അമിത് ഷാക്കെതിരെ ആരോപണവുമായി കാനഡ, 'സിഖ് വിഘടനവാദികളെ ലക്ഷ്യമിടുന്നത് ആഭ്യന്തര മന്ത്രിയുടെ ഉത്തരവ് പ്രകാരം'

കാനഡയിലെ സിഖ് വിഘടനവാദികളെ ലക്ഷ്യമിടുന്നത് അമിത് ഷായുടെ ഉത്തരവ് പ്രകാരമാണെന്ന റിപ്പോർട്ട് ആദ്യം പ്രസിദ്ധീകരിച്ചത് വാഷിംഗ്ടൺ പോസ്റ്റായിരുന്നു

Canada now alleges Amit Shah behind plot to target Khalistanis

ഒട്ടാവ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ കാനഡയുടെ ഗുരുതര ആരോപണം. കാനഡയിലെ സിഖ് വംശജരയെും വിഘടനവാദികളെയും ലക്ഷ്യമിട്ടുള്ള പ്രചാരണം നടത്തുന്നതിനു പിന്നിൽ അമിത് ഷായാണെന്നാണ ആരോപണവുമായി കാനഡ ഡപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസൺ രംഗത്തെത്തി. കാന‍ഡയിലെ സിഖ് വംശജരെ ലക്ഷ്യമിട്ട് ഇന്ത്യ രഹസ്യാന്വേഷണം നടത്തുന്നതും വിവരങ്ങൾ ശേഖരിക്കുന്നതുമടക്കമുള്ള കാര്യങ്ങൾക്ക് പിന്നിൽ ആഭ്യന്തര മന്ത്രിയുടെ ഉത്തരവാണെന്നാണ് ഡേവിഡ് മോറിസൺ പറയുന്നത്.

'ഖലിസ്ഥാന്‍വാദികള്‍ കാനഡ രാഷ്ട്രീയത്തില്‍ സജീവം, അവരുടെ വോട്ടാണ് ട്രൂഡോയുടെ ലക്ഷ്യം'

അമേരിക്കയിലെ പ്രശസ്ത മാധ്യമമായ വാഷിംഗ്ടൺ പോസിറ്റിനോടാണ് ഡേവിഡ് മോറിസൺ ഇക്കാര്യം പറഞ്ഞത്. കാനഡയിലെ പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടുന്ന ദേശീയ സുരക്ഷാ കമ്മിറ്റിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഡേവിഡ് മോറിസൺ വിവരിച്ചു. കാനഡയിലെ സിഖ് വിഘടനവാദികളെ ലക്ഷ്യമിടുന്നത് അമിത് ഷായുടെ ഉത്തരവ് പ്രകാരമാണെന്ന റിപ്പോർട്ട് ആദ്യം പ്രസിദ്ധീകരിച്ചത് വാഷിംഗ്ടൺ പോസ്റ്റായിരുന്നു. ഈ റിപ്പോർട്ട് തന്നെ ഉദ്ധരിച്ചാണെന്നാണ് ഡേവിഡ് മോറിസൺ ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.

എന്നാൽ അമിത് ഷായുടെ ഏത് ഉത്തരവാണ് എന്നതടക്കമുള്ള കാര്യങ്ങളിൽ ഡേവി‍ഡ് മോറിസൺ വ്യക്തത വരുത്തിയിട്ടില്ല. ഷായാണ്  ഇടപെട്ടതെങ്കിൽ അത് എങ്ങനെയാണ് കാനഡ അറിഞ്ഞതെന്ന കാര്യത്തിലും മോറിസൺ വിശദീകരണം നൽകിയിട്ടില്ല. അതേസമയം കാനഡയുടെ ഇതുവരെയുള്ള എല്ലാ ആരോപണങ്ങളും തള്ളിക്കളഞ്ഞിട്ടുള്ള ഇന്ത്യ, പുതിയ ആരോപണത്തിലും വൈകാതെ മറുപടി നൽകുമെന്നാണ് വ്യക്താകുന്നത്.

2023 ജൂണിൽ കനേഡിയൻ പൗരനായ സിഖ് വംശജൻ ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിനും കാനഡയിലെ ഹൈക്കമീഷണർക്കടക്കം പങ്കുണ്ടെന്ന ആരോപണവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തന്നെ പലവട്ടം രംഗത്തെത്തിയിരുന്നു. ഏറ്റവുമൊടുവിൽ ഇരു രാജ്യങ്ങളും ഹൈക്കമീഷണറടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു. ആരോപണം ഉന്നയിക്കുമ്പോളും തെളിവുകൾ നിരത്താൻ കാന‍ഡക്കും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്കും സാധിച്ചിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios