ബന്ദികളെ മോചിപ്പിക്കാൻ വെടിനിർത്തൽ ചർച്ച അവസാന പോംവഴിയെന്ന് ആന്റണി ബ്ലിങ്കൻ - റിപ്പോർട്ട്
ഗാസയിൽ വീണ്ടും ഇസ്രായേൽ ആക്രമണമുണ്ടായി. മധ്യ ഗാസയിലെ നുസൈറത്തിൽ വീട് ലക്ഷ്യമാക്കി നടന്ന ആക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു. കുട്ടികളടക്കമുള്ളവർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്
ഗാസ: ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കാനും ബന്ദികളെ വിട്ടയ്ക്കാനുമുള്ള ഏറ്റവും മികച്ചതും മിക്കവാറും അവസാനത്തേതുമായ അവസരമാണ് നിലവിലുള്ളതെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായുള്ള കൂടിക്കാഴ്ചയിലാണ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുടെ പരാമർശമെന്നാണ് ബിബിസി അടക്കമുള്ള അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ആഴ്ചയിൽ ദോഹയിൽ നടന്ന ധാരണാ ചർച്ച തുടർന്നതിൽ പ്രതീക്ഷയുണ്ടെന്നാണ് അമേരിക്ക വിശദമാക്കുന്നത്. എന്നാൽ ചർച്ചയിൽ പുരോഗതിയുണ്ടെന്നുള്ള വാദം മിഥ്യാധാരണയാണെന്നാണ് ഹമാസ് വൃത്തങ്ങൾ അവകാശപ്പെടുന്നത്.
തിങ്കളാഴ്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ആന്റണി ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഒക്ടോബർ ഏഴിന് ശേഷം 9ാം തവണയാണ് ആന്റണി ബ്ലിങ്കൻ മധ്യേഷ്യയിൽ സന്ദർശനം നടത്തുന്നത്. ഹമാസിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളുടെ അടിസ്ഥാനത്തിൽ 40000ൽ അധികം ആളുകളാണ് കഴിഞ്ഞ ഒക്ടോബറിന് ശേഷം മാത്രം ഗാസയിൽ കൊല്ലപ്പെട്ടിട്ടുള്ളത്. ഗാസ വെടിനിർത്തൽ ധാരണക്കായി നയതന്ത്ര ചർച്ചകളുടെ രണ്ടാംറൗണ്ട് അടുത്തയാഴ്ച ദോഹയിൽ തുടരുമെന്നാണ് സൂചന.
അതേസമയം ഗാസയ്ക്കായി ഇസ്രയേലിലെ പലസ്തീൻകാർ ഭക്ഷ്യവസ്തുക്കൾ ശേഖരിക്കാൻ ആരംഭിച്ചു. സ്റ്റാൻഡ് ടുഗെദർ എന്ന ക്യാംപെയിന്റെ ഭാഗമായാണ് സമാഹരണം. ഭക്ഷണവും ഡയപ്പറുകളും സ്ത്രീകൾക്ക് വേണ്ടുന്ന അവശ്യവസ്തുക്കളും വേണമെന്നാണ് സ്റ്റാൻഡ് ടുഗെദർ എന്ന ക്യാംപെയിന്റെ ആഹ്വാനം. ഗാസയിൽ ഭക്ഷ്യവസ്തുക്കൾ ദുർലഭമായ സാഹചര്യത്തിലാണ് സ്റ്റാൻഡ് ടുഗെദർ ക്യാംപെയിൻ സജീവമാകുന്നത്. മറ്റൊരു സംഭവത്തിൽ ഗാസയിൽ വീണ്ടും ഇസ്രായേൽ ആക്രമണമുണ്ടായി. മധ്യ ഗാസയിലെ നുസൈറത്തിൽ വീട് ലക്ഷ്യമാക്കി നടന്ന ആക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു. കുട്ടികളടക്കമുള്ളവർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ദെയ്ർ അൽബലായിൽ 21 പേർ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നാലെയാണ് ഈ ആക്രമണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം