അങ്ങ് ദൂരെ, ദക്ഷിണാഫ്രിക്കയിൽ നിന്നും ചന്ദ്രയാന് കൈയ്യടി; ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യക്ക് അനുമോദനം, ആശംസ
ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റാമഫോസ, ബ്രസീൽ പ്രസിഡന്‍റ് ലുല ഡ സിൽവ എന്നിവർ അനുമോദനം നേരിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കുകയായിരുന്നു
ജൊഹന്നാസ്ബെർഗ്: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 ന് ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലും കൈയ്യടി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ചന്ദ്രയാൻ 3 ന്‍റെ സോഫ്റ്റ് ലാൻഡിംഗിനിടെയാണ് ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് ബ്രിക്ക്സ് ഉച്ചകോടിയിൽ ആശംസയും അനുമോദനവും ലഭിച്ചത്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റാമഫോസ, ബ്രസീൽ പ്രസിഡന്‍റ് ലുല ഡ സിൽവ എന്നിവർ അനുമോദനം നേരിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കുകയായിരുന്നു.
ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കാനായതിന്‍റെ സന്തേഷം പങ്കിട്ട് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തുകയും ചെയ്തു. വൈകിട്ട് 5.45ന് തുടങ്ങിയ ചന്ദ്രയാൻ 3 ന്‍റെ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയതോടെ ഇന്ത്യക്ക് അഭിമാന നേട്ടം സ്വന്തമായെന്ന് അദ്ദേഹം വിവരിച്ചു. ദക്ഷിണാഫ്രിക്കിയിൽ ഉച്ചകോടിയിൽ പങ്കെടുക്കുന്ന മോദി ചന്ദ്രയാൻ 3 ന്‍റെ അഭിമാന നേട്ടത്തിൽ ഐ എസ് ആർ ഒ ഉദ്യോഗസ്ഥരെ വീഡിയോ കോൺഫറൻസ് വഴി അഭിനന്ദനം അറിയിക്കുകയും ചെയ്തു.
ചന്ദ്രനോളം അഭിമാനം, ചരിത്ര നിമിഷം; ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രോപരിതലം തൊട്ടു
ഈ നിമിഷം പുതിയ ഇന്ത്യയുടെ ജയഘോഷത്തിന്‍റേതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അമൃത് കാലത്തിന്റെ ആദ്യ നേട്ടമെന്നും മോദി കൂട്ടിച്ചേർത്തു. ഭൂമിയിൽ സ്വപ്നം കണ്ട്, ചന്ദ്രനിൽ നടപ്പാക്കിയെന്നും ബഹിരകാശത്തു പുതിയ ഇന്ത്യയുടെ പറക്കലാണ് ചന്ദ്രയാൻ 3 ന്‍റെ വിജയമെന്നും അദ്ദേഹം വിവരിച്ചു. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുമ്പോഴും തന്‍റെ മനസ്സ് ചന്ദ്രയാനെ ഉറ്റുനോക്കുകയായിരുന്നുവെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു.
അതേസമയം വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകൾ കൊണ്ടാണ് പൂർത്തിയാക്കിയത്. ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്. ബെംഗളൂരുവിലെ ഐ എസ് ആർ ഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ് വര്‍ക്കിലെ മിഷൻ ഓപ്പറേഷൻസ് കോപ്ലക്സ് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം. ചന്ദ്രയാൻ രണ്ട് ഓർബിറ്റർ വഴിയാണ് ഭൂമിയിൽ നിന്നുള്ള സിഗ്നലുകൾ ലാൻഡറിലേക്ക് എത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം