പ്രളയക്കെടുതി, ബ്രസീലിൽ ജീവൻ നഷ്ടമായത് 75 പേർക്ക്, കാണാതായത് നൂറിലേറെ പേരെ, വെള്ളത്തിനടിയിലായി പ്രധാന നഗരങ്ങൾ
റോഡുകൾ പലതും തകർന്ന അവസ്ഥയിലാണ്. പലയിടങ്ങളിലും വൈദ്യുതിയും ശുദ്ധജല ക്ഷാമവും രൂക്ഷമാണ്
റിയോ: അപ്രതീക്ഷിത മഴയ്ക്ക് പിന്നാലെയുണ്ടായ പ്രളയത്തിൽ ബ്രസീലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 75ായി. ബ്രസീലിലെ തെക്കൻ മേഖലയായ റിയോ ഗ്രാൻഡേ ദോ സൂളിലാണ് പ്രളയക്കെടുതി രൂക്ഷമായത്. നൂറിലേറെപ്പേരെയാണ് ഇവിടെ കാണാതായിട്ടുള്ളതെന്നാണ് അധികൃതർ വിശദമാക്കുന്നത്. 80000 പേരെയാണ് വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിക്കേണ്ടി വന്നിട്ടുള്ളത്. സംസ്ഥാനത്തെ ആകെ അപ്രതീക്ഷിത പ്രളയം സാരമായി ബാധിച്ചിട്ടുണ്ട്. ഉറുഗ്വ, അർജന്റീന അതിർത്തിയിലാണ് ഈ പ്രദേശം.
ബ്രസീൽ പ്രസിഡന്റ് ലുല ഡി സിൽവ ഞായറാഴ്ച പ്രളയ ബാധിത മേഖലയിൽ സന്ദർശനം നടത്തി. ക്യാബിനറ്റ് മെമ്പർമാർക്കൊപ്പമായിരുന്നു ഈ സന്ദർശനം. രക്ഷാ പ്രവർത്തനവും പുനർ നിർമ്മാണ പ്രവർത്തനങ്ങളും സംഘം വിലയിരുത്തി. വെള്ളപ്പൊക്കത്തിൽ നിന്നും മണ്ണിടിച്ചിലും നിന്ന് ആളുകളെ രക്ഷപ്പെടുത്താനുള്ള നിരന്തര ശ്രമത്തിലാണ് രക്ഷാപ്രവർത്തകരുള്ളത്. പലയിടങ്ങളിലും അരയോളം വെള്ളത്തിലും ഫോർ വീൽ ഡ്രൈവ് വാഹനങ്ങളും ജെറ്റ് സ്കീ അടക്കമുള്ളവയും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തകർ പല മേഖലകളിലും എത്തുന്നത്.
497 നഗരങ്ങളാണ് പ്രളയ ബാധിതമായിട്ടുള്ളത്. റോഡുകൾ പലതും തകർന്ന അവസ്ഥയിലാണ്. പലയിടങ്ങളിലും വൈദ്യുതിയും ശുദ്ധജല ക്ഷാമവും രൂക്ഷമാണ്. ബ്രസീലിലെ പ്രതിരോധ സേനയുടെ കണക്കുകളുടെ അടിസ്ഥാനത്തിൽ ഒരു മില്യൺ ആളുകളാണ് പ്രളയത്തിന് പിന്നാലെ ശുദ്ധ ജല ക്ഷാമം നേരിടുന്നത്. പ്രളയത്തിനിടെ വ്യാഴാഴ്ച മേഖലയിലെ ജലവൈദ്യുത പദ്ധതിക്കായി തയ്യാറാക്കിയ ചെറുഅണക്കെട്ട് തകർന്നത് പ്രളയ മേഖലകളിൽ ദുരിതം വർധിക്കാൻ കാരണമായിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാനപ്പെട്ട രണ്ട് നഗരങ്ങളാണ് പൂർണമായി മുങ്ങിയ നിലയിലുള്ളത്. പ്രളയം പൊതു ദുരന്തം ആയി പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രസീൽ സർക്കാർ.
സാധാരണയിൽ അധികം ചൂടും ഈർപ്പം നിറഞ്ഞ അന്തരീക്ഷവും ശക്തമായ കാറ്റുമാണ് രൂക്ഷമായ മഴയിലേക്ക് ബ്രസീലിനെ എത്തിച്ചതെന്നാണ് കാലാവസ്ഥാ വിദഗ്ധർ വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം