടനിൽ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുമെന്ന് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ദില്ലിയിലെത്തിയ ഷെയ്ഖ് ഹസീന മകൾ സയിമ വാജേദിനെ കണ്ടു. ഹിൻഡൻ വ്യോമ താവളത്തിൽ എത്തിയാണ് സയിമ ഷെയ്ഖ് ഹസീനയെ കണ്ടത്. ദില്ലിയിൽ ലോകാരോഗ്യ സംഘടന റീജണൽ ഡയറക്ടറാണ് സയിമ. ഷെയ്ഖ് ഹസീന ഇനി ബംഗ്ളാദേശ് രാഷ്ട്രീയത്തിലേക്കില്ലെന്ന് മകൻ സാജിബ് വാജേദ് വ്യക്തമാക്കി. 

ബംഗ്ലാദേശില്‍ അതിരൂക്ഷമായ കലാപം തുടരുകയാണ്. വ്യാപക കൊള്ളയും കൊലയുമാണ് ഇവിടെ നടക്കുന്നത്. കലാപത്തെ തുടര്‍ന്ന് 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 135 പേരാണ്. 

ബ്രിട്ടനിൽ 13 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ കലാപം; കുടിയേറ്റവിരുദ്ധ പ്രതിഷേധം പടരാൻ കാരണം വ്യാജപ്രചാരണം
 

Latest Videos
Follow Us:
Download App:
  • android
  • ios