മക്കൾക്കും ഭാര്യയ്ക്കുമൊപ്പം നടക്കുന്നതിനിടയിൽ നദിയിൽ വീണ 40കാരനെ മുതല പിടിച്ചു
വെള്ളത്തിൽ നിന്ന് വലിച്ച് കയറ്റാനുള്ള ഭാര്യയുടെ ശ്രമങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെ ഡേവ് ശക്തമായ ഒഴുക്കിൽ ഒലിച്ച് പോവുകയായിരുന്നു. 16 അടിയുള്ള മുതലയിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്
സിഡ്നി: നദിക്കരയിൽ നടക്കുന്നതിനിടെ വെള്ളത്തിൽ വീണ യുവാവിന്റെ ശരീരഭാഗങ്ങൾ കണ്ടെത്തിയത് മുതലയുടെ വയറ്റിൽ നിന്ന്. മൂന്ന് മക്കൾക്കും ഭാര്യയ്ക്കും ഒപ്പം നടക്കാനിറങ്ങിയ ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡ് സ്വദേശിക്കാണ് ദാരുണാന്ത്യം. കുക്ടൌണിലെ അനാൻ നദിയിലാണ് ഡോക്ടർ കൂടിയായ ഡേവ് ഹോഗ്ബിൻ വീണത്. എതിരെ നടന്ന് വന്ന ഒരാൾക്ക് സൈഡ് നൽകുന്നതിനിടയിലാണ് 40കാരനായ ഡേവ് നദിയിലേക്ക് വീണത്.
ഡേവിനെ വെള്ളത്തിൽ നിന്ന് വലിച്ച് കയറ്റാനുള്ള ഭാര്യയുടെ ശ്രമങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെ ഡേവ് ശക്തമായ ഒഴുക്കിൽ ഒലിച്ച് പോവുകയായിരുന്നു. വലിച്ച് കയറ്റാനുള്ള ശ്രമത്തിനിടെ ഭാര്യയും നദിയിലേക്ക് വഴുതി വീഴുന്ന ഘട്ടമായതോടെ കയ്യിലെ പിടി വിടാൻ 40കാൻ ഭാര്യയോടും മക്കളോടും ആവശ്യപ്പെടുകയായിരുന്നു. മക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയവർ ഇയാൾക്കായി നദിയിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
ഇതിന് പിന്നാലെ നദീ തീരത്ത് കണ്ടെത്തിയ മുതലയുടെ പരിസര ഭാഗത്ത് മനുഷ്യന്റെ ശരീരഭാഗങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് 40കാരന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ശനിയാഴ്ചയായിരുന്നു ഡേവിനെ കാണാതായത്. ഭാര്യ ജീനിനും മൂന്ന് പുത്രന്മാർക്കുമൊപ്പമുള്ള അവധി ആഘോഷത്തിനിടയിലാണ് ദാരുണ സംഭവം. പതിനാറ് അടി നീളമുള്ള മുതലയ്ക്കുള്ളിലാണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം