വാക്സിൻ വേണ്ട; കൊവിഡിനെ പിടിച്ചു കെട്ടാനുള്ള മരുന്നുണ്ട്; അവകാശവാദവുമായി ചൈനീസ് ലബോറട്ടറി
ചൈനയിലെ പ്രസിദ്ധമായ പീക്കിങ് സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ച മരുന്നിന് കോവിഡ് രോഗം പെട്ടെന്നു ഭേദമാക്കാനും ഹ്രസ്വകാലത്തേക്ക് പ്രതിരോധ ശക്തി നല്‍കാനും കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.
![Chinese laboratory says no vaccine have medicine for covid Chinese laboratory says no vaccine have medicine for covid](https://static-gi.asianetnews.com/images/01e7s40t300qgxngskh69nwvps/5-jpg--1--jpg_363x203xt.jpg)
ബെയ്ജിംഗ്: കൊറോണ വൈറസിനെ പിടിച്ചുകെട്ടാന്‍ കഴിയുന്ന മരുന്നു വികസിപ്പിച്ചെന്ന അവകാശവാദവുമായി ചൈനീസ് ലബോറട്ടറി രംഗത്ത്. കഴിഞ്ഞ വർഷാവസാനത്തോടെ ചൈനയിലെ വുഹാനിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് 19 ലോകത്താകെ ഭീതി പടർത്തി വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. കൊവിഡിനെതിരെയുളള വാക്സിൻ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഗവേഷകർ. ചൈനയിലെ പ്രസിദ്ധമായ പീക്കിങ് സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ച മരുന്നിന് കോവിഡ് രോഗം പെട്ടെന്നു ഭേദമാക്കാനും ഹ്രസ്വകാലത്തേക്ക് പ്രതിരോധ ശക്തി നല്‍കാനും കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.
മൃഗങ്ങളിൽ നടത്തിയ മരുന്നു പരീക്ഷണം വിജയകരമായിരുന്നുവെന്ന് സര്‍വകലാശാലയിലെ ബെയ്ജിങ് അഡ്വാന്‍സ്ഡ് ഇന്നവേഷന്‍ സെന്റര്‍ ഫോര്‍ ജെനോമിക്‌സ് ഡയറക്ടര്‍ സണ്ണെ ഷി പറഞ്ഞു. രോഗബാധിതരായ എലികളിൽ നിഷ്‌ക്രിയമാക്കിയ ആന്റിബോഡി ഉപയോഗിച്ചുള്ള മരുന്ന് കുത്തി വച്ചപ്പോൾ വൈറൽ ലോഡ് കുറയുന്നതായി കാണാൻ സാധിച്ചു എന്ന് ഷീ വ്യക്തമാക്കുന്നു. ഈ മരുന്നിന് കൊവിഡ് ഭേദമാക്കാൻ സാധിക്കുമെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് രോഗം ഭേദപ്പെട്ട അറുപത് പേരുടെ രക്തത്തിൽ നിന്നുള്ള ആന്റിബോഡി ഉപയോഗിച്ചാണ് മരുന്ന് നിർമ്മിച്ചതെന്നും ഷീ പറഞ്ഞു. ഷീയുടെ ഗവേഷകസംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. ഇവരുടെ ഗവേഷണത്തെക്കുറിച്ച് സെല്‍ എന്ന ശാസ്ത്രമാസിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മരുന്ന് ഉപയോഗിക്കുന്നത് മൂലം രോഗം ഭേദമാകാനുള്ള കാലയളവ് കുറയുമെന്നാണ് റിപ്പോർട്ടിലെ അവകാശവാദം. രാത്രിയെന്നോ പകലേന്നോ ഇല്ലാതെയാണ് ഗവേഷകർ പരീക്ഷണത്തിലേർപ്പെട്ടതെന്ന് ഷീ പറയുന്നു.