മില്ലി സെക്കന്റുകളുടെ വ്യത്യാസം, അല്ലെങ്കിൽ തല ചിന്നിച്ചിതറിയേനെ, ട്രംപിനെ രക്ഷിച്ച 'ചെരിവ്' -വീഡിയോ
തോമസ് മാത്യു ക്രൂക്ക്‌സ് വെടിയുതിർത്തപ്പോൾ ട്രംപ് തല ചെറുതായി തിരിച്ച് ജംബോട്രോണിലേക്ക് നോക്കിയത് അക്രമി പ്രതീക്ഷിച്ചില്ലെന്നും ആരോൺ കോഹൻ പറയുന്നു
വാഷിങ്ടൺ: മുൻ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ് രക്ഷപ്പെട്ടത് മില്ലി സെക്കന്റുകൾ വ്യത്യാസത്തിനെന്ന് പുതിയ വീഡിയോ. അക്രമി ലക്ഷ്യമിട്ടത് ട്രംപിന്റെ തലയുടെ മധ്യഭാഗത്തായിരുന്നുവെന്ന് ക്ലോസ്-അപ്പ് ഫൂട്ടേജ് കാണിക്കുന്നു. സംസാരിക്കുന്നതിനിടെ തല ചെരിച്ചത് അദ്ദേഹത്തിന് രക്ഷയായി. വെടിയുണ്ട തലയോട്ടിയിൽ തുളച്ചുകയറുന്നതിനുപകരം ചെവിയോട് ചേർന്ന് പോയതായി ഇസ്രായേലി സ്പെഷ്യൽ ഓപ്പറേഷൻസ് വെറ്ററൻ ആരോൺ കോഹൻ മുമ്പ് ഫോക്സ് ന്യൂസിനോട് പറഞ്ഞു.
Read More.... ട്രംപിനെ വധിക്കാൻ ഇറാൻ ഗൂഢാലോചന നടത്തിയെന്ന് റിപ്പോർട്ട്, 'സുരക്ഷ വർധിപ്പിച്ചിരുന്നു'
മില്ലി സെക്കന്റുകളുടെ വ്യത്യാസമാണ് അദ്ദേഹത്തെ രക്ഷിച്ചതെന്നും തോമസ് മാത്യു ക്രൂക്ക്‌സ് വെടിയുതിർത്തപ്പോൾ ട്രംപ് തല ചെറുതായി തിരിച്ച് ജംബോട്രോണിലേക്ക് നോക്കിയത് അക്രമി പ്രതീക്ഷിച്ചില്ലെന്നും ആരോൺ കോഹൻ പറയുന്നു. ട്രംപ് തല ചലിപ്പിച്ചത് തികച്ചും അത്ഭുതമാണെന്നും ട്രംപിന് ദൈവത്തിന്റെ സംരക്ഷണം ഉണ്ടായിരുന്നുവെന്നും നെറ്റിസൺസ് അഭിപ്രായപ്പെട്ടു. അമേരിക്കയെ രക്ഷിച്ച ചെരിവെന്ന് വരെ അഭിപ്രായമുയർന്നു. ദൈവകൃപയാൽ മാത്രമാണ്മാ ട്രംപ് രക്ഷപ്പെട്ടതെന്ന് മറ്റൊരാൾ കുറിച്ചു.