തായ്‌വാനെ വട്ടമിട്ട് ചൈനീസ് സൈനിക വിമാനങ്ങളും കപ്പലുകളും; അതിർത്തി ലംഘിച്ചെന്ന് ആരോപണം
പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 12 സൈനിക വിമാനങ്ങളും നാവിക കപ്പലുകളും അതിർത്തിയ്ക്ക് സമീപം വിന്യസിച്ചെന്നാണ് തായ്‌വാന്റെ ആരോപണം.
തായ്പേയ്: തായ്‌വാന് ചുറ്റും സൈനിക നടപടികൾ ശക്തമാക്കി ചൈന. കഴിഞ്ഞ ദിവസങ്ങളിൽ തായ്‌വാൻ അതിർത്തിയ്ക്ക് സമീപം ചൈനീസ് സൈനിക വിമാനങ്ങളും നാവിക കപ്പലുകളും വലിയ രീതിയിൽ കണ്ടെത്തിയതായി തായ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച രാവിലെ 6 മണിയ്ക്കും വെള്ളിയാഴ്ച രാവിലെ 6 മണിയ്ക്കും സമാനമായ രീതിയിൽ ചൈനീസ് വിമാനങ്ങളും കപ്പലുകളും തായ്‌വാൻ അതിർത്തിയ്ക്ക് സമീപമെത്തിയെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 12 സൈനിക വിമാനങ്ങളാണ് തായ്വാന് സമീപമെത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇവയിൽ 5 എണ്ണം തെക്ക് പടിഞ്ഞാറൻ എയർ ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോണിലേയ്ക്ക് പ്രവേശിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം ആവശ്യമായ പ്രതികരണം നടത്തിയെന്നും കഴിഞ്ഞ ദിവസം 10 ചൈനീസ് സൈനിക വിമാനങ്ങളും അഞ്ച് നാവിക കപ്പലുകളും അതിർത്തിയ്ക്ക് സമീപം എത്തിയിരുന്നുവെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇതിനിടെ തായ്‌വാനിലെ എയർ ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോണിന് മുകളിലൂടെ ഉപഗ്രഹം വഹിച്ചുകൊണ്ടുള്ള റോക്കറ്റ് വിക്ഷേപിക്കാൻ ചൈന ഒരുങ്ങുന്നതായി തായ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് തായ്‌പേയ് ടൈംസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ചൈന പത്തിലധികം ഉപഗ്രഹങ്ങളെങ്കിലും തായ്‌വാനിലൂടെയോ അതിന്റെ എയർ ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോണിലൂടെയോ വിക്ഷേപിച്ചിട്ടുണ്ട്. എന്നാൽ, ഈ വിക്ഷേപണങ്ങളൊന്നും തായ്‌വാന്റെ സുരക്ഷയ്ക്ക് ഭീഷണിയായിട്ടില്ലെന്നാണ് വിലയിരുത്തൽ.
READ MORE: ജനറൽ ബിപിൻ റാവത്തിന്റെ മരണം; ഹെലികോപ്റ്റർ അപകടത്തിന് കാരണം മനുഷികമായ പിഴവെന്ന് റിപ്പോർട്ട്