67 ലക്ഷം ജീവനെടുത്ത കൊറോണ വൈറസ് ചോർന്നത് എവിടെ നിന്ന്? അമേരിക്കൻ ഊർജ്ജ വകുപ്പിന്‍റെ രഹസ്യരേഖ ചർച്ചയാകുന്നു!
അമേരിക്കൻ മാധ്യമമായ ദി വാൾ സ്ട്രീറ്റ് ജേണൽ ആണ് രേഖയുടെ ഉള്ളടക്കം പുറത്തുവിട്ടത്
ന്യൂയോർക്ക്: മനുഷ്യരാശിയെ ഏറ്റവും ഭീതിയിലാക്കിയ രോഗാണു ആയിരുന്നു കൊറോണോ വൈറസ്. ലോക്ക് ഡൗണും ട്രിപ്പിൾ ലോക്ക് ഡൗണുമടക്കമുള്ള എല്ലാ വഴികളും പ്രതിരോധത്തിനായി പുറത്തെടുത്തിട്ടും ഓരോ നിമിഷവും എണ്ണമില്ലാത്ത മനുഷ്യ ജീവനുകൾ കൊറോണോ വൈറസ് കവർന്നെടുത്തു. കൊവിഡിന്‍റെ ഭീതിയിൽ നിന്ന് മനുഷ്യൻ ഇന്നും പൂർണമായി പുറത്തുകടന്നിട്ടില്ല. പല രാജ്യങ്ങളിലും ഇപ്പോഴും കൊവിഡ് മരണങ്ങൾ നിരവധിയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഏറക്കുറെ 67 ലക്ഷം മനുഷ്യരെയാണ് കൊവിഡ് കൊന്നൊടുക്കിയത് എന്നാണ് കണക്കുകൾ പറയുന്നത്. എവിടുന്നാണ് ഈ വൈറസ് പുറത്തുവന്നത് എന്ന ചോദ്യം കൊവിഡിന്‍റെ തുടക്കകാലം മുതൽ തന്നെയുള്ളതാണ്. അമേരിക്കയടക്കമുള്ള വിവിധ ലോകരാജ്യങ്ങൾ ഇക്കാര്യത്തിൽ ചൈനയ്ക്കെതിരെയാണ് വിരൽചൂണ്ടിയിട്ടുള്ളത്.
അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ് ബി ഐ പലപ്പോഴും ചൈനയിൽ നിന്നാണ് കൊവിഡ് രോഗാണു പുറത്തുവന്നതെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ അന്നെല്ലാം അമേരിക്കൻ ഊർജ വകുപ്പ് ഈ അഭിപ്രായം അംഗീകരിച്ചിരുന്നില്ല. എന്നാൽ ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോർട്ട്, 67 ലക്ഷം ആളുകളെ കൊന്നൊടുക്കിയ കൊവിഡ് രോഗാണു ചൈനയുടെ പരീക്ഷണശാലയിൽ നിന്ന് അബദ്ധത്തിൽ പുറത്തുവന്നതാകാമെന്നാണ് അമേരിക്കയുടെ രഹസ്യ രേഖ എന്നതാണ്. അമേരിക്കൻ ഊർജ വകുപ്പിന്റെ രഹസ്യ രേഖയിലാണ് ഈ നിഗമനം. അമേരിക്കൻ മാധ്യമമായ ദി വാൾ സ്ട്രീറ്റ് ജേണൽ ആണ് രേഖയുടെ ഉള്ളടക്കം പുറത്തുവിട്ടത്.
ലഭ്യമായ നിരവധി ശാസ്ത്രീയ വിവരങ്ങൾ വിശകലനം ചെയ്തും ഗവേഷണം നടത്തിയും ഊർജ വകുപ്പ് എത്തിച്ചേർന്ന നിഗമനം അതിപ്രധാനമാണെന്ന് വാൾ സ്ട്രീറ്റ് ജേണൽ പറയുന്നു. അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ് ബി ഐ നേരത്തെതന്നെ ഇതേ നിഗമനം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ അന്ന് ഊർജ വകുപ്പ് അതിനോട് യോജിച്ചില്ല. ഇപ്പോൾ കൂടുതൽ ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഊർജവകുപ്പ് എഫ് ബി ഐയുടെ നിഗമനത്തോട് യോജിക്കുകയാണെന്നാണ് ദി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് പറയുന്നത്.