നാല് കിലോ മനുഷ്യമാംസം സെപ്റ്റിക് ടാങ്കിൽ കണ്ടെടുത്തു; ബംഗ്ലാദേശ് എംപിയുടെ കൊലപാതകത്തിൽ നിർണായക തെളിവ്
ചൊവ്വാഴ്ച കണ്ടെത്തിയ അവശിഷ്ടം മനുഷ്യൻ്റെ മാംസമാണെന്ന് കരുതുന്നതായും അസിമിന്റേതാണെന്ന് തെളിയിക്കാൻ ഫോറൻസിക് പരിശോധന വേണമെന്നും പൊലീസ് അറിയിച്ചു.
കൊൽക്കത്ത: കൊല്ലപ്പെട്ട ബംഗ്ലാദേശ് എംപി അൻവർ അസിം അനാറിൻ്റെ കൊലപാതകത്തിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. ശരീരഭാഗങ്ങൾക്കായി ആറ് ദിവസത്തോളം നീണ്ട തിരച്ചിലിനൊടുവിൽ ന്യൂ ടൗൺ ഹൗസിംഗ് കോംപ്ലക്സിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് നാല് കിലോ മാംസം കണ്ടെത്തി. കണ്ടെടുത്ത അവശിഷ്ടം പൊലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ചൊവ്വാഴ്‌ച കണ്ടെത്തിയ അവശിഷ്ടം മനുഷ്യൻ്റെ മാംസമാണെന്ന് കരുതുന്നതായും അസിമിന്റേതാണെന്ന് തെളിയിക്കാൻ ഫോറൻസിക് പരിശോധന വേണമെന്നും പൊലീസ് അറിയിച്ചു. കൊലപ്പെടുത്തിയ ശേഷം തൊലിയുരിച്ച് മാംസം വേർപ്പെടുത്തി ഉപേക്ഷിച്ചെന്നാണ് പൊലീസ് നിഗമനം,
ബാഗ്‌ജോല കനാലിൽ ശരീരഭാഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ഫലം കാണാത്തതിനെ തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ
ഫ്ലാറ്റ് സമുച്ചയത്തിൽ തിരച്ചിൽ നടത്തിയത്. സിഐഡി അറസ്റ്റ് ചെയ്ത ബംഗ്ലാദേശി പൗരൻ ജിഹാദ് ഹൗലാദറിനെ നാല് മണിക്കൂറിലേറെ ചോദ്യം ചെയ്തതിന് ശേഷം സെപ്റ്റിക് ടാങ്ക് പരിശോധിക്കാൻ സിഐഡി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. അസിമിൻ്റെ മൃതദേഹം സംസ്‌കരിക്കാനാണ് ജിഹാദിനെ കൊലപാതകികൾ മുംബൈയിൽ നിന്ന് കൊൽക്കത്തയിൽ എത്തിച്ചത്. കോംപ്ലക്‌സിന് സമീപമുള്ള ജലാശയത്തിലും കനാലിലും തിരയാനാണ് ആദ്യം ബംഗ്ലാദേശ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്.
ഫ്‌ളാറ്റിൽ നിന്ന് കണ്ടെത്തിയ രക്തത്തിൻ്റെ ഡിഎൻഎ പരിശോധന നടത്തി ബംഗ്ലാദേശ് എംപിയുടെ ബന്ധുക്കളുടെ ഫലവുമായി പൊരുത്തപ്പെടുന്ന കാര്യം ബംഗ്ലാദേശ് പോലീസ് പരിഗണിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. കത്തികളും വെട്ടുകത്തികളും വീണ്ടെടുക്കാനും അവ എവിടെ നിന്നാണ് വാങ്ങിയതെന്ന് തെളിയിക്കാനും ശ്രമം തുടരുകയാണ്. ഇതിന്റെ ഭാഗമായി ധാക്ക മെട്രോപൊളിറ്റൻ പോലീസ് ചൊവ്വാഴ്ച ന്യൂ ടൗണിലെ ഒരു ഷോപ്പിംഗ് മാളിൽ പരിശോധന നടത്തി. പ്രതിയായ അമാനുല്ല അമൻ എന്ന ഷിമുൽ ഭുയാനാണ് ആയുധം വാങ്ങിയത്.
Read More... 10 വയസുകാരിയെ പീഡിപ്പിച്ച കേസ്; കമ്മൽ വിറ്റ ജ്വല്ലറിയിൽ നാളെ തെളിവെടുപ്പ്, പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
അസിമിനെതിരെ നേരത്തെ രണ്ട് തവണ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും കൊലയാളികൾ എംപിയെ ഏറെ നാളായി പിന്തുടരുന്നുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ അസിം മൂന്ന് തവണ കൊൽക്കത്ത സന്ദർശിച്ചു. ഓരോ തവണയും കൊലയാളികൾ കൊൽക്കത്തയിലേക്ക് എത്തിയതായി പൊലീസ് പറഞ്ഞു. പ്രധാന സൂത്രധാരൻ അക്തറുസ്സമാൻ എന്ന ഷഹീനും കൊൽക്കത്തയിലെത്തിയിരുന്നു.