'തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താനാണ് ശ്രമം, അറസ്റ്റൊക്കെ നാടകം'; പാക് പൊലീസിനെതിരെ ഇമ്രാൻ ഖാൻ
അറസ്റ്റ് ചെയ്യാനുള്ള നീക്കം വെറും നാടകമാണെന്നും ഇമ്രാൻ ട്വീറ്റ് ചെയ്തു. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യുന്നതിനെതിരെ പാർട്ടി പ്രവർത്തകരുടെ പ്രതിഷേധ റാലിയുൾപ്പടെയുള്ള നാടകീയ സംഭവങ്ങൾ ലാഹോറിൽ നടക്കുന്നതിനിടെയാണ് ഇമ്രാന്റെ ട്വീറ്റ്.
ഇസ്ലാമാബാദ്: തന്നെ അറസ്റ്റ് ചെയ്യാനുള്ള പാകിസ്ഥാൻ പൊലീസിന്റെ നീക്കം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് മുന്‍ പ്രധാനമന്ത്രിയും തെഹ്രി കെ ഇൻസാഫ് പാർട്ടി തലവനുമായ ഇമ്രാൻ ഖാൻ. അറസ്റ്റ് ചെയ്യാനുള്ള നീക്കം വെറും നാടകമാണെന്നും ഇമ്രാൻ ട്വീറ്റ് ചെയ്തു. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യുന്നതിനെതിരെ പാർട്ടി പ്രവർത്തകരുടെ പ്രതിഷേധ റാലിയുൾപ്പടെയുള്ള നാടകീയ സംഭവങ്ങൾ ലാഹോറിൽ നടക്കുന്നതിനിടെയാണ് ഇമ്രാന്റെ ട്വീറ്റ്.
ഇമ്രാനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാർക്ക് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞിരുന്നു. ലാഹോറിലെ ഇമ്രാന്റെ വസതിയിലേക്കുള്ള വഴി തടഞ്ഞാണ് പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം. ഇവർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് പ്രവർത്തിക്കുന്നത് ദുരുദ്ദേശപരമായാണെന്ന് ഇമ്രാൻ അഭിപ്രായപ്പെട്ടു. "യഥാർത്ഥ ഉദ്ദേശ്യം തട്ടിക്കൊണ്ടുപോകലാണ്, കൊലപ്പെടുത്തലാണ്. ഈ അറസ്റ്റ് നീക്കം വെറും നാടകമാണ്. കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു, ഇനിയുള്ളത് വെടിവെപ്പാണ്. പൊലീസിന്റേത് ദുരുദ്ദേശ്യമാണെന്ന് വ്യക്തമാണ്". ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു.
തോഷാഖാന കേസിലാണ് ഇമ്രാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് എത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച വിലകൂടിയ സമ്മാനങ്ങൾ വകുപ്പ് മാറ്റി സ്വന്തമാക്കിയെന്നതാണ് കേസ്. ഇത്തരം സമ്മാനങ്ങൾ തോഷാഖാന എന്ന വകുപ്പിലേക്ക് കൈമാറണമെന്നാണ് പാകിസ്ഥാന്റെ ചട്ടം. ഇങ്ങനെ 36മില്യൺ ഡോളർ ഇമ്രാൻ സമ്പാദിച്ചെന്നാണ് ആരോപണം. കേസിന്റെ പേരിൽ ഇമ്രാൻ ഖാന് തെരഞ്ഞെടുപ്പ് കമ്മീഷൻ അഞ്ചു വർഷത്തേക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേസിൽ വിചാരണയ്ക്കായി മൂന്നു തവണ കോടതിയിൽ ഹാജരാവാത്തതിനാലാണ് ഇമ്രാനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇമ്രാനെ അറസ്റ്റ് ചെയ്യാൻ പൊലീസെത്തിയതോടെ അസാധാരണ സംഭവവികാസങ്ങൾക്കാണ് ലാഹോർ സാക്ഷ്യം വഹിക്കുന്നത്. പാർട്ടി അണികളെ ഉപയോഗിച്ച് പൊലീസിനെ പ്രതിരോധിക്കാനുള്ള നീക്കമാണ് ഇമ്രാൻ നടത്തുന്നത്.
താൻ ജയിലിൽ പോയാലും കൊല്ലപ്പെട്ടാലും സംഘടിക്കണമെന്നും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി പോരാടണമെന്നും ഇമ്രാൻ വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തിരുന്നു. പൊലീസ് എത്തിയതിന് പിന്നാലെയായിരുന്നു ഇത്. സന്ദേശം പുറത്തുവന്നതോടെ അണികള്‍ കൂട്ടമായി ഇമ്രാന്‍റെ വീടിന് മുന്നിലേക്ക് എത്തി. ലാഹോറിലെ സമാൻ പാർക്കിലെ വസതിയിൽ നിന്ന് ഇമ്രാനെ പിടിച്ചുകൊണ്ടുപോകാനെത്തിയ പൊലീസിന് അകത്തേക്ക് കടക്കാനായില്ല. തുടർന്നാണ് കണ്ണീർ വാതകവും ജലപീരങ്കിയുമൊക്കെ പ്രയോഗിച്ചത്.