ശക്തമായി എതിർത്ത് അമേരിക്ക, 'ഇന്ത്യക്ക് കൈമാറണമെന്ന വിധിക്കെതിരായ തഹാവൂർ റാണയുടെ ഹർജി തള്ളിക്കളയണം'
റാണയുടെ ഹർജി പരിഗണിക്കേണ്ടതില്ലെന്നും തള്ളിക്കളയണമെന്നുമാണ് അമേരിക്കയുടെ നിലപാടെന്ന് യു എസ് സോളിസിറ്റർ ജനറൽ സുപ്രീംകോടതിയെ അറിയിച്ചു
ന്യൂയോർക്ക്: മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയും പാക്ക് വംശജനുമായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയ്ക്കു കൈമാറുന്നതിനെ എതിർത്തുകൊണ്ടുള്ള ഹർജിക്കെതിരെ നിലപാട് സ്വീകരിച്ച് അമേരിക്കൻ സർക്കാർ. ഇന്ത്യക്ക് കൈമാറാനുള്ള തീരുമാനത്തിനെതിരെ തഹാവുർ റാണ തന്നെ സമർപ്പിച്ച ഹർജി തള്ളിക്കളയണമെന്നാണ് അമേരിക്കൻ സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. റാണയുടെ ഹർജി പരിഗണിക്കേണ്ടതില്ലെന്നും തള്ളിക്കളയണമെന്നുമാണ് അമേരിക്കയുടെ നിലപാടെന്ന് യു എസ് സോളിസിറ്റർ ജനറൽ എലിസബത്ത് ബി പ്രെലോഗർ സുപ്രീംകോടതിയെ അറിയിച്ചു.
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം റാണയെ കൈമാറാമെന്ന് ഓഗസ്റ്റ് 15 നാണ് കോടതി വിധിച്ചത്. മുംബൈ ഭീകരാക്രമണത്തിൽ റാണയുടെ പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി അന്ന് വിധി പുറപ്പെടുവിച്ചത്. വിധി പ്രകാരം കൈമാറ്റ നടപടികൾ പുരോഗമിക്കവെയാണ് റാണ സുപ്രീം കോടതയിൽ ഹർജി നൽകിയത്. തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന ആവശ്യമാണ് റാണ പ്രധാനമായും മുന്നോട്ട് വച്ചത്. നവംബർ 13 നാണ് അമേരിക്കൻ സുപ്രീംകോടതിയിൽ ‘റിട്ട് ഓഫ് സെർട്ടിയോററിക്ക് വേണ്ടിയുള്ള ഹർജി’യാണ് തഹാവുർ റാണ സമർപ്പിച്ചത്. എന്നാൽ ഡിസംബർ 16 -ാം തിയതി ഈ ഹർജി തള്ളിക്കളയണമെന്ന് യു എസ് സോളിസിറ്റർ ജനറൽ എലിസബത്ത് ബി പ്രെലോഗർ സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു. 'റിട്ട് ഓഫ് സെർട്ടിയോററിക്കുള്ള റാണയുടെ ഹർജി തള്ളിക്കളയണം' എന്നാണ് യു എസ് സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടിട്ടുള്ളത്.
2008 നവംബർ 26 ലെ മുംബൈ ഭീകരാക്രമണത്തിൽ 6 യു എസ് പൗരന്മാർ ഉൾപ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്. കേസിലെ ഗൂഢാലോചനക്കുറ്റത്തിന് 2009 ൽ അമേരിക്കയിൽ അറസ്റ്റിലായ റാണ 14 വർഷം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട് നിലവിൽ ലോസ് ഏഞ്ചൽസിലെ ജയിലിൽ കഴികയാണ്. സുഹൃത്തായ യു എസ് പൗരൻ ഡേവിഡ് ഹെഡ്‍ലിയുമൊത്ത് പാക് ഭീകര സംഘടനകളായ ലഷ്കറെ തയിബ, ഹർക്കത്തുൽ മുജാഹിദീൻ എന്നിവയ്ക്കായി മുംബൈ ഭീകരാക്രമണത്തിൽ റാണ ഗൂഢാലോചന നടത്തി എന്നാണ് ഇന്ത്യ കണ്ടെത്തിയിട്ടുള്ളത്.
അടുക്കളയിൽ പതിവില്ലാത്ത ശബ്ദം, തപ്പി തപ്പി സ്ലാബിനടിയിൽ നോക്കിയപ്പോൾ വമ്പനൊരു രാജവെമ്പാല, പിടികൂടി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം