അണയാതെ വിദ്യാർഥി പ്രതിഷേധം, മരണം ഒമ്പതായി, ബം​ഗ്ലാദേശിൽ ഇന്റർനെറ്റ് നിരോധിച്ചു, ഇന്ത്യക്കാർക്കും മുന്നറിയിപ്പ്

1971 ലെ ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച യുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം സംവരണത്തിനെതിരെയാണ് വിദ്യാർത്ഥി പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.

Bangladesh shutdowns mobile internet amid Student protest

ധാക്ക: വിദ്യാർഥി പ്രക്ഷോഭം വ്യാപിക്കുന്നതിനിടെ ബം​ഗ്ലാദേശിൽ ഇന്റർനെറ്റ് രാജ്യവ്യാപകമായി റദ്ദാക്കി. പ്രക്ഷോഭത്തിൽ ഇതുവരെ 9 പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് രാജ്യവ്യാപകമായി മൊബൈൽ ഇൻ്റർനെറ്റ് നെറ്റ്‌വർക്ക് റദ്ദാക്കാൻ ഉത്തരവിട്ടതായി രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ സഹമന്ത്രി പറഞ്ഞു. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബംഗ്ലാദേശിലെ ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. വീടിനുള്ളിൽ തന്നെ തുടരാനും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും ആവശ്യപ്പെട്ടു. അടിയന്തര സഹായം ആവശ്യമുണ്ടെങ്കിൽ ഹൈക്കമ്മീഷനിൽ നിന്നോ അസിസ്റ്റൻ്റ് ഹൈക്കമ്മീഷനുകളിൽ നിന്നോ സഹായം തേടാനും എംബസി നിർദ്ദേശിച്ചിട്ടുണ്ട്. 

1971 ലെ ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച യുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം സംവരണത്തിനെതിരെയാണ് വിദ്യാർത്ഥി പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഇതുവരെ ഒമ്പത് പേർ മരിച്ചു. തലസ്ഥാനമായ ധാക്കയിലും തെക്കുകിഴക്കൻ നഗരമായ ചാട്ടോഗ്രാമിലും വടക്കൻ നഗരമായ രംഗ്‌പൂരിലുമാണ് അക്രമമുണ്ടായത്. പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. മരിച്ചവരിൽ മൂന്ന് പേർ വിദ്യാർത്ഥികളാണ്. സംവരണം വിവേചനപരമാണെന്നും മെറിറ്റ് അധിഷ്‌ഠിത സംവിധാനം കൊണ്ടുവരണമെന്നുമാണ് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുടെ ആവശ്യം. അന്ന് പോരാട്ടത്തിന് നേതൃത്വം നൽകിയ, നിലവിൽ ഭരണത്തിലുള്ള അവാമി ലീഗിന്‍റെയും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെയും അനുയായികൾക്കാണ് സംവരണത്തിന്റെ പ്രയോജനം ലഭിക്കുന്നതെന്ന് പ്രതിഷേധക്കാർ പറയുന്നു. 

Read More... 'പൊലീസിനാകെ അപമാനം'; ഇന്ത്യൻ വിദ്യാർഥിനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിച്ചിരിച്ച യുഎസ് പൊലീസ് ഓഫീസറെ പിരിച്ചുവിട്ടു

ധാക്ക സർവകലാശാലയിൽ ജൂലൈ 15 നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. 100 ലധികം വിദ്യാർത്ഥികൾക്ക് അന്ന് പരിക്കേറ്റതായി പൊലീസ് പറഞ്ഞു. ധാക്കയ്ക്ക് പുറത്തുള്ള സവാറിലെ ജഹാംഗീർ നഗർ സർവകലാശാലയിലേക്ക് ഒറ്റ രാത്രി കൊണ്ട് പ്രതിഷേധം വ്യാപിച്ചു. അതേസമയം സംവരണത്തെ അനുകൂലിച്ച് ഷെയ്ഖ് ഹസീന രംഗത്തെത്തി. സ്വാതന്ത്ര്യ സമര സേനാനികൾ എന്ന് അറിയപ്പെടുന്ന വിമുക്ത ഭടന്മാർക്ക്, അവരുടെ നിലവിലെ രാഷ്ട്രീയ ബന്ധം പരിഗണിക്കാതെ തന്നെ 1971 ലെ ത്യാഗത്തിന് ഏറ്റവും ഉയർന്ന ബഹുമാനം ലഭിക്കണം. സ്വന്തം ജീവിതത്തെക്കുറിച്ചുള്ള സ്വപ്നം ഉപേക്ഷിച്ച്, കുടുംബത്തെയും മാതാപിതാക്കളെയും എല്ലാം ഉപേക്ഷിച്ച് യുദ്ധത്തിൽ പങ്കെടുത്തവരാണ് അവരെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. 

Asianet News Live

 

Latest Videos
Follow Us:
Download App:
  • android
  • ios