49 സ്ത്രീകളെ കൊലപ്പെടുത്തി പന്നികൾക്ക് ഭക്ഷണമായി നൽകി, സീരിയൽ കില്ലർ ജയിലിൽ കൊല്ലപ്പെട്ടു
ഇയാൾ കൊന്നുവെന്ന് അവകാശപ്പെടുന്ന 49 പേരിൽ 33 സ്ത്രീകളുടെ അവശിഷ്ടങ്ങളോ ഡിഎൻഎയോ അദ്ദേഹത്തിൻ്റെ ഫാമിൽ നിന്ന് കണ്ടെത്തി. ഇയാളുടെ ഫാമിൽ നിന്ന് തലയോട്ടികളും കാലുകളും ഉൾപ്പെടെയുള്ള മനുഷ്യാവശിഷ്ടങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
ഒട്ടാവ: കാനഡയെ ഞെട്ടിച്ച സീരിയൽ കില്ലർ വില്ലി പിക്‌ടൺ (റോബർട്ട് പിക്ടണ്‍) ജയിലിൽ കൊല്ലപ്പെട്ടു. മെയ് 19 ന് ക്യൂബെക്കിലെ പോർട്ട്-കാർട്ടിയർ ഇൻസ്റ്റിറ്റ്യൂഷനിൽ നടന്ന ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. 71-ാം വയസ്സിലായിരുന്നു മരണം. റോബർട്ട് പിക്‌ടൺ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്നു. 26 സ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതനായ ഇയാൾ 2007ലാണ് ശിക്ഷിക്കപ്പെട്ടത്.
വാൻകൂവറിലെ പോർട്ട് കോക്വിറ്റ്‌ലാമിൽ പന്നി കർഷകനായിരുന്നു ഇയാൾ. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ഞെട്ടിപ്പിക്കുന്ന അന്വേഷണത്തിനൊടുവിലാണ് ഇയാൾ അമ്പതോളം സ്ത്രീകളെ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. ലൈംഗിക തൊഴിലളികളും മയക്കുമരുന്നിന് അടിമകളുമായിരുന്നു കൊല്ലപ്പെട്ട സ്ത്രീകളിലേറെയും. കൊലപാതകത്തിന് ശേഷം മൃതദേഹം പന്നികൾക്ക് തീറ്റയായി നൽകുകയായിരുന്നു ഇയാളുടെ പതിവ്. 1980 നും 2001 നും ഇടയിൽ വാൻകൂവറിലെ ഡൗണ്ടൗൺ ഈസ്റ്റ്സൈഡ് പരിസരത്ത് നിന്ന് 70 ഓളം സ്ത്രീകളെയാണ് കാണാതായത്. പണവും മയക്കുമരുന്നും വാഗ്ദാനം ചെയ്താണ് ഇയാൾ സ്ത്രീകളെ ക്ഷണിച്ചത്. 2008-ലെ ഗാർഡിയൻ റിപ്പോർട്ട് പ്രകാരം, ഇയാൾ കൊന്നുവെന്ന് അവകാശപ്പെടുന്ന 49 പേരിൽ 33 സ്ത്രീകളുടെ അവശിഷ്ടങ്ങളോ ഡിഎൻഎയോ അദ്ദേഹത്തിൻ്റെ ഫാമിൽ നിന്ന് കണ്ടെത്തി. ഇയാളുടെ ഫാമിൽ നിന്ന് തലയോട്ടികളും കാലുകളും ഉൾപ്പെടെയുള്ള മനുഷ്യാവശിഷ്ടങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
Read More... യുവതിയെ കൊള്ളയടിച്ച് ബൈക്ക് ടാക്സി ഡ്രൈവർ, പിടികൂടാനെത്തിയ പൊലീസിന് നേരെ വെടിവയ്പ്, അറസ്റ്റ്
വിചാരണയ്ക്കിടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇരകളെ കഴുത്ത് ഞെരിച്ച് കൊല്ലുന്നതിനെക്കുറിച്ചും അവരുടെ അവശിഷ്ടങ്ങൾ പന്നികൾക്ക് നൽകുന്നതിനെക്കുറിച്ചും രഹസ്യ ഉദ്യോഗസ്ഥനോട് പറഞ്ഞതും പുറത്തുവന്നിരുന്നു. ഇയാളുടെ ഫാമിൽ നിന്ന് പന്നിയിറച്ചി വാങ്ങിയവരോട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു. വിചാരണ വേളയിൽ റോബർട്ട് പിക്‌ടൺ തൻ്റെ കുറ്റകൃത്യങ്ങൾ നിഷേധിച്ചു. രഹസ്യ ഉദ്യോഗസ്ഥനുമായുള്ള ടേപ്പ് സംഭാഷണത്തിൽ, താൻ ഇതിനകം 49 സ്ത്രീകളെ കൊന്നിട്ടുണ്ടെന്നും 50 ഇരകളുടെ കൊലപാതകമാണ് ലക്ഷ്യമിടുന്നതെന്നും ഇയാൾ പറയുന്നു.