രഹസ്യ രേഖകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തെന്ന കേസ് തള്ളി, ട്രംപിന് ആശ്വാസം
സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ജാക്ക് സ്മിത്തിൻ്റെ നിയമനം യുഎസ് ഭരണഘടനയുടെ നിയമന വ്യവസ്ഥയുടെ ലംഘനമാണെന്നതിൻ്റെ അടിസ്ഥാനത്തിലാണ് കേസ് തള്ളണമെന്ന ട്രംപിന്റെ ആവശ്യം ജഡ്ജി എയ്ലിൻ കാനൻ അംഗീകരിച്ചത്.
ന്യൂയോർക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ന്യൂക്ലിയര്‍ വിവരങ്ങള്‍ടക്കമുള്ള അമേരിക്കയുടെ രഹസ്യ രേഖകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തെന്ന കേസ് തള്ളി ഫ്ലോറിഡ കോടതി. കൊലപാതക ശ്രമം നേരിട്ടതിന് ഏതാനും ദിവസങ്ങൾക്ക് പിന്നാലെയാണ് ട്രംപിന് അനുകൂലമായുള്ള കോടതി ഉത്തരവ് എത്തുന്നത്. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ജാക്ക് സ്മിത്തിൻ്റെ നിയമനം യുഎസ് ഭരണഘടനയുടെ നിയമന വ്യവസ്ഥയുടെ ലംഘനമാണെന്നതിൻ്റെ അടിസ്ഥാനത്തിലാണ് കേസ് തള്ളണമെന്ന ട്രംപിന്റെ ആവശ്യം ജഡ്ജി എയ്ലിൻ കാനൻ അംഗീകരിച്ചത്.
മിലിട്ടറി പ്ലാനുകള്‍ അടക്കമുള്ള ക്ലാസിഫൈഡ് ഗണത്തിലുള്ള രേഖകള്‍ ട്രംപ് കുളിമുറിയിലും ഹാളിലും സൂക്ഷിച്ചതായാണ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം വിശദമാക്കിയിരുന്നത്. വസതിയിലെ കുളിമുറിയിലും ഹാളിലുമായാണ് ക്ലാസിഫൈഡ് സ്വഭാവമുള്ള രേഖകള്‍ സൂക്ഷിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥരോടെ നുണ പറഞ്ഞതായും കുറ്റപത്രം വിശദമാക്കിയിരുന്നു. അന്വേഷണം തടസപ്പെടുത്താനും ട്രംപ് ശ്രമിച്ചുവെന്നും കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.
മുന്‍ പ്രസിഡന്‍റിനെതിരെ ഫെഡറല്‍ കുറ്റകൃത്യങ്ങള്‍ ചുമത്തിക്കൊണ്ടുള്ള ആദ്യ കുറ്റപത്രത്തിൽ പ്രസിഡന്‍റ് പദവിയൊഴിഞ്ഞ ട്രംപ് ക്ലാസിഫൈഡ് സ്വഭാവമുള്ള 300 രേഖകള്‍ പാം ബീച്ചിലെ മാര്‍ എ ലാഗോ എന്ന ആഡംബര വസതിയിലേക്ക് മാറ്റിയെന്നും ഇതൊരു സ്വകാര്യ ക്ലബ്ബ് കൂടിയാണെന്നും കുറ്റപത്രം വിശദമാക്കിയിരുന്നത്.
രഹസ്യ രേഖകള്‍ അലക്ഷ്യമായി ചെയ്തത് സംബന്ധിച്ച നിരവധി കുറ്റങ്ങൾ ട്രംപ് നിഷേധിച്ചിരുന്നു. 2021ൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷമാണ് ഫ്ലോറിഡയിലെ ട്രംപിന്റെ ആഡംബര വസതിയായ മാർ എ ലാഗോ എന്ന റിസോർട്ടിലാണ് രഹസ്യ രേഖകൾ ശുചിമുറിയിലടക്കം സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
അതിനിടെ യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഡോണൾഡ് ട്രംപിനെ ഔദ്യോഗികമായി റിപ്പബ്ലിക്കൻ പാർട്ടി പ്രഖ്യാപിച്ചു. പാർട്ടിയുടെ ദേശീയ കൺവൻഷനിലായിരുന്നു പ്രഖ്യാപനം. വെടിവയ്പിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട ട്രംപ് വെടിയേറ്റ വലതുചെവിയിൽ ബാൻഡേജ് ധരിച്ചാണ് കൺവെൻഷനിൽ പങ്കെടുത്തത്. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്, സൗത്ത് കാരലൈന മുൻ ഗവർണറും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി തുടങ്ങിയ മുൻനിര നേതാക്കൾ പങ്കെടുക്കുന്ന കൺവെൻഷൻ വ്യാഴാഴ്ച അവസാനിക്കും.