കൊടുങ്കാറ്റിനു ശേഷം പ്രളയം, ഡാം തകര്‍ന്നു, വിറങ്ങലിച്ച് ലിബിയ; മരണം 2000 കടന്നു, പതിനായിരത്തോളം പേരെ കാണാനില്ല

ഡെര്‍ന നഗരത്തിന്‍റെ ഒരു ഭാഗം പൂര്‍ണമായി കടലിലേക്ക് ഒലിച്ചുപോയി

At least 2000 dead in Libya as flooding breaks dams SSM

ട്രിപ്പോളി: ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും വിറങ്ങലിച്ച് കിഴക്കന്‍ ലിബിയ. മരിച്ചവരുടെ എണ്ണം 2000 കടന്നു. പതിനായിരത്തിലധികം പേരെ കാണാതായി. ഡെർന നഗരം കടലിലേക്ക് ഒലിച്ചുപോയി. നഗരത്തിലെ രണ്ട് ഡാമുകള്‍ തകര്‍ന്നതോടെയാണ് ഇത്രയും വലിയ നാശനഷ്ടമുണ്ടായത്.

"ഞാൻ ഡെർനയിൽ നിന്ന് തിരിച്ചെത്തി. വിനാശകരമാണ് സ്ഥിതി. മൃതദേഹങ്ങൾ എല്ലായിടത്തും കിടക്കുന്നു- കടലിൽ, താഴ്‌വരകളിൽ, കെട്ടിടങ്ങൾക്കടിയില്‍"- സിവിൽ ഏവിയേഷൻ മന്ത്രിയും എമർജൻസി കമ്മിറ്റി അംഗവുമായ ഹിചെം ച്‍കിയോട്ട് പറഞ്ഞു.

ഡെര്‍ന നഗരത്തിന്‍റെ കാല്‍ ഭാഗം ഇതിനകം ഒലിച്ചുപോയെന്നും മന്ത്രി പറഞ്ഞു. ഡെർനയില്‍ അണക്കെട്ടുകൾ തകർന്നത് ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടിയെന്ന് ലിബിയ നാഷണല്‍ ആര്‍മി വക്താവ് അഹമ്മദ് മിസ്‌മാരി പറഞ്ഞു. ആളുകളും കെട്ടിടങ്ങളുമെല്ലാം ഒഴുകിപ്പോവുകയായിരുന്നു എന്ന് സേനാ വക്താവ് വിശദീകരിച്ചു. ഡെർനയില്‍ മാത്രം 6000 പേരെ കാണാതായി. 

ഡെര്‍ന പ്രേതനഗരമായി മാറിയെന്ന് നഗരത്തിലെത്തിയ സഞ്ചാരി അബ്ദുല്‍ ജലീല്‍ പറഞ്ഞു. മൃതദേഹങ്ങൾ ഇപ്പോഴും പലയിടത്തും ഒഴുകിനടക്കുകയാണ്. പലരും കടലിലേക്ക് ഒലിച്ചുപോയെന്നും അദ്ദേഹം പറഞ്ഞു. ഡാനിയല്‍ കൊടുങ്കാറ്റിനു പിന്നാലെയാണ് ലിബിയയില്‍ പ്രളയമുണ്ടായത്. കഴിഞ്ഞ ആഴ്‌ച ഗ്രീസില്‍ ആഞ്ഞടിച്ച ശേഷമാണ് ഡാനിയല്‍ ലിബിയയില്‍ നാശം വിതച്ചത്. 

മൊറോക്കോയില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 2,862 ആയി

മൊറോക്കോയിൽ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 2,862 ആയി. 2562 പേർക്ക് പരിക്കേറ്റെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. രക്ഷപ്പെട്ടവരില്‍ പലര്‍ക്കും ഉറ്റവരെ നഷ്ടപ്പെട്ടു. നിരവധി പേര്‍ കിടപ്പാടം നഷ്ടപ്പെട്ട് ഭക്ഷണവും വെള്ളവുമില്ലാതെ തെരുവില്‍ കഴിയുകയാണ്.

സെപ്തംബര്‍ 8നാണ് കഴിഞ്ഞ 60 വര്‍ഷത്തെ ഏറ്റവും ശക്തിയേറിയ ഭൂകമ്പം മൊറോക്കോയെ പിടിച്ചുകുലുക്കിയത്. മണ്ണ് കൊണ്ടും ഇഷ്ടിക കൊണ്ടും നിര്‍മിച്ച പരമ്പരാഗത വീടുകളാണ് കൂടുതലും മണ്ണടിഞ്ഞത്. വിനാശകരമായ ഭൂകമ്പങ്ങൾ അപൂർവ്വമായ സ്ഥലങ്ങളില്‍  കെട്ടിടങ്ങൾ വേണ്ടത്ര മുന്‍കരുതലോടെ നിർമിക്കുന്നില്ലെന്നും ഇത് നാശനഷ്ടങ്ങളുടെ തീവ്രത കൂട്ടുന്നുവെന്നും ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെ പ്രൊഫസർ ബിൽ മക്ഗുയർ അഭിപ്രായപ്പെട്ടു.

മറകേഷ് നഗരത്തിലെ തെക്കന്‍ മേഖലയിലും റാബത്തിലും പര്‍വത മേഖലകളിലെ ഗ്രാമങ്ങളിലുമാണ് ഏറ്റവും നാശനഷ്ടമുണ്ടായത്. ചരിത്ര സ്മാരകങ്ങളും പൌരാണിക നഗരങ്ങളും നിലംപൊത്തി. പല ഗ്രാമങ്ങളും ഇല്ലാതായി. മറകേഷ് നഗരത്തിന്‍റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ ഹൈ അറ്റ്‍ലാന്‍റിസ് മലനിരകളാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം. 18.5 കിലോമീറ്റര്‍ ആഴത്തില്‍ നിന്നാണ് ഭൂകമ്പമുണ്ടായതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 6.8 തീവ്രത രേഖപ്പെടുത്തി. മൊറോക്കോയില്‍ 1960ൽ 12000 പേരുടെ ജീവൻ നഷ്ടമായ ഭൂകമ്പത്തിനു ശേഷമുള്ള ഏറ്റവും വിനാശകരമായ ഭൂചലനമാണിത്.

Latest Videos
Follow Us:
Download App:
  • android
  • ios