തകർക്കാനുള്ള ജോലികൾ പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിതമായി പാലം നദിയിലേക്ക് കൂപ്പുകുത്തി, 3 പേർക്ക് ദാരുണാന്ത്യം
പാലം തകർക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെ 40 അടിയോളം താഴ്ചയിലേക്ക് പതിച്ച് കൂറ്റൻ പാലം. പാലത്തിൽ ജോലികൾ ചെയ്തിരുന്നവർ യന്ത്ര സാമഗ്രഹികളോടൊപ്പം നദിയിലേക്ക് പതിച്ചു.
മിസിസിപ്പി: അറ്റകുറ്റപണികൾക്കായി അടച്ച പാലം തകർന്നു. തൊഴിലാളികൾ നദിയിലേക്ക്, മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്ക്. അമേരിക്കയിലെ മിസിസിപ്പിയിലെ സ്ട്രോംഗ് നദിക്ക് മുകളിലൂടെയുള്ള പാലമാണ് ബുധനാഴ്ച തകർന്നത്. ജാക്സണിൽ നിന്ന് 40 മൈൽ അകലെയാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്.
പാലത്തിലെ തകരാറുകൾ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ സെപ്തംബർ 18 മുതൽ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചിരുന്നു. പാലം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായായിരുന്നു ഇത്. മിസിസിപ്പി ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ നേതൃത്വത്തിലായിരുന്നു പാലം പുനസ്ഥാപിക്കൽ പണികൾ നടന്നിരുന്നത്. സിംപ്സൺ കൌണ്ടിയിലെ സംസ്ഥാന പാത 149ന്റെ ഭാഗമായിരുന്നു ഈ പാലം. പാലം തകർത്ത് പുതിയത് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി പാലം നദിയിലേക്ക് തകർന്ന് വീണത്. സംഭവ സമയത്ത് പാലത്തിലെ ജോലികൾ ചെയ്തിരുന്നവരാണ് അപകടത്തിപ്പെട്ടത്. പാലത്തിന്റെ അവശിഷ്ടങ്ങളിലേക്ക് വീണ തൊഴിലാളികൾക്കാണ് ഗുരുതരമായി പരിക്കേറ്റത്.
പാലം തകർക്കൽ നടപടി പൂർത്തിയാകും മുൻപുള്ള അപകടം ആശങ്കയുണ്ടാക്കുന്നതെന്നാണ് അമേരിക്കൻ ട്രാൻസ്പോർട്ടേഷൻ സെക്രട്ടറി പീറ്റ് ബട്ടീഗീഗ് സംഭവത്തേക്കുറിച്ച് പറയുന്നത്. ഏഴിലേറെ തൊഴിലാളികളും ഇവർ പ്രവർത്തിപ്പിച്ചിരുന്ന ആയുധങ്ങളുമാണ് നദിയിലേക്ക് പതിച്ചത്. 40 അടിയോളം താഴ്ചയിലേക്കാണ് ആളുകളും പണിയായുധങ്ങളും പതിച്ചത്. പരിക്കേറ്റവരുടേയും അപകടത്തിൽ കൊല്ലപ്പെട്ടവരുടേയും വിവരം ഇനിയും ലഭ്യമായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം