മെലാനിയ ട്രംപിന്റെ പിന്തുണ കമല ഹാരിസിനെന്ന് വൈറ്റ് ഹൌസ് മുൻ ജീവനക്കാരൻ
ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസിനെയാണ് മെലാനിയ രഹസ്യമായി പിന്തുണയ്ക്കുന്നതെന്നാണ് ട്രംപിന്റെ മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽ
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപിന്റെ ഭാര്യയുടെ പിന്തുണ കമല ഹാരിസിനെന്ന് മുൻ വൈറ്റ് ഹൌസ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ. മെലാനിയ്ക്ക് ട്രംപിനോട് വെറുപ്പാണെന്നാണ് ആന്റണി സ്കാരാമുസി വിശദമാക്കുന്നത്. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസിനെയാണ് മെലാനിയ രഹസ്യമായി പിന്തുണയ്ക്കുന്നതെന്നാണ് ട്രംപിന്റെ മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽ. നവംബർ 5 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തൽ.
മീഡിയാസ് ടച്ച് എന്ന പോഡ്കാസ്റ്റിനോടാണ് ആന്റണി സ്കാരാമുസിയുടെ വെളിപ്പെടുത്തൽ. ദി മൂച്ച് എന്ന പേരിൽ അറിയപ്പെടുന്ന ആന്റണി സ്കാരാമുസി കമല ഹാരിസിന്റെ വിജയത്തിനായാണ് കാത്തിരിക്കുന്നതെന്നുമാണ് വിശദമാക്കിയത്. ഡൊണാൾഡ് ട്രംപിന്റെ പ്രചാരണ രംഗത്ത് മെലാനിയയുടെ അസാന്നിധ്യം ചർച്ചയാവുന്നതിനിടയിലാണ് വെളിപ്പെടുത്തൽ. ബട്ട്ലർ, പെനിസിൽവാനിയ അടക്കമുള്ള ചിലയിടങ്ങളിൽ മാത്രമാണ് ട്രംപിനൊപ്പം മെലാനിയ എത്തിയത്. തന്റെ ഭാര്യയും ട്രംപിനെ വെറുക്കുന്നുവെന്നാണ് ആന്റണി സ്കാരാമുസി വിശദമാക്കിയത്. 2017ൽ പതിനൊന്ന് ദിവസത്തേക്ക് വൈറ്റ് ഹൌസിലെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായിരുന്നു ആന്റണി സ്കാരാമുസി. ജൂലൈ 21 മുതൽ ജൂലൈ 31വരെയായിരുന്നു ഇത്. രൂക്ഷമായ വിമർശനം നേരിട്ടതിന് പിന്നാലെയാണ് ആന്റണി സ്കാരാമുസിയെ ട്രംപ് പുറത്താക്കിയത്.
മകനൻ ബാരൻ ട്രംപിന്റെ പഠനവുമായി ബന്ധപ്പെട്ട് ന്യൂയോർക്കിലാണ് മെലാനിയ ട്രംപ് ഏറിയ പങ്കും സമയം ചെലവിടുന്നത്. കമല ഹാരിസ് എന്ന എതിരാളിയെ നിലംപരിശാക്കാൻ ഇതുവരെ ട്രംപിന്‍റെ അധിക്ഷേപങ്ങൾക്കായിട്ടില്ല. കമലാ ഹാരിസിന് പിന്തുണ കൂടിവരികയാണ്. തെരഞ്ഞെടുപ്പ് ഫണ്ടിന്‍റെ കാര്യത്തിലടക്കം. പക്ഷേ, ട്രംപെന്ന ഭീഷണി ഇല്ലാതായിട്ടില്ല. എന്നാൽ ആത്മവിശ്വാസത്തിന്‍റെ തിളക്കമുള്ള മുഖമായാണ് കമലയെ അന്തർ ദേശീയ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. അത് മറ്റുള്ളവരിലേക്കും പടർത്താനുള്ള അസാമാന്യമായ കഴിവ്, പലപ്പോഴും ഒബാമയെ ഓർമ്മിപ്പിക്കുന്നുവെന്നാണ് പ്രചാരണത്തിനെത്തുന്നവരുടെ നിരീക്ഷണം. ബൈഡൻ സ്ഥാനാർത്ഥിയായിരുന്ന സമയത്തേക്കാൾ പ്രചാരണത്തിൽ ഏറെ മുന്നിലെത്താനും കമല ഹാരിസിന് സാധിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം