'കാനഡയെ അമേരിക്കയുടെ 51-ാം സംസ്ഥാനമാക്കാം, രണ്ടുണ്ട് കാര്യം': ട്രൂഡോയുടെ രാജിക്ക് പിന്നാലെ ട്രംപ്
കാനഡയിലെ ജനങ്ങൾക്ക് അമേരിക്കയിലെ 51-ാമത്തെ സംസ്ഥാനമാകുന്നതിൽ താൽപര്യമുണ്ട് എന്നാണ് ട്രംപിന്‍റെ വാദം.
വാഷിങ്ടണ്‍: കാനഡയെ അമേരിക്കയുടെ ഭാഗമാക്കാമെന്ന നിർദേശം ആവർത്തിച്ച് നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജി പ്രഖ്യാപനമുണ്ടായി മണിക്കൂറുകൾക്ക് ശേഷമാണ് നിർദേശം ആവർത്തിച്ച് ട്രംപ് രംഗത്തെത്തിയത്. കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാമെന്നാണ് ട്രംപിന്‍റെ വാഗ്ദാനം.
ഈ വർഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ട്രൂഡോ രാജിവച്ചത്. പാർട്ടി പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെ താൻ പ്രധാനമന്ത്രിയായി തുടരുമെന്ന് ട്രൂഡോ വ്യക്തമാക്കി. 2017-21 കാലയളവിൽ അധികാരത്തിലിരുന്നപ്പോഴും ട്രംപിന് ട്രൂഡോയുമായി നല്ല ബന്ധമുണ്ടായിരുന്നില്ല. നവംബർ 5 ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ട്രൂഡോയെ കണ്ടപ്പോഴും കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കുക എന്ന ആശയം ട്രംപ് മുന്നോട്ടുവച്ചു.
കാനഡയിലെ ജനങ്ങൾക്ക് അമേരിക്കയിലെ 51-ാമത്തെ സംസ്ഥാനമാകുന്നതിൽ താൽപര്യമുണ്ട് എന്നാണ് ട്രംപിന്‍റെ വാദം. കാനഡ യുഎസുമായി ലയിച്ചാൽ നികുതികൾ കുറയുമെന്നും റഷ്യയുടെയും ചൈനയുടെയും ഭീഷണിയുണ്ടാവില്ലെന്നുമാണ് ട്രംപിന്‍റെ വാഗ്ദാനം. അതേസമയം ട്രംപിന്‍റെ നിർദേശത്തോട് കാനഡ പ്രതികരിച്ചിട്ടില്ല. കാനഡ അതിർത്തി വഴിയുള്ള മയക്കുമരുന്നുകളുടെയും അനധികൃത കുടിയേറ്റക്കാരുടെയും ഒഴുക്ക് തടയാൻ കാനഡയ്ക്ക് കഴിഞ്ഞില്ലെങ്കിൽ ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ട്രൂഡോയുടെ രാജി ജനപ്രീതി ഇടിഞ്ഞതോടെ
ഒൻപത് വർഷം അധികാരത്തിൽ ഇരുന്ന ശേഷമാണ് ജസ്റ്റിൻ ട്രൂഡോയുടെ പടിയിറക്കം. ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടിയുടെ തലപ്പത്ത് നിന്ന് സ്ഥാനമൊഴിഞ്ഞേക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ജനപ്രീതി കുത്തനെയിടിഞ്ഞ സാഹചര്യത്തിലാണ് ട്രൂഡോയുടെ രാജി.
ഒക്ടോബറിൽ ഏകദേശം 20ഓളം എംപിമാർ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ട് കത്തിൽ ഒപ്പിട്ടിരുന്നു. പണപ്പെരുപ്പം, കുടിയേറ്റം തുടങ്ങി നിരവധി പ്രതിസന്ധികളാണ് സർക്കാർ നേരിടുന്നത്. ഡിസംബർ 16-ന്, ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചിരുന്നു. ട്രൂഡോയോട് വിയോജിപ്പ് പ്രകടിപ്പിച്ചായിരുന്നു രാജി.
അമിത നിരക്ക്, ഇങ്ങനെയായാൽ പനാമ കനാലിന്‍റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ട്രംപ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം