ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ മോചിതയായി; പ്രസിഡന്‍റ് ഉത്തരവിട്ടത് ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് ശേഷം
"അവർ മോചിതയായിരിക്കുന്നു" എന്നാണ് ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബിഎൻപി) വക്താവ് പറഞ്ഞത്
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയെ മോചിപ്പിച്ചു. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജിവെച്ച് രാജ്യം വിട്ടതിന് പിന്നാലെയാണ് നടപടി. ബംഗ്ലദേശ് പ്രസിഡന്‍റ് മുഹമ്മദ് ഷഹാബുദ്ദീൻ ആണ് മോചനത്തിന് ഉത്തരവിട്ടത്.
"അവർ മോചിതയായിരിക്കുന്നു" എന്നാണ് ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബിഎൻപി) വക്താവ് എ കെ എം വഹിദുസ്സമാൻ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞത്. പ്രതിപക്ഷ നേതാവും ബംഗ്ലാദേശ് നാഷണൽ പാർട്ടി ചെയർപേഴ്സണുമായ ഖാലിദ സിയയെ ഏകകണ്ഠമായി മോചിപ്പിക്കാൻ തീരുമാനിച്ചു എന്നാണ് കഴിഞ്ഞ ദിവസം പ്രസിഡന്‍റിന്‍റെ ഓഫീസ് അറിയിച്ചത്. കരസേനാ മേധാവി ജനറൽ വക്കർ-ഉസ്-സമാൻ, നാവിക, വ്യോമസേനാ മേധാവികൾ, ബിഎൻപി, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെ ഉന്നത നേതാക്കൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് മോചനത്തിന് തീരുമാനമെടുത്തത്.
വിദ്യാർത്ഥി സമരത്തിനിടെ അറസ്റ്റിലായ മുഴുവൻ ആളുകളെയും മോചിപ്പിക്കാനും യോഗം തീരുമാനിച്ചതായി പ്രസ്താവനയിൽ അറിയിച്ചു. 78 കാരിയായ ഖാലിദ സിയക്ക് 2018 ലാണ് അഴിമതി കേസിൽ 17 വർഷത്തെ തടവുശിക്ഷ വിധിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ബംഗ്ലാദേശ് രാഷ്ട്രപിതാവായ ഷേഖ് മുജീബ് റഹ്മാന്റെ മകള്‍ ഷേഖ് ഹസീനയും മുന്‍ പട്ടാള ജനറലും ബംഗ്ലാദേശ് പ്രസിഡന്റുമായിരുന്ന ജനറല്‍ സിയാ ഉര്‍ റഹ്മാന്റെ ഭാര്യ ഖാലിദ സിയയും തമ്മിലെ പോരാട്ടമായിരുന്നു കുറേക്കാലമായി ബംഗ്ലാദേശ് രാഷ്ട്രീയം. മുജീബ് റഹ്മാനും സിയാവുര്‍ റഹ്മാനും ബംഗ്ലാദേശ് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. സ്വാത്രന്ത്യത്തിനു ശേഷം ഇരുവരും ശത്രുക്കളായി.
മുജീബുര്‍ റഹ്മാന്റെ പാര്‍ട്ടിയായ അവാമി ലീഗ് രാജ്യത്തെ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ നട്ടെല്ലായിരുന്നു. പാര്‍ട്ടിയില്‍ നിന്നും വിട്ടു പോയ ശേഷം, പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചടക്കിയശേഷം സിയ ഉര്‍ റഹ്മാന്‍ രൂപവല്‍കരിച്ച പാര്‍ട്ടിയാണ് ബി എന്‍ പി. കുറേ കാലമായി, ഈ രണ്ടു പാര്‍ട്ടികള്‍ മാറിമാറി ഭരിക്കുകയായിരുന്നു ബംഗ്ലാദേശ്. എന്നാല്‍, നാലു തവണയായി ബിഎന്‍പി അധികാരത്തില്‍നിന്ന് പുറത്താണ്. അധികാരം ഷേഖ് ഹസീനയുടെ കൈപ്പിടിയിലായതോടെ ഖാലിദ സിയ വീട്ടുതടങ്കലിലാവുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം