ലക്ഷ്യം പഠനമാകണം, ജോലിയാകരുത്; കടുത്ത നടപടി, വിദേശ വിദ്യാർഥികൾക്ക് ജോലി നിയന്ത്രണം ഏർപ്പെടുത്തി കാനഡ 

ജോലി ചെയ്യാനായി കൂടുതൽ സമയം അനുവദിക്കുന്നത് വിദ്യാർഥികളുടെ അക്കാദമിക് പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മന്ത്രി മില്ലർ അഭിപ്രായപ്പെട്ടു.

Canada will not be renewing this off-campus work policy for international students

ഒട്ടാവ: വിദേശ വിദ്യാർഥികൾക്ക് ജോലി ചെയ്യാനുള്ള സമയം ക്രമീകരിച്ച് കാനഡ. ആഴ്ചയിൽ 24 മണിക്കൂർ മാത്രം ജോലി ചെയ്യാൻ അനുവദിക്കൂവെന്ന് കാനഡ വ്യക്തമാക്കി.  ഈ ഫാൾ സെമസ്റ്റർ മുതൽ നിയമം നടപ്പാക്കുമെന്നും ക്ലാസ് നടക്കുന്ന സമയത്ത് വിദേശ വിദ്യാർഥികൾക്ക് പരിധിയില്ലാതെ ജോലി ചെയ്യാൻ അനുവദിക്കുന്ന ചട്ടം പുതുക്കില്ലെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ അറിയിച്ചു. കാമ്പസിൽ നിന്ന് ജോലി ചെയ്യുന്നത് അന്തർദ്ദേശീയ വിദ്യാർഥികൾക്ക് തൊഴിൽ പരിചയം നേടാനും അവരുടെ ചില ചെലവുകൾ നികത്താനും സഹായിക്കുന്നുവെന്നത് സത്യമാണ്.

വിദേശ വിദ്യാർഥികൾ കാനഡയിൽ എത്തുമ്പോൾ, ഇവിടെ ജീവിക്കാനായി തയ്യാറെടുക്കണമെന്നും അവർക്ക് വിദ്യാഭ്യാസ രം​ഗത്ത് വിജയിക്കാൻ ആവശ്യമായ പിന്തുണ ലഭിക്കണമെന്നും ആഗ്രഹിക്കുന്നതായും അധികൃതര്‍ പറഞ്ഞു. കാനഡയിലേക്ക് വിദ്യാർഥികളായി വരുന്ന ആളുകൾ ആദ്യം പ്രാധാന്യം നൽകേണ്ടത് ഇവിടെ പഠിക്കാൻ ആയിരിക്കണം. ജോലിയല്ല പ്രധാനമെന്നും ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. 2022 ഒക്ടോബറിൽ, ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ഓഫ്-കാമ്പസ് വർക്ക് അംഗീകാരമുള്ള വിദേശ വിദ്യാർഥികൾക്ക്  ആഴ്ചയിൽ 20 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ താൽക്കാലികമായി അനുവദിച്ചിരുന്നു. വരാനിരിക്കുന്ന അക്കാദമിക് സെമസ്റ്റർ മുതൽ, ക്ലാസുകൾ നടക്കുമ്പോൾ വിദ്യാർഥികൾക്ക് ആഴ്ചയിൽ 24 മണിക്കൂർ വരെ ജോലി ചെയ്യാൻ അനുവാദമുണ്ട്. ജോലി ചെയ്യാനായി കൂടുതൽ സമയം അനുവദിക്കുന്നത് വിദ്യാർഥികളുടെ അക്കാദമിക് പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മന്ത്രി മില്ലർ അഭിപ്രായപ്പെട്ടു.

അതോടൊപ്പം കാനഡയിൽ ജോലി ചെയ്യുക എന്ന ലക്ഷ്യത്തോടെ സ്റ്റഡി പെർമിറ്റിന് അപേക്ഷിച്ചേക്കാവുന്ന  വിദ്യാർഥികളെ തടയാനും പുതിയ നിയമം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാനഡയിൽ ഇതര രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പഠിക്കുന്നതിനായി ചട്ടങ്ങളിൽ കൂടുതൽ മാറ്റം വരുത്തുകയാണ് സർക്കാർ. പഠനാനുമതി ലഭിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രവിശ്യയിൽ നിന്ന് പ്രൊവിൻഷ്യൽ അറ്റസ്റ്റേഷൻ ലെറ്റർ നേടിയിരിക്കണം.

Read More.... ഓരോ പോസ്റ്റിനും 1000 ഡോളർ പിഴ, വിചാരണക്കിടെ കേസിനേക്കുറിച്ചുള്ള പരാമർശം, ട്രംപിന് പിഴയിട്ട് കോടതി

പഠനകാലത്ത് ജോലി ചെയ്യണമെങ്കിൽ  സ്റ്റഡി പെർമിറ്റ് കൈവശം വെക്കണമെന്നും അക്കാദമിക രം​ഗത്തും നിലവാരം പുലർത്തണമെന്നും നിഷ്കർഷിക്കുന്നു. ആഴ്ചയിൽ 28 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് അക്കാദമിക് പ്രകടനത്തിൽ പ്രകടമായ ഇടിവ് അനുഭവപ്പെടുന്നതായി കണ്ടെത്തിയിരുന്നു. കൂടാതെ, ആഴ്ചയിൽ 24 മണിക്കൂറിലധികം ജോലി ചെയ്യുന്നത് വിദ്യാർത്ഥികൾ അവരുടെ കോഴ്സുകളിൽ നിന്ന് പുറത്തുപോകാനുള്ള സാധ്യതയും വർധിപ്പിക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കി. 
 

Latest Videos
Follow Us:
Download App:
  • android
  • ios