150 മില്യൺ ഡോളർ, അഥവാ 1200 കോടി! വിസ്മയിക്കാൻ റെഡിയായിക്കോളൂ ലോകമേ! ട്രംപിൻ്റെ രണ്ടാം വരവ്, അമ്പമ്പോ പൊളിയാകും
ട്രംപിൻ്റെ ആദ്യ സ്ഥാനാരോഹണ വേളയിൽ സ്ഥാപിച്ച 107 മില്യൺ ഡോളറിൻ്റെ ഉദ്ഘാടന ധനസമാഹരണ റെക്കോർഡ് ഇക്കുറി തകർക്കപ്പെടുമെന്ന് ഉറപ്പാണ്
ന്യൂയോർക്ക്: അമേരിക്കയുടെ പ്രസിഡന്‍റ് പദത്തിലേക്കുള്ള ഡോണൾഡ് ട്രംപിന്‍റെ രണ്ടാം വരവിന് ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. നിയുക്ത പ്രസിഡന്‍റ് ജനുവരി 20 നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. ട്രംപിന്‍റെ രണ്ടാം സ്ഥാനാരോഹണ ചടങ്ങ് ലോകത്തെ വിസ്മയിപ്പിക്കാനുള്ള സാധ്യതകളാണ് കാണുന്നത്. ഇതുവരെ കണ്ടതിൽ ഏറ്റവും അത്യാഢംബരത്തോടെയാകും ട്രംപ് അധികാരമേൽക്കുകയെന്നും സൂചനകളുണ്ട്. ട്രംപിന്‍റെ രണ്ടാം സ്ഥാനാരോഹണ ഫണ്ടിലേക്ക് കോടികളാണ് ഒഴുകിയെത്തുന്നത്. ട്രംപിൻ്റെ ആദ്യ സ്ഥാനാരോഹണ വേളയിൽ സ്ഥാപിച്ച 107 മില്യൺ ഡോളറിൻ്റെ ഉദ്ഘാടന ധനസമാഹരണ റെക്കോർഡ് ഇക്കുറി തകർക്കപ്പെടുമെന്ന് ഉറപ്പാണ്. ഏകദേശം 150 മില്യൺ ഡോളർ ഇക്കുറി ലഭിക്കുമെന്നാണ് വ്യക്തമാകുന്നത്. അതായത് 1200 കോടിയിലേറെ ഇന്ത്യൻ രൂപയാണ് ഇത്തവണ സ്ഥാനാരോഹണ ഫണ്ട് പ്രതീക്ഷിക്കുന്നത്.
ശതകോടീശ്വരന്മാരും ടെക് ഭീമന്മാരും സംഭാവന നൽകാൻ അണിനിരക്കുകയാണ്. ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം സ്ഥാനാരോഹണ ഫണ്ടിലേക്ക് ആപ്പിൾ സി ഇ ഒ ടിം കുക്ക് ഒരു മില്യൺ ഡോളർ സംഭാവന ചെയ്യുന്നുവെന്നാണ്. അതായത് എട്ടര കോടിയോളം രൂപ ടിം കുക്ക് മാത്രം സംഭാവന ചെയ്യും. അമേരിക്കയിലെ ഏറ്റവും വലിയ നികുതിദായകരായ ആപ്പിൾ ഒരു കമ്പനി എന്ന നിലയിൽ സംഭാവന നൽകാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടാണ് സി ഇ ഒയുടെ പേരിൽ ഒരു മില്യൺ സംഭാവന നൽകാൻ തീരുമാനിച്ചിട്ടുള്ളതെന്നാണ് വിവരം. റോബിൻഹുഡ് മാർക്കറ്റ്സ്, ആമസോൺ, ഓപ്പൺ എ ഐ, ടൊയോട്ട മോട്ടോർ ഓഫ് നോർത്ത് അമേരിക്ക, ക്രിപ്‌റ്റോ കമ്പനികളായ ക്രാക്കൻ, റിപ്പിൾ, ഒൻഡോ തുടങ്ങിയ കമ്പനികളും വൻ തുക സംഭാവന ചെയ്യുന്നുണ്ട്.
റീട്ടെയിൽ ട്രേഡിംഗ് പ്ലാറ്റ്‌ഫോമായ റോബിൻഹുഡ് മാർക്കറ്റ്സ് 2 മില്യൺ ഡോളറാണ് ട്രംപിന്‍റെ സ്ഥാനാരോഹണത്തിന് സംഭാവന നൽകിയത്. ടൊയോട്ട മോട്ടോർ ഓഫ് നോർത്ത് അമേരിക്കയും 1 മില്യൺ ഡോളർ സംഭാവന ചെയ്യുന്നുണ്ട്. യൂബർ ടെക്‌നോളജീസും അതിൻ്റെ സിഇഒ ദാരാ ഖോസ്രോഷാഹിയും ഒരു മില്യൺ ഡോളർ വീതം സംഭാവന നൽകി. ആമസോൺ 1 മില്യൺ ഡോളർ സംഭാവന ചെയ്യുകയും ഒ ടിടി പ്ലാറ്റ്‌ഫോമായ പ്രൈം വീഡിയോയിൽ സ്ഥാനാരോഹണ ചടങ്ങ് ലൈവ് സ്ട്രീം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. സിറ്റാഡൽ എൽഎൽസി ഹെഡ്ജ് ഫണ്ടിൻ്റെ സ്ഥാപകനായ കെൻ ഗ്രിഫിനും ഒരു മില്യൺ ഡോളർ സംഭാവന ചെയ്യുമെന്നാണ് വിവരം. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ട്രംപിൻ്റെ പ്രസിഡൻഷ്യൽ പ്രചാരണത്തിന് ഗ്രിഫിൻ സംഭാവന നൽകിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ ജെഫ് ബെസോസ്, മാർക്ക് സക്കർബർഗ്, തുടങ്ങി നിരവധി ശതകോടീശ്വരന്മാരും ടെക് ഭീമന്മാരും സംഭാവന നൽകാൻ അണിനിരക്കുകയാണ്. ഇവരുടെ സംഭാവനക്കണക്ക് വരും ദിവസങ്ങളിലേ കൃത്യമായി അറിയാനാകു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം