കനത്ത മഴയും മിന്നലും, പാകിസ്ഥാനിൽ മരിച്ചത് 39ലേറെ പേർ, പ്രളയക്കെടുതി രൂക്ഷം
വെള്ളിയാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കും ഇടയിലുണ്ടായ ഇടിമിന്നലേറ്റ് 21 പേരാണ് പഞ്ചാബ് പ്രവിശ്യയിൽ കൊല്ലപ്പെട്ടത്
ലാഹോർ: പാകിസ്ഥാന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിൽ അപ്രതീക്ഷ പേമാരിയിൽ 39ലേറെ പേർ മരിച്ചതായി റിപ്പോർട്ട്. ഗോതമ്പ് വിളവെടുപ്പിനിടെ മിന്നലേറ്റാണ് ഇവരിൽ ചില കർഷകർ മരിച്ചതെന്നാണ് അധികൃതരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കം വൈദ്യുതി വിതരണത്തേയും ഗതാഗത സംവിധാനത്തേയും താറുമാറാക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വലിയ രീതിയിലുള്ള തീവ്ര കാലാവസ്ഥയാണ് പാകിസ്ഥാനെ വലയ്ക്കുന്നത്.
നേരത്തെ 2022ൽ അപ്രതീക്ഷിതമായി എത്തിയ വെള്ളപ്പൊക്കം 1700ഓളം പേരുടെ ജീവനാണ് അപഹരിച്ചത്. ഈ വെള്ളപ്പൊക്കത്തിൽ ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും നിരവധിപ്പേർക്ക് കിടപ്പാടമടക്കം നഷ്ടമാവുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിലും ശക്തമായ മഴയുണ്ടാവുമെന്നാണ് പാകിസ്ഥാൻ ദേശീയ ദുരന്ത നിവാരണ സേന വിശദമാക്കുന്നത്. മണ്ണിടിച്ചിലിനുള്ള സാധ്യതയും അവഗണിക്കാനാവില്ലെന്നും ദേശീയ ദുരന്ത നിവാരണ സേന ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയാണ് അപ്രതീക്ഷിത പ്രളയത്തിൽ സാരമായി ബാധിക്കപ്പെട്ടത്.
വെള്ളിയാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കും ഇടയിലുണ്ടായ ഇടിമിന്നലേറ്റ് 21 പേരാണ് പഞ്ചാബ് പ്രവിശ്യയിൽ കൊല്ലപ്പെട്ടത്. മേഖലയിലെ സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്. ബലോച് തീരമേഖലയും പാസ്നിയും മഴവെള്ളത്തിൽ മുങ്ങിയ നിലയിലാണുള്ളത്. അയൽ രാജ്യമായ അഫ്ഗാനിസ്ഥാനിലും പ്രളയം രൂക്ഷമായി ബാധിച്ചിട്ടുണ്ട്. 33ഓളം പേർ അഫ്ഗാനിസ്ഥാനിൽ പ്രളയക്കെടുതിയിൽ മരിച്ചതായാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനം ഏറ്റവും രൂക്ഷമായി ബാധിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാമതാണ് പാകിസ്ഥാനുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം