പാകിസ്ഥാനിലെ ഭീകരവാദത്തെ പൊതുവേദിയിൽ വിമർശിച്ച് ചൈന; വിദേശകാര്യമന്ത്രിയുടെ 'സെൽഫ് ഗോളിന്' സ്പോട്ടിൽ മറുപടി

ഭീകരപ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാൻ പാകിസ്ഥാൻ സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തണമെന്ന് ജിയാങ് സൈഡോംഗ് വ്യക്തമാക്കി. 

China publicly criticizes terrorism in Pakistan days after border disengagement with India

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഭീകരവാദത്തെ പൊതുവേദിയിൽ വിമർശിച്ച് ചൈന. തങ്ങളുടെ പൗരൻമാരെ പാകിസ്ഥാനിലെ ഭീകരർ ലക്ഷ്യമിടുകയാണെന്ന് ചൈനീസ് അംബാസഡർ ജിയാങ് സൈഡോംഗ് പറഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടെ രണ്ട് തവണയാണ് പാകിസ്ഥാനിൽ ചൈനീസ് പൗരൻമാരെ ഭീകരർ ആക്രമിക്കുന്നത്. ഇത് ഒരിക്കലും അം​ഗീകരിക്കാനാകില്ലെന്ന് പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടന്ന ഒരു പരിപാടിയിൽ ജിയാങ് സൈഡോംഗ് വ്യക്തമാക്കി. 

പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദറിന്റെ 'സെൽഫ് ​ഗോൾ' അടിക്കാനുള്ള ശ്രമമാണ് ചൈനീസ് അംബാസഡറെ പ്രകോപിപ്പിച്ചത്. സുരക്ഷാ പ്രശ്‌നങ്ങളുണ്ടായിട്ടും ചൈന തങ്ങളുടെ പൗരന്മാരെ അയക്കുന്നത് പാകിസ്ഥാനിലേയ്ക്ക് മാത്രമാണെന്നായിരുന്നു ഇഷാഖ് ദറിന്റെ പ്രതികരണം. നിക്ഷേപത്തിനുള്ള അവസരം എത്രമാത്രം ലാഭകരമാണെങ്കിലും സുരക്ഷാ പ്രശ്‌നമുണ്ടെങ്കിൽ ചൈന അവരുടെ പൗരൻമാരെ ആ സ്ഥലത്തേയ്ക്ക് അയക്കില്ലെന്നും പാകിസ്ഥാൻ-ചൈന ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സെമിനാറിൽ ഇഷാഖ് ദർ പറഞ്ഞു. 

ഇഷാഖ് ദാറിന്റെ പ്രതികരണത്തിനെതിരെ ഉടൻ തന്നെ ചൈനീസ് അംബാസഡർ തന്റെ നിലപാട് വ്യക്തമാക്കി. ചൈനീസ് പൗരന്മാരുടെ സുരക്ഷയാണ് പ്രസിഡൻ്റ് ഷി ജിൻപിങിന് പരമപ്രധാനമെന്ന് ജിയാങ് സൈഡോംഗ് വ്യക്തമാക്കി. പാകിസ്ഥാനിലുള്ള ചൈനീസ് നിക്ഷേപങ്ങളെക്കുറിച്ച് പുനർവിചിന്തനം നടത്താൻ തങ്ങളുടെ പൗരന്മാരെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണങ്ങൾ കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തരം ഭീകരപ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാൻ പാകിസ്ഥാൻ സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തണമെന്നും ജിയാങ് സൈഡോംഗ് കൂട്ടിച്ചേർത്തു. 

അതേസമയം, ചൈനീസ് അംബാസഡറുടെ പ്രസ്താവന ആശ്ചര്യപ്പെടുത്തുന്നതാണെന്ന് പാകിസ്ഥാൻ വിദേശകാര്യ വക്താവ് മുംതാസ് സഹ്‌റ ബലോച്ച് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല നയതന്ത്രവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ നിന്നുള്ള വ്യതിചലനമാണിതെന്നും മുംതാസ് സഹ്‌റ ബലോച്ച് വ്യക്തമാക്കി. പാകിസ്ഥാനെ ചൈന വിമർശിക്കുന്നതും ചൈനയുടെ വിമർശനത്തോടുള്ള പാകിസ്ഥാൻ്റെ പരസ്യ പ്രതികരണവും അപൂർവമാണെന്നതാണ് ശ്രദ്ധേയം. അടുത്തിടെ യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്നുള്ള സേനാ പിൻമാറ്റവും പട്രോളിം​ഗ് പുനരാരംഭിക്കുന്നതും സംബന്ധിച്ച കാര്യങ്ങളിൽ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയിലെത്തിയിരുന്നു. ദീപാവലി ദിനത്തിൽ വിവിധ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യയും ചൈനയും മധുരം കൈമാറുകയും ചെയ്തിരുന്നു. 

READ MORE: മൂന്ന് ദിവത്തിനിടെ 10 കാട്ടാനകൾ ചെരിഞ്ഞ പ്രദേശത്ത് അക്രമാസക്തരായി മറ്റ് കാട്ടാനകൾ; 65കാരനെ കൊലപ്പെടുത്തി

Latest Videos
Follow Us:
Download App:
  • android
  • ios