കാനഡയിലൊരു ജീവിതം സ്വപ്നം കാണുന്നവരാണോ നിങ്ങൾ; എങ്കിൽ സൂക്ഷിക്കുക, പുതിയ നിയമങ്ങൾ തിരിച്ചടിയാകും
ജനസംഖ്യാ വർധനവുണ്ടായിട്ടും കാഡനയുടെ തൊഴിൽ വിപണിയിൽ ഇടിച്ചിലുണ്ടായിരിക്കുകയാണെന്നതും ശ്രദ്ധേയം. 2023 ൻ്റെ അവസാന പാദത്തിൽ തൊഴിലവസരങ്ങൾ 3.6 ശതമാനം കുറഞ്ഞു.
ഒട്ടാവ: രാജ്യത്തെ താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ച് കാനഡ. ചരിത്രത്തിൽ ആദ്യമായിട്ടാണ് കാഡന ഇത്തരമൊരു തീരുമാനമെടുക്കുന്നത്. ഈ സെപ്റ്റംബർ മുതൽ തീരുമാനം നടപ്പാക്കുമെന്ന് ഇമിഗ്രെഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. വിദേശ ജോലിക്കാർക്കും വിദ്യാർഥികൾക്കും തീരുമാമം ബാധകം ബാധകം. കാനഡയിലെ നിരവധി ഇന്ത്യക്കാർക്ക് സർക്കാറിന്റെ പുതിയ നയം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. രാജ്യത്തേക്ക് താൽക്കാലിക വിദേശ തൊഴിലാളികളുടെ വരവ് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായിട്ടാണ് താൽക്കാലിക താമസക്കാരുടെ എണ്ണം കുറക്കുന്നത്.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ താൽക്കാലിക താമസക്കാരുടെ എണ്ണം ജനസംഖ്യയുടെ അഞ്ച് ശതമാനമായി കുറക്കുകയാണ് ലക്ഷ്യം. നിലവിൽ ജനസംഖ്യയുടെ 6.2 ശതമാനമാണ് താൽക്കാലിക താമസക്കാർ (24ലക്ഷം). കാനഡയിലെ പ്രവിശ്യകളുമായുള്ള കൂടിയാലോചനകൾക്ക് ശേഷമായിരിക്കും തീരുമാനം നടപ്പാക്കുക. രാജ്യത്തേക്ക് വിദേശത്തുനിന്നുള്ളവരുടെ അനിയന്ത്രിതമായ വരവ് പാർപ്പിട ദൗർലഭ്യത്തിനും സേവനങ്ങളുടെ വർധിച്ച ആവശ്യത്തിനും കാരണമാകുമെന്നും കരുതുന്നു. അന്താരാഷ്‌ട്ര വിദ്യാർഥികൾക്കായുള്ള പുതിയ പെർമിറ്റുകൾക്ക് പരിധി ഏർപ്പെടുത്തുകയും മെക്‌സിക്കൻ യാത്രക്കാർക്ക് വിസ നിർബന്ധമാക്കുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ നടപടി. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വർധനവ്, കുടിയേറ്റം, അഭയാർഥി പ്രവാഹം തുടങ്ങിയ കാരണങ്ങളാൽ കാനഡയിൽ താൽക്കാലിക താമസക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ.
ജനസംഖ്യാ വർധനവുണ്ടായിട്ടും കാഡനയുടെ തൊഴിൽ വിപണിയിൽ ഇടിച്ചിലുണ്ടായിരിക്കുകയാണെന്നതും ശ്രദ്ധേയം. 2023 ൻ്റെ അവസാന പാദത്തിൽ തൊഴിലവസരങ്ങൾ 3.6 ശതമാനം കുറഞ്ഞു. അതുകൊണ്ടുതന്നെ, താൽക്കാലിക വിദേശ തൊഴിലാളികളെ കൊണ്ടുവരുന്നതിന് മുമ്പ് അഭയാർത്ഥികളെ നിയമിക്കുന്നതിന് മുൻഗണന നൽകണമെന്ന് തൊഴിൽ മന്ത്രി റാണ്ടി ബോയ്‌സോണോൾട്ട് കമ്പനികളോടും സ്ഥാപനങ്ങളോടും അഭ്യർത്ഥിച്ചു. ആരോഗ്യം, നിർമാണം തുടങ്ങിയ മേഖലകളിൽ നിലവിൽ തൊഴിൽ സേനയുടെ 30 ശതമാനം വരെ താൽക്കാലിക വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുവാദമുണ്ട്. എന്നാൽ ഇത് 20 ശതമാനമായി കുറക്കുമെന്നും അദ്ദേഹം പറഞ്ഞു.