ടേക്ക് ഓഫിന് പിന്നാലെ റഡാറിൽ നിന്ന് കാണാതായി സൈനിക വിമാനം, യാത്രക്കാർ മലാവി വൈസ് പ്രസിഡന്റും ഉദ്യോഗസ്ഥരും
സോലോസ് ചിലിമയുടെ ഭാര്യ മേരിയും സോലോസ് ചിലിമയുടെ രാഷ്ട്രീയ പാർട്ടിയായ യുണൈറ്റഡ് ട്രാൻസ്ഫോർമേഷൻ മൂവ്‌മെന്റിലെ നേതാക്കളും അടക്കമുള്ളവരാണ് കാണാതായ വിമാനത്തിലുള്ളത്.
ലോങ്‌വേ: ആഫ്രിക്കൻ രാജ്യമായ മലാവിയിൽ വൈസ് പ്രസിഡൻ്റ് സോലോസ് ചിലിമയും ഒമ്പത് ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന സൈനിക വിമാനം കാണാതായി. തലസ്ഥാനമായ ലോങ്‌വേയിൽനിന്ന് പറന്നുയർന്ന വിമാനം വൈകാതെ റഡാറിൽ നിന്ന് അപ്രത്യക്ഷമാവുക ആയിരുന്നു. വിമാനത്തിനായി വ്യാപക തെരച്ചിൽ പുരോഗമിക്കുകയാണ്.
രാവിലെ 9.17നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. പത്തരയോടെ മലാവിയുടെ വടക്കൻ മേഖലയിലുള്ള മസുസുവിലെ വിമാനത്താവളത്തിലായിരുന്നു വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്. സോലോസ് ചിലിമയുടെ ഭാര്യ മേരിയും സോലോസ് ചിലിമയുടെ രാഷ്ട്രീയ പാർട്ടിയായ യുണൈറ്റഡ് ട്രാൻസ്ഫോർമേഷൻ മൂവ്‌മെന്റിലെ നേതാക്കളും അടക്കമുള്ളവരാണ് കാണാതായ വിമാനത്തിലുള്ളത്.
മുൻ ക്യാബിനറ്റ് മന്ത്രിയായിരുന്ന റാൽഫ് കസാംബാരയുടെ സംസ്കാര ചടങ്ങുകൾക്കായി പുറപ്പെട്ടതായിരുന്നു സംഘം. മൂന്ന് ദിവസം മുൻപാണ് റാൽഫ് മരിച്ചത്. 2014മുതൽ മലാവിയുടെ വൈസ് പ്രസിഡന്റാണ് സോലോസ് ചിലിമ. ബഹുരാഷ്ട്ര കമ്പനികളായ കൊക്ക കോളയിലും യൂണിലിവറിലും സുപ്രധാന പദവികൾ വഹിച്ച ശേഷമാണ് സോലോസ് ചിലിമ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. രണ്ട് മക്കളാണ് സോലോസ് ചിലിമയ്ക്കുള്ളത്.
കഴിഞ്ഞ മാസമാണ് ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയാനും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടത്. അണക്കെട്ട് ഉദ്‌ഘാടനത്തിനായി അയൽരാജ്യമായ അസർബൈജാനിലേക്ക് നടത്തിയ സന്ദര്‍ശനത്തിനിടെയാണ് സംഭവം.3 ഹെലികോപ്റ്ററുകളിൽ പോയ ഉന്നത സംഘം തിരിച്ചു വരുന്നതിനിടെയാണ് ദാരുണാപകടമുണ്ടായത്. യാത്രാസംഘത്തിന്‍റെ മൂന്നു ഹെലികോപ്റ്ററുകളിൽ രണ്ടെണ്ണവും സുരക്ഷിതമായി ഇറാനിൽ മടങ്ങിയെത്തിയെങ്കിലും പ്രസിഡന്‍റ് റെയ്‌സിയും വിദേശകാര്യ മന്ത്രിയും കയറിയ ഹെലികോപ്റ്റർ മാത്രം മൂടൽ മഞ്ഞിൽ കാണാതാവുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം