'കമ്പനികൾക്ക് അവരുടെ തൊഴിലാളികൾ ഹിജാബ് ധരിക്കുന്നത് വിലക്കാം'; സുപ്രധാന വിധിയുമായി യൂറോപ്യൻ യൂണിയൻ കോടതി
ആറാഴ്ചത്തെ തൊഴില്‍ പരിശീലനത്തിന് അപേക്ഷിച്ചപ്പോൾ ഹിജാബ് ധരിക്കാൻ അനുവാദമില്ലെന്ന് അധികൃതര്‍ അറിയിച്ചതായി മുസ്ലീം സ്ത്രീ പരാതിയുന്നയിച്ചു. എന്നാൽ കമ്പനിയുടെ പൊതുഡ്രസ് കോഡിന്റെ ഭാഗമായി ശിരോവസ്ത്രവും തൊപ്പിയും അനുവദിക്കില്ലെന്നും ന്യൂട്രാലിറ്റി ചട്ടമുണ്ടെന്നുമാണ് വ്യക്തമാക്കിയതെന്ന് കമ്പനി വിശദീകരിച്ചു.
ബ്രസ്സൽസ്: യൂറോപ്യൻ യൂണിയന്റെ പരിധിയിൽ വരുന്ന കമ്പനികൾക്ക് വേണമെങ്കിൽ ഹിജാബ് നിരോധിക്കാമെന്ന് യൂറോപ്യൻ യൂണിയൻ കോടതി (സിജെഇയു). ശിരോവസ്ത്രത്തിന് പൊതുവായ നിരോധനം ഏർപ്പെടുത്തുകയാണെങ്കിൽ ഹിജാബിനും നിരോധനം ഏർപ്പെടുത്താം. ഇത് തൊഴിലാളികളോടുള്ള മതപരമായ വിവേചനമാകില്ല. യൂറോപ്യൻ യൂണിയൻ നിയമം ലംഘിക്കപ്പെടില്ലെന്നും യൂറോപ്യൻ യൂണിയൻ സുപ്രീം കോടതി നിരീക്ഷിച്ചു. കർണാടക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ വിവാദം കൊടുമ്പിരികൊള്ളുമ്പോഴാണ് യൂറോപ്യൻ യൂണിയൻ കോടതിയുടെ വിധിയെന്നും ശ്രദ്ധേയം.
ബെൽജിയം കമ്പനിയിലെ തർക്കമാണ് കോടതിയിലെത്തിയത്. ആറാഴ്ചത്തെ തൊഴില്‍ പരിശീലനത്തിന് അപേക്ഷിച്ചപ്പോൾ ഹിജാബ് ധരിക്കാൻ അനുവാദമില്ലെന്ന് അധികൃതര്‍ അറിയിച്ചതായി മുസ്ലീം സ്ത്രീ പരാതിയുന്നയിച്ചു. എന്നാൽ കമ്പനിയുടെ പൊതുഡ്രസ് കോഡിന്റെ ഭാഗമായി ശിരോവസ്ത്രവും തൊപ്പിയും അനുവദിക്കില്ലെന്നും ന്യൂട്രാലിറ്റി ചട്ടമുണ്ടെന്നുമാണ് വ്യക്തമാക്കിയതെന്ന് കമ്പനി വിശദീകരിച്ചു. തുടർന്ന് വിഷയം കോടതിയിലെത്തി. നിയമവ്യക്തക്കായി ബെൽജിയൻ കോടതി പിന്നീട് കേസ് യൂറോപ്യൻ യൂണിയൻ കോടതിയുടെ പരിഗണനക്ക് വിട്ടു. കമ്പനിയിലെ തൊഴിലാളികൾക്ക് ശിരോവസ്ത്രത്തിന് മൊത്തത്തിലുള്ള നിരോധനം യൂറോപ്യൻ യൂണിയന്റെ നിയമം ലംഘിക്കുന്നില്ലെന്നും കേസിനാസ്പദമായ നിരോധനം പരോക്ഷമായ വിവേചനമാണോ എന്ന് ബെൽജിയം കോടതി തീരുമാനിക്കണമെന്നും കോടതി വ്യക്തമാക്കി.
കര്‍ണാടകയിലെ ഹിജാബ് വിലക്ക്, കേസ് ഭരണഘടനാ ബെഞ്ചിന് വിടണം, ചീഫ് ജസ്റ്റിസിന് കത്ത്
നിഷ്പക്ഷത പാലിക്കാനാണെങ്കിൽ യൂറോപ്യൻ യൂണിയൻ കമ്പനികൾക്ക് ജീവനക്കാർ ശിരോവസ്ത്രം ധരിക്കുന്നത് നിരോധിക്കാമെന്നും 2021ൽ കോടതി വിധിയിച്ചിരുന്നു. യൂറോപ്പിലും വിവാദ വിഷയമാണ് ഹിജാബ്. 2004ൽ ഫ്രാൻസ് സ്കൂളുകളിൽ ഹിജാബ് നിരോധിച്ചത് വലിയ വിവാദമായിരുന്നു. പൊതുസ്ഥലങ്ങളിൽ നിഖാബും ബുർഖയും പോലുള്ള മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ നിരോധനം ഏർപ്പെടുത്തിയ ആദ്യത്തെ യൂറോപ്യൻ രാജ്യം കൂടിയാണ് ഫ്രാൻസ്. നെതർലൻഡ്‌സിൽ സ്‌കൂളുകളിലും ആശുപത്രികളിലും പൊതുഗതാഗത സംവിധാനങ്ങളിലും നിഖാബും ബുർഖയും ധരിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
നിര്‍ബന്ധിത ഹിജാബിനെതിരെ ഇസ്ലാമിക രാജ്യമായ ഇറാനില്‍ പ്രക്ഷോഭം തുടരുകയാണ്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് പൊലീസ് നടപടിയില്‍ മരിച്ചത്.