അധികാരമേറ്റ് 7 ദിവസത്തിനുള്ളിൽ മേയർ കൊല്ലപ്പെട്ട സംഭവം, മുൻ പ്രോസിക്യൂട്ടറും പൊലീസ് ഉദ്യോഗസ്ഥനും അറസ്റ്റിൽ
മേയർ പദവിയിൽ അധികാരത്തിലേറി 7 ദിവസത്തിന് മുൻപ് തലവെട്ടി മാറ്റിയ നിലയിൽ യുവ നേതാവിനെ കണ്ടെത്തിയ സംഭവത്തിൽ മുൻ സ്പെഷ്യൽ പ്രോസിക്യൂട്ടറും പൊലീസുകാരനും അറസ്റ്റിൽ
ഗുരേരോ: ചുമതലയേറ്റ് ഒരു ആഴ്ച പിന്നിടും മുൻപ് മെക്സിക്കോയിലെ യുവ മേയറെ തല അറുത്ത് മാറ്റി കൊല ചെയ്ത സംഭവത്തിൽ അറസ്റ്റിലായത് മുൻ സ്പെഷ്യൽ പ്രോസിക്യൂട്ടറും പൊലീസ് ഉദ്യോഗസ്ഥനും. ഒക്ടോബർ ആറിന് മെക്സിക്കോയെ ഞെട്ടിച്ച കൊലപാതകത്തിലാണ് മുൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ ജെർമൻ റെയീസും ഒരു പൊലീസ് ഉദ്യോഗസ്ഥനുമാണ് അറസ്റ്റിലായിട്ടുള്ളത്.
ചിൽപാസിംഗോ നഗരസഭ മേയറായ അലജാൻഡ്രോ ആർകോസിനെയാണ് ഒക്ടോബർ ആറിന് തല വെട്ടിമാറ്റി നിലയിൽ കണ്ടെത്തിയത്. ചിൽപാസിംഗോയുടെ മേയറായി അധികാരമേറ്റ് ദിവസങ്ങൾക്ക് മുൻപായിരുന്നു ഞെട്ടിക്കുന്ന കൊലപാതകം. നേരത്തെ പ്രാദേശിക ലഹരിമരുന്ന് വ്യാപാരി സംഘത്തെയും പണം തട്ടിപ്പ് സംഘത്തേയും കൊലപ്പെടുത്തിയ കേസിൽ പഴി കേട്ടിട്ടുള്ള ഉദ്യോഗസ്ഥരാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്. നേരത്തെ ഗുരേരോയിലെ ഉന്നതപദവിയിലെ സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്നു ജെർമൻ റെയീസ്. മുൻ സൈനിക ഉദ്യോഗസ്ഥനായിരുന്ന ജെർമൻ റെയീസ് വിരമിച്ച ശേഷമാണ് അഭിഭാഷകവൃത്തിയിലേക്ക് എത്തുന്നത്.
സൈന്യത്തിൽ ക്യാപ്ടനായി ജോലി ചെയ്തിരുന്ന ജെർമൻ റെയീസ് ഏതെങ്കിലും രീതിയിൽ ലഹരി സംഘങ്ങളുമായി ചേർന്ന് പ്രവർത്തിച്ചുവെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് പൊലീസുള്ളത്. മുൻ സൈനികരെ ഉന്നത പദവിയിലേക്ക് നിയമിക്കുന്ന മെക്സിക്കോയിലെ രീതിക്ക് തിരിച്ചടി നൽകുന്നതാണ് നിലവിലെ അറസ്റ്റെന്നാണ് പുറത്ത് വരുന്ന വിവരം. അഴിമതിക്ക് ഇത്തരം ഉദ്യോഗസ്ഥർ വളരെ കുറച്ച് മാത്രം വിധേയരാവുമെന്ന നിരീക്ഷണത്തിലാണ് മുൻ സൈനികരെ ഉന്നത തല പൊലീസ് പദവികളിൽ മെക്സിക്കോ നിയമിക്കുന്നത്. ജെർമൻ റെയീസിനെ അറസ്റ്റ് രേഖപ്പെടുത്താനായി സൈന്യത്തിന്റേയും ദേശീയ സുരക്ഷാ ഏജൻസിയുടേയും അനുമതി അടക്കം മെക്സിക്കോ പൊലീസ് തേടിയിരുന്നു.
അതേസമയം കഴിഞ്ഞ ആഴ്ച 11 കച്ചവടക്കാരെ കൊലപ്പെടുത്തിയ അതേ സംഘമാണ് മേയറെയും കൊലപ്പെടുത്തിയതെന്നാണ് മെക്സിക്കോയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മേധാവിയായ ഒമർ ഗാർഷ്യ ഹാർഫൂച്ച് ചൊവ്വാഴ്ച വിശദമാക്കിയത്. ഗുരേരോയുടെ തെക്ക് പടിഞ്ഞാറൻ മേഖലയിലുള്ള നഗരമായ ചിൽപാസിംഗോയിലെ യുവനേതാവാണ് കൊല്ലപ്പെട്ടത്. ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ പോയ മേയറെ തലവെട്ടി മാറ്റിയ നിലയിലാണ് കണ്ടെത്തിയത്. സർക്കാരിന്റെ പുതിയ സെക്രട്ടറിയായ ഫ്രാൻസിസ്കോ ടാപിയ വെടിയേറ്റ് കൊല്ലപ്പെട്ട് മൂന്ന് ദിവസം കഴിയും മുൻപാണ് അലജാൻഡ്രോ ആർകോസ് കൊല്ലപ്പെടുന്നത്. മെക്സിക്കോയിലെ ഇൻസ്റ്റിറ്റ്യൂഷണൽ റെവല്യൂഷണറി പാർട്ടി അംഗമായിരുന്നു അലജാൻഡ്രോ ആർകോസ്.
അധികാരമേറ്റ് ഒരു ആഴ്ച പിന്നിടും മുൻപ് മേയറുടെ തലവെട്ടി മാറ്റി, മെക്സിക്കോയിൽ സംരക്ഷണം തേടി 4 മേയർമാർ
മയക്കുമരുന്ന് നിർമ്മാണവും മയക്കുമരുന്ന് കടത്തലിലെ നേതൃത്വം കയ്യടക്കാനും അക്രമ സംഭവങ്ങൾ ഇവിടെ പതിവ് സംഭവങ്ങളാണ്. കഴിഞ്ഞ വർഷം മാത്രം 1890 കൊലപാതകങ്ങളാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്. സന്ദർശിക്കുന്നതിൽ പൂർണമായി അവഗണിക്കണമെന്ന് അമേരിക്ക പൌരന്മാരോട് നിർദ്ദേശിച്ചിട്ടുള്ള മെക്സിക്കോയിലെ ഇടങ്ങളിലൊന്നാണ് ചിൽപാസിംഗോ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം