അത് 'കൂട്ടക്കൊല'യല്ല, ബോട്സ്വാനയിൽ 350ലേറെ ആനകൾ ചരിഞ്ഞ സംഭവത്തിൽ വില്ലന്മാരെ കണ്ടെത്തി
കൊവിഡ് വ്യാപനത്തിനിടയില്‍ ആനകളുടെ കൂട്ടത്തോടെയുള്ള ദുരൂഹമരണം വലിയ രീതിയിലുള്ള ആശങ്കകൾക്ക് കാരണമായിരുന്നു. സയനൈഡ് വിഷബാധ, വേട്ടയാടൽ, ആന്ത്രാക്സ് അടക്കം പലവിധ തത്വങ്ങളാണ് ആനകളുടെ ദുരൂഹമരണത്തിന് കാരണമായി പ്രചരിച്ചിരുന്നത്
ഗാബറോൺ: ബോട്സ്വാനയിൽ ദുരൂഹ സാഹചര്യങ്ങളിൽ 350ലേറെ ആനകൾ ചരിഞ്ഞ സംഭവത്തിലെ വില്ലൻമാരെ ഒടുവിൽ കണ്ടെത്തി. ബോട്സാവനയിലെ ഒക്കവാംഗോയിൽ 2020 ജൂണിലും മെയ് മാസത്തിലും ആൺ, പെൺ ഭേദമില്ലാതെ ദുരൂഹ സാഹചര്യത്തിൽ ആനകൾ ചരിഞ്ഞ സംഭവത്തിലെ ദുരൂഹതയ്ക്കാണ് ഒടുവിൽ അന്ത്യമാകുന്നത്. സയനൈഡ് വിഷബാധ അടക്കം നിരവധി പ്രചാരണങ്ങൾ ആനകളുടെ മരണ കാരണമായി പ്രചരിക്കപ്പെട്ടിരുന്നതിനിടയിലാണ് സയൻസ് ജേണലിൽ മരണകാരണം വിശദമാക്കി പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനത്തിനിടയില്‍ ആനകളുടെ കൂട്ടത്തോടെയുള്ള ദുരൂഹമരണം വലിയ രീതിയിലുള്ള ആശങ്കയ്ക്കാണ് കാരണമായത്.
ടോട്ടൽ എൻവയോൺമെന്റിന്റെ ജേണൽ ഓഫ് സയൻസിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആനകൾ വെള്ളം കുടിച്ചിരുന്ന ജലസ്ത്രോതസിൽ രൂപം കൊണ്ട പ്രത്യേകയിനം ആൽഗകളാണ് 350ലേറെ ആഫ്രിക്കൻ ആനകളുടെ ജീവനെടുത്തത്. ബ്ലൂ ഗ്രീൻ ആൽഗ എന്ന പേരിൽ അറിയപ്പെടുന്ന ബാക്ടീരിയ ഗണത്തിലുൾപ്പെടുന്ന ജീവികളാണ് ആനകളുടെ ജീവനെടുക്കാൻ കാരണമായത്. കാലാവസ്ഥാ വ്യതിയാനം മൂലം അപകടകരമായ രീതിയിലുള്ള പായൽ വളർച്ചയുടെ പ്രത്യാഘാതമായിരുന്നു സംഭവമെന്നാണ് പഠനം വിശദമാക്കുന്നത്. സാറ്റലൈറ്റ് ഡാറ്റകൾ അനുസരിച്ചുള്ള പഠനത്തിനൊടുവിലാണ് ആനകളുടെ മരണകാരണം കണ്ടെത്തിയിട്ടുള്ളത്. അപകടകാരിയായ ബാക്ടീരിയ രക്തത്തിൽ എത്തിയതാണ് ആനകളുടെ മരണ കാരണമെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്.
നൂറ് കിലോമീറ്ററിലേറെ നടന്ന് എത്തി വെള്ളം കുടിച്ച് മടങ്ങിയ ആനകൾ 88 മണിക്കൂറിനുള്ളിൽ ചരിഞ്ഞതായാണ് പഠനങ്ങൾ വിശദമാക്കുന്നത്. കാട്ടാനകൾക്ക് ബാക്ടീരിയ നിറഞ്ഞ ജലസ്ത്രോതസിൽ നിന്ന് വെള്ളം കുടിക്കുക അല്ലാതെ മറ്റ് വഴികൾ ഇല്ലാതെ വന്നതായാണ് ഏരിയൽ സർവ്വേകളിൽ വ്യക്തമാവുന്നത്. വെള്ളക്കെട്ടുകള്‍ക്ക് സമീപമായിരുന്നു 70 ശതമാനം ആനകളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നത്. വരള്‍ച്ച കാരണമല്ലാതെ ഇത്രയും ആനകള്‍ കൂട്ടത്തോടെ ചത്തത് ആശങ്കയോടെയാണ് ശാസ്ത്രലോകം കണ്ടിരുന്നത്. ആനകളുടെ മൃതദേഹങ്ങള്‍ ഭക്ഷിച്ച കഴുകന്മാര്‍ക്ക് കുഴപ്പമൊന്നുമില്ലാത്തതിനാല്‍ വിഷബാധയേറ്റല്ല ആനകളുടെ മരണമെന്നാണ് വിദഗ്ധര്‍ വിലയിരുത്തിയിരുന്നത്.
2015ൽ 200000 സൈഗ മാനുകൾ കസാകിസ്ഥാനിൽ സമാന രീതിയിൽ ചത്തിരുന്നു. വലിയ രീതിയിൽ ജീവി വർഗങ്ങൾ ചാവുന്ന സംഭവങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം ആവർത്തിക്കുന്നതായാണ് പഠനം വിശദമാക്കുന്നത്. ആഫ്രിക്കയുടെ തെക്കൻ മേഖലയിൽ ദശാബ്ദങ്ങളിലെ വിരുദ്ധ കാലാവസ്ഥാ സീസണുകളാണ് നിലവിലുള്ളത്. 2019ൽ കടുത്ത വേനൽ ആയിരുന്ന ആഫ്രിക്കയുടെ തെക്കൻ മേഖലകളിൽ 2020ൽ കനത്ത മഴയാണ് നേരിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം