'കൊവിഡിന്‍റെ ഉറവിടം ഏത്?', ലോകാരോഗ്യ സംഘടനയോട് ഇന്ത്യയടക്കം 61 രാജ്യങ്ങളുടെ ചോദ്യം

വൈറസിന്‍റെ ഉറവിടം കണ്ടെത്താൻ രോഗബാധ ആദ്യം പടർന്ന ഇടങ്ങളിൽ ദൗത്യസംഘത്തെ അയച്ച് പരിശോധന നടത്തണമെന്നും, മൃഗങ്ങളിൽ നിന്നാണ് പടർന്നതെങ്കിൽ അതെങ്ങനെ മനുഷ്യശരീരത്തിലെത്തിയെന്ന് കണ്ടെത്തണമെന്നുമാണ് ആവശ്യം. ഇന്ന് ലോകാരോഗ്യസംഘടനയുടെ സമ്മേളനം നടക്കാനിരിക്കുകയാണ്.

covid 19 At WHO India joins 61 nations to seek source of coronavirus

വിയന്ന/ ദില്ലി: കൊവിഡ് രോഗം പടർന്നത് എവിടെ നിന്നെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് ലോകാരോഗ്യസംഘടനയ്ക്ക് മുന്നിൽ പ്രമേയവുമായി ഇന്ത്യ അടക്കം 62 ലോകരാജ്യങ്ങൾ. മൃഗങ്ങളിൽ നിന്നാണ് രോഗം പടർന്നതെങ്കിൽ അത് മനുഷ്യശരീരത്തിലേക്ക് എങ്ങനെ എത്തിയെന്ന് കണ്ടെത്തണം. ഇതിൽ നിഷ്പക്ഷമായ, സ്വതന്ത്രമായ, സമഗ്രമായ വിലയിരുത്തലും പരിശോധനയും അന്വേഷണവും വേണമെന്നും രാജ്യങ്ങൾ ലോകാരോഗ്യസംഘടനാ (ഡബ്ല്യുഎച്ച്ഒ) ഡയറക്ടർ ജനറലിനോട് ആവശ്യപ്പെടുന്നു. ചൈനയോട് ലോകാരോഗ്യസംഘടനാ പക്ഷപാതിത്വം കാണിക്കുന്നുവെന്ന് തുടർച്ചയായി ആരോപിച്ച അമേരിക്ക പക്ഷേ ഈ പ്രമേയത്തെ പിന്തുണച്ചിട്ടില്ല. സ്വാഭാവികമായും ചൈനയും പ്രമേയത്തെ പിന്തുണയ്ക്കുന്നില്ല. 

ഏഴ് പേജുള്ള പ്രമേയത്തിന് 35 രാജ്യങ്ങളും, 27 അംഗങ്ങളുള്ള യൂറോപ്യൻ യൂണിയനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തുടങ്ങുന്ന ലോകാരോഗ്യസംഘടനയുടെ അസംബ്ലിയിൽ പ്രമേയം അവതരിപ്പിക്കും. ഡബ്ല്യുഎച്ച്ഒയുടെ പ്രവർത്തനങ്ങൾ തീരുമാനിക്കുന്ന പ്രധാനയോഗമാണിത്. യുഎൻ സുരക്ഷാസമിതിയിലെ അഞ്ച് അംഗങ്ങളിൽ മൂന്ന് രാജ്യങ്ങളുടെ പിന്തുണയും ഈ പ്രമേയത്തിനുണ്ട് എന്നത് ശ്രദ്ധേയമാണ്. രക്ഷാസമിതി സ്ഥിരാംഗങ്ങളായ യുകെ, ഫ്രാൻസ്, റഷ്യ എന്നിവയാണ് പ്രമേയത്തെ പിന്തുണയ്ക്കുന്നത്. ഒപ്പം, ജപ്പാൻ, ഓസ്ട്രേലിയ, സൗത്ത് കൊറിയ, ന്യുസീലൻഡ്, സൗത്ത് ആഫ്രിക്ക, തുർക്കി എന്നീ രാജ്യങ്ങളുമുണ്ട്. 

അതേസമയം, പാകിസ്ഥാൻ, ശ്രീലങ്ക, മാലിദ്വീപ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ ഈ പ്രമേയത്തെ പിന്തുണയ്ക്കുന്നില്ല. സാർക് രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് പുറമേ ബംഗ്ലാദേശും ഭൂട്ടാനും മാത്രമാണ് പ്രമേയത്തിന് പിന്തുണ നൽകുന്നത്. 

ഇതാദ്യമായാണ് കൊവിഡിന്‍റെ ഉറവിടത്തെച്ചൊല്ലിയുള്ള വിവാദങ്ങളിലും ചർച്ചകളിലും അന്താരാഷ്ട്രതലത്തിൽ ഇന്ത്യ ഒരു നിലപാട് സ്വീകരിക്കുന്നത്. കൊവിഡിനെ നേരിടുന്നതിലാണ് നിലവിൽ ശ്രദ്ധ പതിപ്പിക്കുന്നതെന്നും മറ്റ് വിവാദങ്ങളെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നുമായിരുന്നു ഇതുവരെ ഇന്ത്യയുടെ നിലപാട്. 

ചൈനയിലെ വുഹാനിലാണ് ആദ്യം രോഗബാധ റിപ്പോർട്ട് ചെയ്തത്. വുഹാനിലെ ഒരു ലാബിൽ നിന്ന് പുറത്തുചാടിയതാണ് വൈറസ് എന്നതുമുതൽ വൃത്തിഹീനമായ മാംസശാലകളിൽ നിന്നാണ് വൈറസെത്തിയതെന്നത് വരെ പല തരത്തിലുള്ള പ്രചാരണങ്ങളുണ്ടായിരുന്നെങ്കിലും അവയെല്ലാം ചൈന നിഷേധിച്ചിരുന്നു. എങ്ങനെയാണ് വൈറസ് മനുഷ്യരിലെത്തിയത് എന്നതിൽ സമഗ്രമായ പഠനങ്ങൾ നടത്തിവരികയാണെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്. ഉചിതമായ സമയത്ത് ഇക്കാര്യത്തിൽ പരിശോധന നടത്താൻ തയ്യാറാണെന്നും, എന്നാൽ ഈ വൈറസിനെ രാഷ്ട്രീയവത്കരിക്കുന്ന അമേരിക്കയുടെയും മറ്റ് രാജ്യങ്ങളുടെയും നിലപാടുകളെ ശക്തമായി എതിർക്കുന്നുവെന്നും ചൈന തുറന്നടിച്ചു.

''വുഹാൻ സിറ്റിയിലാണ് ആദ്യം കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത് എന്നതുകൊണ്ട്, വൈറസിന്‍റെ ഉറവിടം വിഹാൻ ആകണമെന്നില്ല. വൈറസിനെ ചൈനയുടേതെന്ന തരത്തിൽ ചിത്രീകരിക്കുന്ന പ്രചാരണം അപലപനീയമാണ്. ഒരു വൈറസിന് പേര് നൽകാൻ ലോകാരോഗ്യസംഘടനയ്ക്ക് കൃത്യമായ ചട്ടങ്ങളുണ്ട്. ഇതിന്‍റെ പേരിൽ ചൈനയെയും വുഹാനെയും ആക്രമിക്കുന്നത് തീർത്തും നിർഭാഗ്യകരവുമാണ്'', ചൈനീസ് വൈറസെന്ന ട്രംപിന്‍റെ പരാമർശത്തോട് ചൈനീസ് എംബസി വക്താവ് റി ജോങ് പ്രതികരിച്ചത് ഇങ്ങനെ. 

Latest Videos
Follow Us:
Download App:
  • android
  • ios