പ്രസിഡന്റ് ചുമതലയേറ്റ് ലായ് ചിംഗ് ടെ പിന്നാലെ തായ്വാന് ചുറ്റും സൈനിക അഭ്യാസവുമായി ചൈന
ബീജിംഗിന് കനത്ത തിരിച്ചടി നൽകിക്കൊണ്ടായിരുന്നു ലായിയുടെ ജയം. അധികാരം ഏറ്റെടുത്ത ശേഷമുള്ള ആദ്യ പ്രസംഗത്തിൽ തന്നെ ചൈനയുടെ സൈനിക രാഷ്ട്രീയ ഭീഷണികൾ അവസാനിപ്പിക്കണം എന്നും തായ്വാൻ ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും ഒരു വിട്ടുവീഴ്ച ചെയ്യില്ലെന്നും ലായ് ചിംഗ് ടെ വിശദമാക്കിയിരുന്നു
തായ്പേയി: തായ്വാന് ചുറ്റും സൈനിക അഭ്യാസവുമായി ചൈന. തെരഞ്ഞെടുപ്പ് നടത്തി പ്രസിഡന്റിനെ നിയമിച്ചതിലെ ശിക്ഷയെന്ന നിലയിലാണ് ചെനയുടെ സൈനിക അഭ്യാസമെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് ചൈന നടത്തുന്നതെന്നാണ് തായ്വാൻ ആരോപിക്കുന്നത്. ചൈനീസ് വിരുദ്ധ പ്രസിഡന്റ് ചുമതലയേറ്റതിന് തൊട്ടുപിന്നാലെയാണ് ചൈനയുടെ നടപടി.
തായ്വാനിലെ പുതിയ പ്രസിഡന്റായി വില്യം ലായ് എന്നറിയപ്പെടുന്ന ലായ് ചിംഗ് ടെയെ തെരഞ്ഞെടുത്തത് ജനുവരിയിലാണ്. ബീജിംഗിന് കനത്ത തിരിച്ചടി നൽകിക്കൊണ്ടായിരുന്നു ലായിയുടെ ജയം. കാരണം ചൈനയുടെ സ്വന്തം കുമിൻടാങ് പാർട്ടിയെയാണ് ലായ് ചിംഗ് ടെ പരാജയപ്പെടുത്തിയത്. തിങ്കളാഴ്ചയായിരുന്നു സത്യപ്രതിജ്ഞ. അധികാരം ഏറ്റെടുത്ത ശേഷമുള്ള ആദ്യ പ്രസംഗത്തിൽ തന്നെ ചൈനയുടെ സൈനിക രാഷ്ട്രീയ ഭീഷണികൾ അവസാനിപ്പിക്കണം എന്നും തായ്വാൻ ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും ഒരു വിട്ടുവീഴ്ച ചെയ്യില്ലെന്നും ലായ് ചിംഗ് ടെ വിശദമാക്കിയിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ ദ്വീപിന് സമീപം ചൈനയുടെ സൈനിക അഭ്യാസം പതിവായിരുന്നു.
ഈ സമ്മർദ്ദം മറികടന്നാണ് ലായ് ചിംഗ് ടെ അധികാരം ഏറ്റെടുത്തത്. അധികാരം ഏൽക്കുന്ന ചടങ്ങിൽ യുഎസ്, ജപ്പാൻ, ജർമ്മനി, കാനഡ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നു. 12ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ചടങ്ങിൽ പങ്കെടുത്തത്. ഇതും നിലവിലെ ചൈനീസ് പ്രകോപനത്തിന് പിന്നിലുണ്ടെന്നാണ് അന്താരാഷ്ട്ര നയതന്ത്ര വിദഗ്ധർ വിശദമാക്കുന്നത്. വിഘടനവാദികളെന്ന് ചൈന നിരീക്ഷിക്കുന്ന നേതാക്കളാണ് നിലവിൽ അധികാരത്തിലേറിയിട്ടുള്ളത്.
ജോയിന്റ് സ്വോഡ് 2024 എ എന്ന കോഡിലാണ് നിലവിലെ സൈനിക അഭ്യാസങ്ങൾ നടത്തിയതെന്നാണ് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ വിശദമാക്കുന്നത്. കര, നാവിക, വായു, റോക്കറ്റ് സേനകൾ സംയുക്തമായാണ് അഭ്യാസ പ്രകടനം നടത്തുന്നത്. ചൈനയോട് ചേർന്നുള്ള തായ്വാൻ മേഖലകളായ കിൻമെൻ, മാറ്റ്സു, വുഖി, ഡോംഗ്യിൻ എന്നിവിടങ്ങളിലേക്കും സൈനിക അഭ്യാസ പ്രകടനമെത്തുമെന്നാണ് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ നൽകുന്ന മുന്നറിയിപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം