ഗാസയിൽ ഗർഭിണി കൊല്ലപ്പെട്ടു; സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു, കുഞ്ഞ് സുരക്ഷിതയെന്ന് ഡോക്ടർമാർ

ഇസ്രയേൽ ആക്രമണത്തിൽ യുവതിയും ഭർത്താവും മൂത്ത കുട്ടിയുമടക്കം 19 പേർ കൊല്ലപ്പെട്ടു

Baby in rafah delivered after mother killed in Israel strike

റഫ: പലസ്തീനിലെ റഫയിൽ ഇസ്രയേലിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗർഭിണിയുടെ വയറ്റിൽനിന്ന് കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്തു. ആക്രമണത്തിൽ യുവതിയും ഭർത്താവും മൂത്ത കുട്ടിയുമടക്കം 19 പേർ കൊല്ലപ്പെട്ടിരുന്നു. 30 ആഴ്ച ഗർഭിണിയായിരുന്നു യുവതി. അടിയന്തര സിസേറിയനിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. കുട്ടി ആരോഗ്യവതിയെന്ന് ഡോക്ടർമാർ പറഞ്ഞു. 

സബ്രീൻ അൽ-സകാനി എന്നാണ് കൊല്ലപ്പെട്ട ഗർഭിണിയായ യുവതിയുടെ പേര്. കുഞ്ഞ് റഫ ആശുപത്രിയിലെ ഇൻകുബേറ്ററിലാണ്.  സകാനിക്കൊപ്പം മൂത്ത മകള്‍ മലക്ക് കൊല്ലപ്പെട്ടു. തന്‍റെ കുഞ്ഞു സഹോദരിക്ക് അറബിയിൽ ആത്മാവ് എന്നർത്ഥം വരുന്ന റൂഹ് എന്ന് പേരിടാൻ മലക്ക്  ആഗ്രഹിച്ചിരുന്നുവെന്ന് അവളുടെ അമ്മാവൻ റാമി അൽ-ഷെയ്ഖ് പറഞ്ഞു. കുഞ്ഞുസഹോദരിയുടെ വരവിനായി കാത്തിരിക്കുകയായിരുന്നു അവളെന്നും ബന്ധു പറഞ്ഞു. കുഞ്ഞിനെ മൂന്നോ നാലോ ആഴ്ച കഴിഞ്ഞേ ഡിസ്ചാർജ് ചെയ്യൂ എന്ന് ഡോക്ടർ സലാമ പറഞ്ഞു. അതിന് ശേഷമേ മാതാപിതാക്കളെ നഷ്ടമായ കുഞ്ഞിനെ ആർക്ക് കൈമാറുമെന്ന കാര്യത്തിൽ തീരുമാനമാകൂ എന്നും ഡോക്ടർ പറഞ്ഞു. 

റഫയിലെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട 19 പേരിൽ 13 പേരും കുട്ടികളാണ്. രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടു.  സായുധരെയാണ് ലക്ഷ്യം വെച്ചതെന്നാണ് ഇസ്രയേൽ സൈനിക വക്താവിന്‍റെ പ്രതികരണം. എന്നാൽ കൊല്ലപ്പെട്ടവരിൽ ഒരു പുരുഷനെങ്കിലുമുണ്ടോയെന്ന് പലസ്തീനിയായ സഖർ അബ്ദുൾ ആൽ ചോദിക്കുന്നു. കൊല്ലപ്പെട്ടത് സ്ത്രീകളും കുട്ടികളുമാണെന്ന് അദ്ദേഹം പറഞ്ഞു.  തനിക്ക് ഭാര്യയെയും കുട്ടികളെയും നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. 

ഇസ്രയേൽ ആക്രമണം നടത്തിയത് ആണവ പദ്ധതികളുള്ള നഗരത്തിൽ; മിസൈൽ പതിച്ചിട്ടില്ല, ഡ്രോണുകൾ വെടിവച്ചിട്ടെന്ന് ഇറാൻ

ഗാസയിലെ പകുതിയിലധികം ജനങ്ങള്‍ കഴിഞ്ഞ ആറ് മാസമായി റഫയിലാണ്. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിന് പിന്നാലെയായിരുന്നു ഇത്. ഹമാസിനെ ഉന്മൂലനം ചെയ്യാൻ റഫയിലും കരയാക്രമണം നടത്തുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ പറഞ്ഞിരുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇക്കാര്യത്തിൽ എതിർപ്പ് അറിയിച്ചു. 

അതിനിടെ ഇസ്രയേൽ സൈന്യത്തിന് മേൽ ഉപരോധം ഏർപ്പെടുത്താനുള്ള ഏത് നീക്കവും ചെറുക്കുമെന്ന് നെതന്യാഹു വ്യക്തമാക്കി. യുദ്ധ നിയമങ്ങൾ ലംഘിച്ച് മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്നാരോപിച്ച് അമേരിക്ക, ഇസ്രയേലി പ്രതിരോധ യൂണിറ്റായ നെറ്റ്സ യഹൂദയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്താനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം. രാജ്യത്തെ സംരക്ഷിക്കുന്ന സൈനികർ അഭിമാനമാണെന്നും അതിനുമേൽ ഉപരോധം ഏർപ്പെടുത്താനുള്ള എത് നീക്കവും പ്രതിരോധിക്കുമെന്നും നെതന്യാഹു പ്രഖ്യാപിച്ചു. ഇതിനിടെ തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ സേന പിന്മാറിയ നാസർ ഹോസ്പിറ്റൽ പരിസരത്ത് നിന്ന് 60 മൃതദേഹം കൂടി കണ്ടെത്തിയതായി പലസ്തീൻ അറിയിച്ചു. ഇതോടെ വെള്ളിയാഴ്ചയ്ക്ക് ശേഷം പ്രദേശത്ത് നിന്ന് കണ്ടെത്തിയ മൃതദേഹത്തിന്റെ എണ്ണം ഇരുന്നൂറായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios