സുനിത വില്യംസ് ബഹിരാകാശത്തേക്ക് കൊണ്ടുപോയത് മീൻ കറിയും, ഇത്തവണ സമോസയില്ല

"വീട്ടിലേക്ക് തിരികെ പോകുന്നതു പോലെ ആയിരുന്നു" എന്നാണ് മൂന്നാം യാത്രയിൽ ബഹിരാകാശത്ത് എത്തിയ ശേഷമുള്ള അനുഭവം വിവരിച്ചത്.

Astronaut Sunita Williams to enjoy fish curry at her home in the space says NASA

ഫ്ലോറിഡ: ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്  കഴിഞ്ഞ ദിവസമാണ് വീണ്ടും അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെത്തിയത്. ഇത് മൂന്നാം തവണയാണ് സുനിത ബഹിരാകാശത്തെ അന്താരാഷ്ട്ര നിലയത്തിൽ എത്തിച്ചേരുന്നത്. നാസയുടെ ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ ആദ്യ യാത്രാ സംഘത്തിന്റെ ഭാഗമായിരുന്നു സുനിതയും. രണ്ട് ദിവസം മുമ്പ് നിശ്ചയിച്ചിരുന്ന യാത്ര, പേടകത്തിലെ സാങ്കേതിക തകരാറുകൾ കാരണം അവസാനം നിമിഷം മാറ്റിവെച്ചിരുന്നു. പിന്നീടാണ് അടുത്ത ദിവസം തകരാറുകൾ പരിഹരിച്ച് വിക്ഷേപണം നടത്തിയത്.

ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ രൂപകൽപനയിലും സുനിത വില്യംസ് പങ്കാളിയായിരുന്നു. നേരത്തെ രണ്ട് തവണ ബഹിരാകാശ യാത്ര നടത്തിയിട്ടുള്ള 59കാരിയായ സുനിത, "വീട്ടിലേക്ക് തിരികെ പോകുന്നതു പോലെ ആയിരുന്നു" എന്നാണ് മൂന്നാം യാത്രയിൽ ബഹിരാകാശത്ത് എത്തിയ ശേഷമുള്ള അനുഭവം വിവരിച്ചത്. ഇന്ത്യൻ വിഭവമായ മീൻ കറിയും സുനിത ബഹിരാകാശത്ത് ആസ്വദിക്കുമെന്ന് നാസ, എൻഡിടിവിയോട് നടത്തിയ പ്രതികരണത്തിൽ പറഞ്ഞു. നേരത്തയുള്ള യാത്രയിൽ സമോസ ബഹിരാകാശത്ത് എത്തിച്ചിട്ടുണ്ടെങ്കിലും ഇത്തവണ സുനിത അത് കൊണ്ടുപോയിട്ടില്ലെന്നും നാസ വ്യക്തമാക്കുന്നു. നാവിക സേനയിൽ നിന്ന് പരിശീലനം സിദ്ധിച്ച പൈലറ്റ് കൂടിയായ സുനിത ഇതുവരെ 322 ദിവസം ബഹിരാശത്ത് കഴിച്ചുകൂട്ടിയിട്ടുണ്ട്.

ഇത്തവണത്തെ യാത്രയിൽ ഗണേഷ വിഗ്രഹം ബഹിരാകാശത്തേക്ക് കൊണ്ടുപോകുമെന്നും അതിൽ ഏറെ സന്തോഷിക്കുന്നുവെന്നും സുനിത വില്യംസ് യാത്രയ്ക്ക് മുമ്പ് പറ‌ഞ്ഞിരുന്നു. നേരത്തെ ഭഗവത് ഗീതയും സുനിത ബഹിരാകാശത്തേക്ക് കൊണ്ടുപോയിരുന്നു.  ഗുജറാത്തിലെ മെഹ്സാന ജില്ലക്കാരനായിരുന്നു സുനിതയുടെ പിതാവ് ഡോ ദീപക് പാണ്ഡ്യ. പിന്നീട് അമേരിക്കയിലേക്ക് കുടിയേറിയ ശേഷം അവിടെ വെച്ച് സ്ലൊവേനിയ‌ക്കാരിയായ ബോണി പാണ്ഡ്യയെ  വിവാഹം ചെയ്യുകയായിരുന്നു. 1998ലാണ് ബഹിരാകാശ സഞ്ചാരിയായി, നാസ സുനിത വില്യംസിനെ തെരഞ്ഞെടുത്തത്. അതിന് മുമ്പ് നാവിക സേനയിൽ ടെസ്റ്റ് പൈലറ്റായിരുന്ന സുനിത 30 തരം വിമാനങ്ങൾ ആകെ 3000 മണിക്കൂറിലധികം പറത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios