91 വയസ്സാകാന്‍ ഒരാഴ്ച മാത്രം; അറിയാം കൊവിഡ് വാക്‌സിനെടുത്ത ലോകത്തിലെ ആദ്യത്തെ വ്യക്തിയെ

വടക്കന്‍ അയര്‍ലന്‍ഡുകാരിയായ മുത്തശ്ശിക്ക് ചൊവ്വാഴ്ച രാവിലെ സെന്‍ട്രല്‍ ഇംഗ്ലണ്ടിലെ കവന്‍ട്രിയിലെ ആശുപത്രിയില്‍ നിന്നാണ് വാക്‌സിന്‍ കുത്തിവെച്ചത്. അടുത്തയാഴ്ച മാര്‍ഗരറ്റിന് 91 തികയും.
 

British woman Is 1st In World To Get Pfizer Vaccine

ലണ്ടന്‍: ലോകത്തെ ഒരു വര്‍ഷത്തിലേറെയായി മുള്‍മുനയില്‍ നിര്‍ത്തിയ കൊവിഡ് 19നെ അതിജീവിക്കാന്‍ ഏറെ പ്രതീക്ഷയോടെയാണ് വാക്‌സിന്‍ വരുന്നതോടെ ലോകം കാത്തിരിക്കുന്നത്. അന്താരാഷ്ട്ര മരുന്നുകമ്പനിയായ ഫൈസറാണ് വാക്‌സിന്‍ വികസിപ്പിച്ചതില്‍ ഒരടി മുന്നില്‍ നിന്നത്. അവര്‍ വികസിപ്പിച്ച വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് അവകാശപ്പെട്ടതോടെ വാക്‌സിന്‍ ഉപയോഗിക്കാന്‍ ബ്രിട്ടന്‍ രംഗത്തെത്തി. ബ്രിട്ടനില്‍ ഫൈസര്‍ വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിക്കുകയും ചെയ്തു.

പരീക്ഷണത്തിനല്ലാതെ ലോകത്ത് ആദ്യമായി കൊവിഡ് വാക്‌സിന്‍ കുത്തിവെക്കുന്ന വ്യക്തി എന്ന റെക്കോര്‍ഡ് ഇപ്പോള്‍ ബ്രിട്ടനിലെ മാര്‍ഗരറ്റ് കീനന്‍ എന്ന 90കാരിക്കാണ്. വടക്കന്‍ അയര്‍ലന്‍ഡുകാരിയായ മുത്തശ്ശിക്ക് ചൊവ്വാഴ്ച രാവിലെ സെന്‍ട്രല്‍ ഇംഗ്ലണ്ടിലെ കവന്‍ട്രിയിലെ ആശുപത്രിയില്‍ നിന്നാണ് വാക്‌സിന്‍ കുത്തിവെച്ചത്. അടുത്തയാഴ്ച മാര്‍ഗരറ്റിന് 91 തികയും. ഇവര്‍ക്ക് വാക്‌സിന്‍ കുത്തിവെക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. യൂറോപ്പില്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ ആദ്യമായി വാക്‌സിനേഷനെടുക്കുന്ന രാജ്യമാണ് ബ്രിട്ടന്‍.

കൊവിഡിനെതിരെ വാക്‌സിനെടുത്ത ആദ്യ വ്യക്തി എന്നത് അഭിമാനമായി തോന്നുന്നുവെന്ന് മാര്‍ഗരറ്റ് കീനന്‍ പറഞ്ഞു. മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ഫിലിപ്പൈന്‍ സ്വദേശിയായ നഴ്‌സാണ് വാക്‌സിന്‍ നല്‍കിയത്. ഈ വര്‍ഷം മുഴുവന്‍ വീടിനുള്ളില്‍ കഴിഞ്ഞ എനിക്ക് പുതുവര്‍ഷം കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ചെലവഴിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.

മാഗി എന്ന് സുഹൃത്തുക്കള്‍ വിളിക്കുന്ന മാര്‍ഗരറ്റ് ജ്വല്ലറി ഷോപ്പ് അസിസ്റ്റന്റായി ജോലി നോക്കുകയായിരുന്നു. 86 വയസ്സുവരെ ജോലി ചെയ്ത മാര്‍ഗരറ്റ് നാല് വര്‍ഷം മുമ്പാണ് റിട്ടയര്‍ ചെയ്തത്. ഒരു മകനും മകളും നാല് പേരക്കുട്ടികളുമാണ് മാര്‍ഗരറ്റ് കീനനുള്ളത്.
 

Latest Videos
Follow Us:
Download App:
  • android
  • ios