ഭാര്യയുമായുള്ള വഴക്കിനിടെ കൈയിലിരുന്ന കുഞ്ഞ് അബദ്ധത്തിൽ ജനലിലൂടെ താഴേക്ക് വീണു; ആശുപത്രിയിലെത്തിയെങ്കിലും മരണം
കുഞ്ഞ് താഴെ വീണ ഉടൻ തന്നെ അമ്മയും അച്ഛനും ആറാം നിലയിൽ നിന്ന് ഓടി താഴെയെത്തി. ഇരുവരും ചേർന്ന് എത്രയും വേഗം ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല.
ബെയ്ജിങ്: ആറ് മാസം മാസം പ്രായമുള്ള കുഞ്ഞ് അബദ്ധത്തിൽ ജനലിലൂടെ താഴേക്ക് വീണ് മരിച്ച സംഭവത്തിൽ യുവാവിന് നാല് വർഷം തടവ്. ചൈനയിലെ സിൻജിയാങ് ഉയ്ഗൂർ പ്രവിശ്യലാണ് സംഭവമെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. മരിച്ച കുഞ്ഞിന്റെ അച്ഛനാണ് ജയിലിലായത്. സംഭവ സമയത്ത് ഇയാൾ മദ്യ ലഹരിയിലായിരുന്നു.
ആറാം നിലയിലെ ജനലിൽ നിന്നാണ് കുഞ്ഞ് താഴേക്ക് വീണത്. ഉടൻ ഓടിയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ വിചാരണ പൂർത്തിയാക്കിയ കോടതി യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചു. സംഭവ ദിവസം വൈകുന്നേരം ഭക്ഷണം കഴിക്കാൻ യുവാവ് ഭാര്യയെയും മകളെയും കൂട്ടി പുറത്തുപോയിരുന്നു. മദ്യപിച്ചാണ് യുവാവ് മടങ്ങിയെത്തിയത്.
വീട്ടിലെത്തിയ ശേഷം കരയുന്ന കുഞ്ഞിനെ യുവാവിനെ ഏൽപ്പിച്ചിട്ട് ഭാര്യ, വീട്ടുജോലികൾ ചെയ്യാൻ തുടങ്ങി. എന്നാൽ കുഞ്ഞ് കരഞ്ഞിട്ടും ഇയാൾ ശ്രദ്ധിക്കാത്തതിനെച്ചൊല്ലി ഭാര്യ ബഹളമുണ്ടാക്കി. ഇതോടെ യുവാവ് കുഞ്ഞിനെ കൈയിൽ പിടിച്ചുകൊണ്ട് തിരികെ സംസാരിക്കാൻ തുടങ്ങി. കുഞ്ഞിന്റെ കരച്ചിൽ മാറ്റാൻ കൈയിലെടുത്ത് താലോലിച്ചുകൊണ്ട് ഭാര്യയുമായി വഴക്കുണ്ടാക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞ് പിന്നിലെ ജനലിലൂടെ ആറാം നിലയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.
ഉടൻ തന്നെ ഇരുവരും ഓടി താഴെയെത്തുകയും അച്ഛൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നു. തലയ്ക്കേറ്റ ഗുരുതരമായ ആഘാതമാണ് മരണകാരണമായതെന്ന് ഡോക്ടർമാർ കണ്ടെത്തി. ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരമറിയിച്ചത്. ഭർത്താവ് ദിവസവും മദ്യപിക്കുമായിരുന്നെങ്കിലും കുഞ്ഞിനോട് എപ്പോഴും സ്നേഹമായിരുന്നുവെന്ന് ഭാര്യ കോടതിയിൽ മൊഴി നൽകി.
എന്നാൽ വിചാരണയ്ക്കൊടുവിൽ കുഞ്ഞിന്റെ മരണത്തിന് യുവാവ് ഉത്തരവാദിയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നതും ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചതും ആശുപത്രിയിൽ എത്തിച്ചതും കണക്കിലെടുത്ത് കൊലക്കുറ്റം ഒഴിവാക്കി. പകരം നാല് വർഷം ജയിൽ ശിക്ഷ വിധിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം