അമേരിക്കയുടെ പുതിയ യുഎൻ അംബാസഡർ, ട്രംപിന്‍റെ വിശ്വസ്ഥ, ഇസ്രയേലിനും പ്രിയപ്പെട്ടവൾ; ആരാണ് എലീസ് സ്റ്റെഫാനിക്

ഇസ്രായേലിനെ യുഎന്നിൽ നിന്ന് പുറത്താക്കാൻ ശ്രമം നടന്നപ്പോൾ ഐക്യരാഷ്ട്ര സഭയ്ക്കുള്ള യുഎസ് ഫണ്ടിംഗിൽ പുനർനിർണയം വേണമെന്ന് എലീസ് ആവശ്യപ്പെട്ടിരുന്നു. യുഎന്നിലെ ഇസ്രായേൽ അന്താരാഷ്ട്ര വക്താവ് എലീസിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.

Donald Trump Picks New York Rep  Elise Stefanik for UN Ambassador

വാഷിങ്ടൺ: അമേരിക്കയുടെ പുതിയ യുഎൻ അംബാസഡറായി എലീസ് സ്റ്റെഫാനികിനെ നിയമിച്ച് നിയുക്ത പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്.  നിലവിൽ വാഷിംഗ്ടണിൽ ന്യൂയോർക്കിൽ നിന്നുള്ള ജനപ്രതിനിധി സഭ അംഗമാണ് എലീസ് സ്റ്റെഫാനിക്. എലീസ് ശക്തയായ നേതാവാണെന്നാണ് ട്രംപ് തന്‍റെ രണ്ടാം ടേമിലെ ആദ്യ കാബിനറ്റ് തെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതികരിച്ചത്. പുതിയ ചുമതല അതീവ വിനയത്തോടെ സ്വീകരിക്കുന്നുവെന്നായിരുന്നു എലീസ് പ്രതികരിച്ചത്.

പുതിയ നിയോഗം വലിയ ഉത്തരവാദിത്വമാണ്. ലോകത്തിന് വഴികാട്ടിയായാണ് അമേരിക്കയുടെ പ്രവർത്തനങ്ങൾ. അത് തുടരുന്നതായിരിക്കും പ്രവർത്തനങ്ങൾ, എല്ലാവരുടേയും പിന്തുണ വേണമെന്നും അവർ പ്രതികരിച്ചു. വിദേശ നയത്തിലും ദേശീയ സുരക്ഷയിലും എലീസിന് പ്രവർത്തിച്ച് പരിചയമുണ്ട്. നേരത്തേ ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയിലും ഇന്‍റലിജിൻസ് ഹൗസ് പെർമനന്‍റ് സെലക്ട് കമ്മിറ്റിയിലും എലീസ് പ്രവർത്തിച്ചിട്ടുണ്ട്. ഈ പരിചയം തന്‍റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് മുതൽകൂട്ടാകുമെന്നാണ് എലീസ് പറയുന്നത്.

ദീർഘകാലമായി ട്രംപിന്‍റെ വിശ്വസ്ഥയാണ് എലീസ്. ഇസ്രായിലിന് പിന്തുണയുമായി എലീസ് നടത്തിയ പ്രസ്താവനകൾ വലിയ ചർച്ചയായിരുന്നു. ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ പലസ്തീൻ അതോറിറ്റി ഇസ്രായേലിനെ യുഎന്നിൽ നിന്ന് പുറത്താക്കാൻ ശ്രമം നടന്നപ്പോൾ ഐക്യരാഷ്ട്ര സഭയ്ക്കുള്ള യുഎസ് ഫണ്ടിംഗിൽ പുനർനിർണയം വേണമെന്ന് എലീസ് ആവശ്യപ്പെട്ടിരുന്നു. യുഎന്നിലെ ഇസ്രായേൽ അന്താരാഷ്ട്ര വക്താവ് എലീസിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.

ന്യൂയോർക്കിലാണ് എലീസ്  ജനിച്ചു വളർന്നത്. 2006-ൽ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടി.  താമസിയാതെ, അവർ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. മുൻ അമേരിക്കൻ പ്രസിഡന്‍റ് ജോർജ്ജ് ഡബ്ല്യു ബുഷിന്‍റെ കീഴിൽ വൈറ്റ് ഹൗസ് ആഭ്യന്തര നയ ഉപദേശകയായി എലീസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.  2019-ൽ ട്രംപിനെതിരെ ഇംപീച്ച്മെന്‍റ് നടപടികൾ ആരംഭിച്ചപ്പോൾ പ്രതിരോധിക്കാൻ എലീസ് മുന്നിലുണ്ടായിരുന്നു.

Read More : ഇസ്രായേലിന് നേരെ 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരിക്ക്, വാഹനങ്ങൾ ഉൾപ്പെടെ തകർന്നു

Latest Videos
Follow Us:
Download App:
  • android
  • ios