ആൾക്കൂട്ടത്തിലേക്ക് കാറോടിച്ച് കയറ്റി 35 പേരെ കൊന്ന സംഭവത്തിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് ചൈനീസ് കോടതി
ഈ വർഷം ചൈനയിൽ നടന്ന ഏറ്റവും ദാരുണമായ സംഭവങ്ങളിലൊന്നായിരുന്നു ഈ സംഭവം.
ബെയ്ജിങ്: ചൈനയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാറോടിച്ച് കയറ്റി 35 പേരെ കൊലപ്പെടുത്ത സംഭവത്തിൽ പ്രതിക്ക് വധശിക്ഷ. ദക്ഷിണ ചൈനീസ് നഗരമായ ഷുഹായിൽ കഴിഞ്ഞ മാസമുണ്ടായ ദാരുണമായ സംഭവത്തിൽ 62 വയസുകാരനായ ഫാൻ വിഖിയു എന്നയാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വിചാരണ പൂർത്തിയാക്കി കോടതി വിധി പറഞ്ഞു.
2014ന് ശേഷ ചൈന കണ്ട ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെട്ട സംഭവം നവംബർ 11നാണ് നടന്നത്. ഒരു സ്പോട്സ് കോംപ്ലക്സിന് മുന്നിൽ വ്യായാമം ചെയ്യുകയായിരുന്ന ആൾക്കൂട്ടത്തിന് ഇടയിലേക്ക് 62കാരൻ തന്റെ എസ്‍യുവി വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. 35 പേരാണ് അന്ന് മരണപ്പെട്ടത്. സംഭവ സ്ഥലത്തു വെച്ചു തന്നെ പ്രതി പിടിയിലായി. കത്തി കൊണ്ട് സ്വയം മുറിവേൽപ്പിച്ച നിലയിൽ പിടിയിലായ ഇയാൾ പിന്നീട് ബോധരഹിതനാവുകയും ചെയ്തു.
കേസ് വെള്ളിയാഴ്ച തുറന്ന കോടതിയിൽ പരിഗണനയ്ക്കെടുക്കുകയും അന്ന് തന്നെ വിധി പറയുകയും ചെയ്തുവെന്ന് ഔദ്യോഗിക മാധ്യമമായ സിസിടിവി റിപ്പോർട്ട് ചെയ്തു. ഭീകരമായ കൃത്യമാണ് പ്രതി ചെയ്തതെന്ന് കോടതി ചെയ്തതെന്നും ക്രൂരതയുടെ പ്രത്യാഘാതം വളരെ വലുതായിരുന്നുവെന്നും അത് സമൂഹത്തിന് വലിയ ഭീഷണിയായെന്നും കോടതി വിലയിരുത്തി. മരണപ്പെട്ടവരിൽ ചിലരുടെ ബന്ധുക്കൾക്കും ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും മുന്നിൽവെച്ചാണ് കോടതി വിധി പറഞ്ഞത്. തന്റെ വ്യക്തിപരമായ പ്രശ്നങ്ങളും താളം തെറ്റിയ കുടുംബ ജീവിതവും വിവാഹ മോചനത്തിന് ശേഷം സ്വത്ത് വീതം വെച്ചതിലുള്ള അതൃപ്തിയുമൊക്കെയാണ് ഇത്ര വലിയ ക്രൂരതയ്ക്ക് ഇയാളെ പ്രേരിപ്പിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം