'ബ്രസീൽ പൊളിഞ്ഞു ബോസ്..', വൈറസിനെ പഴിചാരി പ്രസിഡന്‍റ് ജെയ്ർ ബൊൾസനാരോ
സാധാരണക്കാർക്ക് നൽകുന്ന സബ്സിഡികളടക്കമുള്ള ആനുകൂല്യങ്ങളുടെ കാലാവധി അവസാനിച്ചതിന് പിന്നാലെ അനുയായികളോട് സംസാരിക്കുകയായിരുന്നു ബൊൾസനാരോ. 'ബ്രസീൽ തകർന്ന അവസ്ഥയിലാണ് ബോസ്, ഒന്നും ചെയ്യാനില്ല', എന്ന് പ്രസിഡന്‍റ്.
സാവോ പോളോ: കൊവിഡ് മൂലമുള്ള പ്രതിസന്ധി നേരിടാനുള്ള സബ്സിഡികൾ അവസാനിച്ചതിന് പിന്നാലെ, ബ്രസീലിന്‍റെ സാമ്പത്തികവ്യവസ്ഥ സമ്പൂർണമായി തകർന്നെന്ന് പ്രസിഡന്‍റ് ജെയ്‍ർ ബോൾസനാരോ. ബ്രസീൽ പൊളിഞ്ഞെന്നും, തനിക്കതിൽ ഇനി ഒന്നും ചെയ്യാനില്ലെന്നും ഒഴുക്കൻ മട്ടിൽ പറയുന്ന ബൊൾസനാരോയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. വലിയ വിവാദവും.
''ബ്രസീൽ പൊളിഞ്ഞു, ബോസ്, എനിക്കിനി ഇതിലൊന്നും ചെയ്യാനില്ല'', എന്നാണ് ബൊൾസനാരോ പറയുന്നത്. ബ്രസീലിയയിലെ ഔദ്യോഗികവസതിയിൽ വച്ചാണ് ആരാധകരെടുത്ത ഒരു വീഡിയോയിൽ ബൊൾസനാരോ ഇങ്ങനെ പറയുന്നത്.
''നികുതി കുറയ്ക്കുന്നതടക്കമുള്ള കാര്യങ്ങൾ എനിക്ക് പരിഗണിക്കണം എന്നുണ്ട്. പക്ഷേ നടക്കണ്ടേ. ഈ മാധ്യമപ്രവർത്തകർ ഊതിപ്പെരുപ്പിച്ച വൈറസ് ഇല്ലേ ഇവിടെ. ഒരു തരത്തിലും വ്യക്തിത്വമില്ലാത്ത മാധ്യമങ്ങൾ'', എന്ന് ബൊൾസണാരോ.
കൊവിഡ് 19 ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളിലൊന്നാണ് ബ്രസീൽ. രണ്ട് ലക്ഷത്തോളം പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. പ്രതിസന്ധികാലത്ത് ബ്രസീൽ ജനതയെ തൽക്കാലം പട്ടിണിയിൽ നിന്ന് രക്ഷിച്ചത് സർക്കാർ നൽകിയിരുന്ന ആനുകൂല്യങ്ങളാണ്. അതിന്‍റെ കാലാവധി കൂടി അവസാനിച്ചതോടെ ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് രാജ്യം ഉറ്റുനോക്കുന്നത്. ആളുകൾ തിങ്ങിപ്പാർക്കുന്ന, വികസ്വരരാജ്യമായ ബ്രസീലിൽ പ്രതിസന്ധി ഇത്ര രൂക്ഷമാകാൻ കാരണം സർക്കാരിന്‍റെ അലംഭാവമാണെന്ന ആരോപണം പല തവണ ഉയർന്നതാണ്. കൊറോണവൈറസ് അത്ര വലിയൊരു ഭീഷണിയല്ലെന്ന് പല തവണ പണ്ട് പറഞ്ഞിരുന്ന ബൊൾസനാരോ, ആദ്യകാലങ്ങളിൽ മാസ്കില്ലാതെയാണ് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ബൊൾസനാരോയ്ക്ക് തന്നെ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.
അധികാരത്തിൽ വന്നാൽ നികുതിയിളവുകൾ നൽകാമെന്നത് ബൊൾസനാരോയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. അത് നൽകാതിരിക്കാൻ കൊവിഡിന് മേൽ പഴിചാരുകയാണ് പ്രസിഡന്‍റെന്ന ആരോപണവും ശക്തമാണ്.
കൊവിഡിനെ നേരിടാൻ വാക്സീൻ വിതരണമുൾപ്പടെ നടപ്പാക്കുന്നതിന് ഒരു നടപടിയും ബ്രസീലിയൻ ഭരണകൂടം സ്വീകരിച്ചിട്ടില്ല. മാത്രമല്ല, വാക്സീനുകളൊന്നും പരിഗണിച്ചിട്ടുമില്ല.
- Brazilian President On Economy
- Coronavirus Vaccine
- Coronavirus crisis
- Covid 19
- Covid 19 Live Updates
- Covid 19 Pandemic
- Covid Vaccine
- Genetic Mutant Covid 19 Virus
- കൊറോണ ജാഗ്രത
- കൊറോണവൈറസ്
- കൊറോണവൈറസ് തത്സമയം
- കൊറോണവൈറസ് വാർത്തകൾ
- കൊവിഡ് 19
- കൊവിഡ് 19 തത്സമയം
- കൊവിഡ് 19 മഹാമാരി
- കൊവിഡ് ജാഗ്രത
- ജനിതകമാറ്റം വന്ന കൊവിഡ് 19 വൈറസ്