52 കോടിയിലേറെ വിലയുള്ള കലാ ഇൻസ്റ്റലേഷൻ തിന്നുതീർത്ത് ട്രോൺ സ്ഥാപകൻ ജസ്റ്റിൻ സൺ
ന്യൂയോർക്കിൽ നടന്ന ലേലത്തിലാണ് ഇറ്റാലിയൻ കലാകാരനായ മൗറേഷ്യോ കാറ്റെലന്റെ കൊമേഡിയൻ എന്ന കലാരൂപം ക്രിപ്റ്റോകറൻസി പ്ലാറ്റ്ഫോമായ ട്രോണിൻറെ സ്ഥാപകൻ ജസ്റ്റിൻ സൺ 52 കോടിക്ക് സ്വന്തമാക്കിയത്
ഹോങ്കോംഗ്: 52 കോടി രൂപയിലേറെ ചെലവിട്ട് വാങ്ങിയ ഇൻസ്റ്റലേഷൻ വാഴപ്പഴം തിന്ന് തീർത്ത് ക്രിപ്റ്റോകറൻസി പ്ലാറ്റ്ഫോമായ ട്രോണിൻറെ സ്ഥാപകൻ ജസ്റ്റിൻ സൺ. ഹോങ്കോംഗിലെ ഹോട്ടലിൽ വച്ച് നിരവധി മാധ്യമ പ്രവർത്തകർക്കും സമൂഹമാധ്യമ ഇൻഫ്ലുവൻസർമാർക്കും മുന്നിൽ വച്ചായിരുന്നു ജസ്റ്റിൻ സൺ 52കോടിയുടെ കോമേഡിയനെ തിന്നുതീർത്തത്. പലപ്പോഴായി കഴിച്ചിട്ടുള്ള വാഴപ്പഴങ്ങളിൽ നിന്ന് ഭിന്നമായത് എന്നാണ് 52 കോടിയുടെ വാഴപ്പഴത്തേക്കുറിച്ചുള്ള ജസ്റ്റിൻ സണ്ണിന്റെ റിവ്യൂ. ന്യൂയോർക്കിൽ കഴിഞ്ഞ ആഴ്ച നടന്ന ലേലത്തിലാണ് ഇറ്റാലിയൻ കലാകാരനായ മൗറേഷ്യോ കാറ്റെലന്റെ കോൺസെപ്ച്വൽ ആർട്ട് ഗണത്തിലുള്ള കൊമേഡിയൻ ലേലം ചെയ്തത്.
വെള്ളി നിറത്തിലെ ഡക്റ്റ് ടേപ്പ് കൊണ്ട് ചുമരിൽ ഒട്ടിച്ചുവച്ച ഒരു വാഴപ്പഴം ആണ് ആർട്ട് വർക്ക്. 'കൊമേഡിയൻ' എന്ന് പേരിട്ട വർക്ക് ആദ്യ പ്രദർശനത്തിനു പിന്നാലെ കഴിഞ്ഞ അഞ്ചു വർഷക്കാലത്തിനിടയിൽ പലതവണ ചർച്ചകളിൽ നിറഞ്ഞിട്ടുണ്ട്. കൗതുകം കൊണ്ട് കലാലോകത്തിന് പുറത്തുപോലും ആർട്ട് വർക്ക് ശ്രദ്ധനേടിയിട്ടുണ്ട്. ആദ്യ പ്രദർശനത്തിന് മുൻപ് മുപ്പത് സെൻ്റ് നൽകി മിയാമിയിലെ പലചരക്കുകടയിൽ നിന്നാണ് താൻ പഴം വാങ്ങിയതെന്നാണ് കലാകാരനായ മൗറേഷ്യോ പറഞ്ഞത്, അന്ന് നടന്ന ലേലത്തിൽ ആ വാഴപ്പഴം വിറ്റുപോയത് 35 ഡോളറിനാണ്, അതായത് 2,958 രൂപയ്ക്ക്. പിന്നീട് നടന്ന പ്രദർശനങ്ങളിലും കൊമേഡിയൻ ശ്രദ്ധ നേടിയിരുന്നു. കൊമേഡിയനെ സ്വന്തമാക്കിയതിന് പിന്നാലെ പത്ത് സെക്കന്റുകൾ കഴിഞ്ഞാണ് അത് തനിക്ക് സ്വന്തമായതെന്ന് ഉറപ്പായതെന്നാണ് ജസ്റ്റിൻ സൺ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ആർട്ട് വർക്ക് മാധ്യമങ്ങൾക്ക് മുൻപിൽ വച്ച് ഭക്ഷിക്കുമെന്ന് ജസ്റ്റിൻ സൺ വ്യക്തമാക്കിയത്.
വെള്ളിയാഴ്ചയാണ് ജസ്റ്റിൻ സൺ ഇത് പ്രാവർത്തികമാക്കിയത്. കണക്കാക്കുന്ന മൂല്യത്തിൻ്റെ നാലിരട്ടി തുകയ്ക്കാണ് ജസ്റ്റിൻ സൺ കൊമെഡിയനെ സ്വന്തമാക്കിയത്. ഭക്ഷ്യയോഗ്യമായ ഒരു പഴം ഇന്നേവരെ ലോകത്ത് വിറ്റുപോയ ഏറ്റവും ഉയർന്ന വിലയാണ് ഇത്. ന്യൂയോർക്കിലെ പ്രദർശനത്തിലും വാഴപ്പഴത്തിന് ധാരാളം ആരാധകരുണ്ടായിരുന്നു. സെൽഫിയെടുക്കാനെത്തുന്ന സന്ദർശകരെ നിയന്ത്രിക്കാൻ ആർട്ട് വർക്കിനിരുവശത്തും പ്രത്യേകം സുരക്ഷാ ജീവനക്കാരെ നിയമിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം