ട്രംപ് അന്ന് ചെയ്തത് ബൈഡൻ ചെയ്യില്ല! വൈറ്റ്ഹൗസിൽ നിന്നും അറിയിപ്പ് എത്തി; ട്രംപുമായുള്ള കൂടിക്കാഴ്ച മറ്റന്നാൾ

പ്രഥമ വനിത ജിൽ ബൈഡനുമായി കൂടിക്കാഴ്ച നടത്താൻ അടുത്ത പ്രഥമ വനിതയാകാനിരിക്കുന്ന മെലാനിയ ട്രംപിനെയും വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിട്ടുണ്ട്

Biden Trump to meet at White House on Wednesday

ന്യൂയോർക്ക്‌: നിയുക്ത പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി ബുധനാഴ്ച ഓവൽ ഓഫീസിൽ പ്രസിഡൻ്റ് ജോ ബൈഡൻ കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പ്രസിഡൻ്റ് ബൈഡൻ്റെ ക്ഷണപ്രകാരം ഇരുവരും രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി പ്രസ്താവനയിലൂടെ അറിയിച്ചു, കൂടിക്കാഴ്ചയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കൂട്ടിച്ചേർത്തു.

പ്രഥമ വനിത ജിൽ ബൈഡനുമായി കൂടിക്കാഴ്ച നടത്താൻ അടുത്ത പ്രഥമ വനിതയാകാനിരിക്കുന്ന മെലാനിയ ട്രംപിനെയും വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അധികാര കൈമാറ്റത്തിനു മുന്നോടിയായി നിലവിലെ പ്രസിഡന്റും നിയുക്ത പ്രസിഡന്റും തമ്മില്‍ വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തുന്നത് സാധാരണമാണ്. നാല് വര്‍ഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ ബൈഡന്‍ പരാജയപ്പെടുത്തിയ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്നു ട്രംപ്. അന്ന് പരാജയം സമ്മതിക്കാതെ, അധികാരം കൈമാറാന്‍ ട്രംപ് വിസമ്മതിച്ചിരുന്നു.

അധികാര കൈമാറ്റത്തിന് മുമ്പ് ബൈഡനെ പ്രസിഡന്റായിരുന്ന ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കാതെ പതിവു തെറ്റിച്ചിരുന്നു. വലിയ തോതിൽ പ്രതിഷേധങ്ങൾ ഉയരുകയും ഒടുവിൽ 2021 ജനുവരി 6 ലെ ക്യാപിറ്റോള്‍ കലാപത്തിനും കാരണമായിരുന്നു. എന്നാൽ ബൈഡൻ പതിവ് തുടരാൻ തീരുമാനിക്കുകയായിരുന്നു. ഇത് പ്രകാരമാണ് പ്രസിഡൻ്റ് ജോ ബൈഡൻ ബുധനാഴ്ച കൂടിക്കാഴ്ചക്കായി ട്രംപിനെ ക്ഷണിച്ചത്.

അതേസമയം അമേരിക്കൻ തിരഞ്ഞെടുപ്പിന്‍റെ അന്തിമ ഫലം ഇന്നലെയാണ് പുറത്തുവന്നത്. അരിസോണയിലെ ഫല പ്രഖ്യാപനം കൂടി പൂർത്തിയായതോടെയാണ് അന്തിമ ചിത്രം തെളിഞ്ഞത്. അരിസോണയും ട്രംപിന് തകർപ്പൻ ജയമാണ് കരുതിവച്ചിരുന്നത്. അരിസോണയിലെ അന്തിമ ഫലം കൂടി വന്നതോടെ, ട്രംപിന് മൊത്തം 312 ഇലക്ടറൽ വോട്ടുകളായി. കമല ഹാരിസനാകട്ടെ 226 ഇലക്ട്രൽ വോട്ടുകൾ മാത്രമാണ് മൊത്തത്തിൽ നേടാനായത്.

ട്രംപിന് പുഞ്ചിരി, കമലക്ക് അവസാന പ്രഹരം, അരിസോണയിലെ അന്തിമ ഫലവും പുറത്തുവന്നതോടെ ട്രംപിന് 312 വോട്ട്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios