'ഇന്ന് എതിർക്കുന്നവർ പിന്നീട് അംഗീകരിക്കും': സ്വവർഗ ദമ്പതികളെ ആശീർവദിക്കുന്നതിൽ വിശദീകരണവുമായി മാർപ്പാപ്പ

ആഫ്രിക്കൻ സഭകളിൽ നിന്നടക്കം ഇതിനെതിരെ കടുത്ത എതിർപ്പ് രംഗത്ത് വന്ന സാഹചര്യത്തിലാണ് വിശദീകരണം.

Everyone will gradually accept blessings for same sex couples special case for africa Pope Francis says ssm

റോം: സ്വവർഗ വിവാഹത്തെ ആശീർവദിക്കാനുള്ള നിലപാടിൽ വിശദീകരണവുമായി ഫ്രാൻസിസ് മാർപ്പാപ്പ. ആഫ്രിക്കയിലേത് പ്രത്യേക സാഹചര്യമാണെന്നും അവിടെ നിന്നുള്ള എതിർപ്പ് മനസിലാക്കുന്നുവെന്നും മാർപ്പാപ്പ വ്യക്തമാക്കി. സ്വവർഗ ദമ്പതികൾക്ക് ആശീർവാദം അനുവദിക്കാനുള്ള തന്‍റെ തീരുമാനത്തെ ഇന്ന് വിമർശിക്കുന്നവർ പിന്നീടത് മനസ്സിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വവർഗ വിവാഹത്തെ ആശീർവദിക്കാന്‍ നേരത്തെ മാർപ്പാപ്പ അനുമതി നൽകിയിരുന്നു. എന്നാൽ ആഫ്രിക്കൻ സഭകളിൽ നിന്നടക്കം ഇതിനെതിരെ കടുത്ത എതിർപ്പ് രംഗത്ത് വന്ന സാഹചര്യത്തിലാണ് വിശദീകരണം. ആഫ്രിക്കയിലേത് പ്രത്യേക സാഹചര്യമാണെന്നാണ് മാർപ്പാപ്പ പറഞ്ഞത്. സ്വവർഗ ലൈംഗികത ആഫ്രിക്കൻ സംസ്കാരത്തിൽ നിഷിദ്ധമാണ്. ഇപ്പോൾ തന്‍റെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കുന്നവർ ഭാവിയിൽ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇറ്റാലിയൻ മാധ്യമമായ ലാ സ്റ്റാമ്പയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മാർപ്പാപ്പ പറഞ്ഞത്. 

ആഫ്രിക്കയിലെ കത്തോലിക്ക ബിഷപ്പുമാരുടെ സംഘടനയായ ദ സിംപോസിയം ഓഫ് എപിസ്കോപ്പല്‍ കോണ്‍ഫ്രന്‍സ് ഓഫ് ആഫ്രിക്ക ആന്‍റ് മഡഗാസ്കര്‍ ആണ് സ്വവർഗ വിവാഹത്തെ ആശീർവദിക്കുന്നതിനോട് എതിര്‍പ്പ് അറിയിച്ചത്. അത്തരം ആശീർവാദം അനുചിതമാണെന്നാണ് ബിഷപ്പുമാർ വ്യക്തമാക്കിയത്. ആഫ്രിക്കൻ കമ്മ്യൂണിറ്റികളുടെ സാംസ്കാരിക ധാർമ്മികതയ്ക്ക് വിരുദ്ധമാണിത്. ഇത് സമൂഹത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നും ബിഷപ്പുമാർ പറഞ്ഞു. ഉഗാണ്ട പോലുള്ള ആഫ്രിക്കൻ രാജ്യങ്ങളില്‍ സ്വവർഗ ലൈംഗിക ബന്ധത്തിന് ജീവപര്യന്തം തടവുശിക്ഷയാണ് വിധിക്കുന്നത്. അതേസമയം  ഫ്രാൻസ്, ഓസ്ട്രിയ, ജർമ്മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലെ ബിഷപ്പുമാർ സ്വര്‍ഗ വിവാഹത്തെ ആശീര്‍വദിക്കാമെന്ന തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തി. 

സ്വവർഗ ദമ്പതികള്‍ക്ക് കൂദാശയോ ആരാധനാക്രമമോ ഇല്ലാതെ ആശീര്‍വാദം നല്‍കാനാണ് പോപ്പ് അനുമതി നല്‍കിയത്. അനുഗ്രഹം തേടാനും സഭയോട് അടുത്തുനില്‍ക്കാനും ആഗ്രഹിക്കുന്നവരെ അതിരുവിട്ട ധാര്‍മിക വിചാരണയിലൂടെ തടയേണ്ടതില്ല എന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്. കര്‍ദിനാള്‍മാര്‍ക്ക് മാര്‍പ്പാപ്പ എഴുതിയ കത്തിന്‍റെ വിശദീകരണമായാണ് പുതിയ രേഖ പുറത്തിറക്കിയത്.  അതേസമയം സഭയുടെ കാഴ്ചപ്പാടില്‍ വിവാഹം എന്നാല്‍ സ്ത്രീയും പുരുഷനും തമ്മിലെ ആജീവനാന്ത ഉടമ്പടിയാണ്. എന്നാല്‍ അതിനു പുറത്തുനില്‍ക്കുന്നവര്‍ ആശീര്‍വാദം തേടിയെത്തിയാല്‍ പുറത്തുനിര്‍ത്തേണ്ടതില്ല എന്നാണ് സഭയുടെ  തീരുമാനം.

ലൈംഗികാനന്ദം ദൈവത്തിന്‍റെ വരദാനമാണെന്നെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞിട്ടുണ്ട്. പക്ഷെ അച്ചടക്കവും ക്ഷമയും വേണം. പോണ്‍ വീഡിയോകള്‍ വലിയ അപകടമുണ്ടാക്കും. പോണ്‍ കാണുന്നത് ലൈംഗികാസക്തി വർദ്ധിപ്പിക്കും. ലൈംഗികത വിലമതിക്കേണ്ട ഒന്നാണ്. കാമാസക്തി ബന്ധങ്ങളുടെ ദൃഢത  ഇല്ലാതാക്കും. സ്വന്തം ആവശ്യവും സന്തോഷവും മാത്രമാണ് അവിടെ പരിഗണിക്കപ്പെടുന്നതെന്നും പോപ്പ് പറയുകയുണ്ടായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios