രണ്ട് വയസുള്ള കുഞ്ഞിനെ കിടത്തുന്ന ബേബി ബൗൺസറിന് താഴെ ഒരനക്കം, കണ്ടത് ഉഗ്ര വിഷമുള്ള ടൈഗർ സ്നേക്കിനെ!
വീടിന്‍റെ ലോഞ്ചിലൂടെ ഇഴഞ്ഞെത്തിയ പാമ്പ് ബൗൺസറിന് താഴെ ചുരുണ്ട് കൂടുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളാണ് ആദ്യം പാമ്പിനെ കണ്ടെത്തിയത്.
കാന്‍ബറ: രണ്ട് വയസുള്ള കുഞ്ഞിനെ കളിപ്പിക്കാനായി വാങ്ങിയ ബേബി ബൗൺസറിന് താഴെ നിന്നും ഉഗ്ര വിഷമുള്ള ടൈഗർ പാമ്പിനെ പിടികൂടി. ഓസ്ട്രലിയയിലാണ് മാരക വിഷമുള്ള പാമ്പിനെ വീടിനുള്ളിൽ നിന്നും പിടികൂടിയത്. ക്രിസ്മസ് രാത്രിയിൽ ആണ് സംഭവം. രണ്ട് വയസുള്ള കുഞ്ഞിനെ കിടത്താനായി വാങ്ങിയ ബേബി ബൗൺസറിന് താഴേക്ക് എന്തോ ഇഴഞ്ഞെത്തിയത് ശ്രദ്ധയിൽപ്പെട്ട കുടുംബം പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്.
വീടിന്‍റെ ലോഞ്ചിലൂടെ ഇഴഞ്ഞെത്തിയ പാമ്പ് ബൗൺസറിന് താഴെ ചുരുണ്ട് കൂടുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളാണ് ആദ്യം പാമ്പിനെ കണ്ടെത്തിയത്. സംശയം തോന്നി ഉടൻ തന്നെ പ്രദേശത്തെ പാമ്പ് പിടുത്തക്കാരനെ വിളിച്ച് വിവരം അറിയിച്ചു. തുടർന്ന് പാമ്പ് പിടുത്തക്കാരനായ മാർക്ക് പെല്ലി വീട്ടിലെത്തി. തുടർന്ന് കുട്ടിയുടെ ബൗൺസർ മാറ്റി നോക്കിയപ്പോഴാണ് ഉഗ്ര വിഷമുള്ള ടൈഗർ പാമ്പിനെ കണ്ടെത്തിയത്. പിന്നീട് പാമ്പിനെ സുരക്ഷിതമായി പിടികൂടി മാറ്റുകയായിരുന്നു.
കുഞ്ഞിന്‍റെ മാതാപിതാക്കളുടെ ശ്രദ്ധ ഒന്നുകൊണ്ടുമാത്രമാണ് വലിയ അപകടം ഒഴിവായതെന്ന് മാർക്ക് പെല്ലി പറയുന്നു. പാമ്പിനെ ബൗൺസനടിയിൽ നിന്നും പിടികൂടുന്ന വീഡിയോ മാർക്ക് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ തെക്കൻ പ്രദേശങ്ങളിലും ടാസ്മാനിയ പോലുള്ള തീരദേശ ദ്വീപുകളിലും കാണപ്പെടുന്ന മാരക വിഷമുള്ള ഇനമാണ് ടൈഗർ സ്നേക്ക്. കടുവകളുടേതിന് സമാനമായ മഞ്ഞ വരകൾ പാമ്പിന്‍റെ ഉടലിൽ കാണുന്നത് കൊണ്ടാണ് ഇതിന് ടൈഗർ സ്നേക്ക് എന്ന പേരുവന്നത്.
Read More : ആൾക്കൂട്ടത്തിലേക്ക് കാറോടിച്ച് കയറ്റി 35 പേരെ കൊന്ന സംഭവത്തിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് ചൈനീസ് കോടതി