ന്യൂയോർക്ക് നഗരത്തിൽ നേരിട്ട ഞെട്ടിക്കുന്ന അനുഭവം പങ്കുവച്ച് ഹാലി കേറ്റ്; രൂക്ഷമായി പ്രതികരിച്ച് മസ്ക്
ന്യൂയോർക്കിലെ മാൻഹാറ്റനിലൂടെ നടക്കുമ്പോൾ ഒരാൾ വെറുതെ വന്ന് മുഖത്തടിച്ചു എന്നാണ് ഹാലി കേറ്റ് വീഡിയോയിലൂടെ പറഞ്ഞത്
ന്യൂയോർക്ക്: അമേരിക്കയിലെ ന്യുയോർക്ക് നഗരത്തിൽ നേരിട്ട ഞെട്ടിക്കുന്ന അതിക്രമത്തിന്‍റെ വീഡിയോ പങ്കുവച്ച് ടിക്ക് ടോക്ക് താരം രംഗത്ത്. പത്തു ലക്ഷത്തോളം ഫോളോവേഴ്സുള്ള ഹാലി കേറ്റ് എന്ന ടിക് ടോക് ഇൻഫ്ലുവൻസറാണ് ന്യുയോർക്ക് നഗരത്തിൽ തനിക്ക് നേരിടേണ്ടി വന്ന അതിക്രമം വീഡിയോയിലൂടെ വിവരിച്ച് രംഗത്തെത്തിയത്. പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ഹാലി കേറ്റ് താൻ നേരിട്ട ദുരവസ്ഥ വിവരിച്ചത്. ന്യൂയോർക്കിലെ മാൻഹാറ്റനിലൂടെ നടക്കുമ്പോൾ ഒരാൾ വെറുതെ വന്ന് മുഖത്തടിച്ചു എന്നാണ് ഹാലി കേറ്റ് വീഡിയോയിലൂടെ പറഞ്ഞത്. ന്യൂയോർക്കിലെ തെരുവുകളിൽ സ്ത്രീകൾ നിരന്തരം ആക്രമണം നേരിടുകയാണെന്നും ഇതിന് പരിഹാരം വേണമെന്നും ഹാലി കേറ്റ് വീഡിയോയിലൂടെ ആവശ്യപ്പെട്ടു.
ടിക്ക് ടോക്കിലെ താരമായ ഹാലിയുടെ വീഡിയോ മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയയിലാകെ വലിയ ചർച്ചയായി മാറി. ന്യൂയോർക്കിലെ ഞെട്ടിക്കുന്ന സംഭവത്തെക്കുറിച്ചുള്ള ഹാലി കേറ്റിന്‍റെ വിഡിയോ 50 മില്യനോളം ആളുകളാണ് ഇതിനകം കണ്ടത്. അതിനിടയിൽ എക്സ് ഉടമ എലോൺ മസ്കിന്‍റെ ശ്രദ്ധയിലും വീഡിയോ എത്തി. ഉടനടി തന്നെ ഭരണകൂടത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് എലോൺ മസ്ക് രംഗത്തെത്തി. അമേരിക്കയിലെ പ്രമുഖ നഗരങ്ങളിൽ കുറ്റകൃത്യങ്ങൾ കൂടിവരികയാണെന്നും കൃത്യമായ നടപടിയെടുക്കാൻ ഭരണകർത്താക്കൾക്ക് സാധിക്കില്ലെന്നുമാണ് ടിക്ക് ടോക്ക് താരത്തിന്‍റെ വീഡിയോ പങ്കുവച്ച് എലോൺ മസ്ക് എക്സിൽ കുറിച്ചത്. ന്യൂയോർക്ക് അധികൃതർ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും ഇതാണ് കുറ്റകൃത്യങ്ങൾ വർധിക്കാനുള്ള കാരണമെന്നും മസ്ക് അഭിപ്രായപ്പെട്ടു. ദിനം പ്രതി ഇത് വർധിക്കുകയാണെന്നും കർശന നടപടി എടുക്കാൻ അധികൃതർ തയ്യാറാകണമെന്നും മസ്ക് ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് സമാധാനത്തോടെ നഗരത്തിലിറങ്ങാൻ ഗവർണർ നാഷനൽ ഗാർഡുകളുടെ സഹായം തേടേണ്ട അവസ്ഥയാണെന്നും അദ്ദേഹം കുറിച്ചു.
മസ്കിനെ പോലെതന്നെ നിരവധി പേരാണ് സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയും നടപടി ആവശ്യപ്പെട്ടും രംഗത്തെത്തിയത്. അമേരിക്കൻ നഗരങ്ങളിൽ ഇത്തരം കുറ്റവാളികൾ ഉണ്ടാകുന്നത് കർശന നടപടികളിലൂടെ അടിച്ചമർത്തണമെന്നാണ് വീഡിയോ ഹാലിയുടെ വീഡിയോ പങ്കുവച്ച് ഏവരും ആവശ്യപ്പെടുന്നത്. ഇത്തരം ക്രിമിനലുകളെ പിടികൂടി ശിക്ഷിക്കണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം