കുരങ്ങന്മാരെ കാണാനെത്തിയ സഞ്ചാരികളുടെ മേൽ വീണത് വൻ വൃക്ഷം, ബാലിയിൽ വിനോദസഞ്ചാരികൾക്ക് ദാരുണാന്ത്യം
പത്തിലേറെ സഞ്ചാരികളാണ് വൻ വൃക്ഷം നടപ്പാതയിലേക്ക് വീഴുമ്പോൾ ഉബുദ് മങ്കി ഫോറസ്റ്റിലുണ്ടായിരുന്നത്. മരം വീഴുന്നത് കണ്ട് വിനോദ സഞ്ചാരികൾ ജീവനുംകൊണ്ട് ഓടുന്ന ദൃശ്യങ്ങളാണ് ഇതിനോടകം പുറത്ത് വന്നിട്ടുള്ളത്
ഉബുദ്: ബാലിയിലെ പ്രധാന വിനോദ സഞ്ചാരികേന്ദ്രങ്ങളിലൊന്നായ ഉബുദ് മങ്കി ഫോറസ്റ്റിൽ മരം വീണ് രണ്ട് വിനോദ സഞ്ചാരികൾക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. മക്കാവു ഇനത്തിലുള്ള കുരങ്ങന്മാർ യഥേഷ്ടം വിഹരിക്കുന്ന ഇടമാണ് ഉബുദിലെ സേക്രട്ട് മങ്കി ഫോറസ്റ്. വിനോദ സഞ്ചാരികൾക്ക് കുരങ്ങന്മാരെ അടുത്ത് കാണാനും കുരങ്ങന്മാർക്ക് ഭക്ഷണം നൽകാനും സൌകര്യമുള്ള ഇവിടേക്ക് നിരവധി വിനോദ സഞ്ചാരികളാണ് എത്താറുള്ളത്.
സംരക്ഷിത വനമേഖലയിലെ ക്ഷേത്രങ്ങളിൽ കുരങ്ങന്മാരുടെ താവളമാണ്. ചൊവ്വാഴ്ച നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ ഇതിനോടം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. പത്തിലേറെ സഞ്ചാരികളാണ് വൻ വൃക്ഷം നടപ്പാതയിലേക്ക് വീഴുമ്പോൾ ഇവിടെയുണ്ടായിരുന്നത്. മരം വീഴുന്നത് കണ്ട് വിനോദ സഞ്ചാരികൾ ജീവനുംകൊണ്ട് ഓടുന്ന ദൃശ്യങ്ങളാണ് ഇതിനോടകം പുറത്ത് വന്നിട്ടുള്ളത്. ആളുകൾ ഭയന്ന് നിലവിളിക്കുന്നതും വീഡിയോയിൽ കാണാനാവും.
ഫ്രാൻസിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നുമുള്ള വിനോദസഞ്ചാരികളാണ് അപകടത്തിൽ മരിച്ചത്. സംഭവത്തിൽ പരിക്കേറ്റവർ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിന് തൊട്ട് പിന്നാലെ തന്നെ മങ്കി ഫോറസ്റ്റിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തതിനാൽ വലിയ രീതിയിലേക്ക് ആൾനാശമുണ്ടായില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഒരു ദിവസം മുൻപ് മേഖലയിൽ കനത്ത മഴയും കാറ്റുമുണ്ടായിരുന്നു. വനിതാ വിനോദ സഞ്ചാരികൾക്കാണ് അപകടത്തിൽ പരിക്കേറ്റിട്ടുള്ളത്. നിരവധി സഞ്ചാരികൾ ഇവിടേക്ക് എത്തുന്ന സമയത്തായിരുന്നു അപകടം. അപകടത്തിന് പിന്നാലെ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. 32, 42 വയസുള്ളവരാണ് അപകടത്തിൽ മരിച്ചിട്ടുള്ളത്. പടുകൂറ്റൻ മരമാണ് വിനോദ സഞ്ചാരികൾക്ക് മേലെ വീണത്. ഉന്തുവണ്ടിയിൽ കുട്ടികൾ അടക്കമുള്ള വിനോദ സഞ്ചാരികൾ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം