ഫ്രാൻസിലെ ജൂത ദേവാലയത്തിലേക്ക് പെട്രോൾ ബോംബെറിഞ്ഞ് അക്രമി, വെടിവച്ച് വീഴ്ത്തി പൊലീസ്

സിനഗോഗിന് പരിസരത്തുണ്ടായിരുന്ന വേസ്റ്റ് ബിന്നിന് മുകളിൽ കയറി അക്രമി ചെറിയ ജനലിനുള്ളിലൂടെ ദേവാലയത്തിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞതാണ് അഗ്നിബാധയ്ക്ക് കാരണമായത്. 

armed man sets fire on franace synagogue shot dead by police

പാരീസ്: ഫ്രാൻസിൽ ജൂത ദേവാലയം കത്തിക്കാൻ ശ്രമിച്ചയാളെ വെടിവച്ച് കൊന്ന് പൊലീസ്. വടക്കു പടിഞ്ഞാറൻ നഗരമായ റോണിലെ സിനഗോഗിന് തീയിടാനായിരുന്നു ആയുധധാരിയായ അക്രമി ശ്രമിച്ചത്. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവച്ചത്. കത്തിയും ഇരുമ്പ് കൊണ്ടുള്ള ആയുധവുമായാണ് അക്രമി എത്തിയത്. 

സിനഗോഗ് ആക്രമണം ജൂത വിഭാഗത്തെ മാത്രമല്ല റോൺ നഗരത്തെ മുഴുവൻ ഞെട്ടിച്ചതായാണ് റോൺ മേയർ നിക്കോളാസ് മയേർ റോസിഗ്നോൽ പ്രതികരിച്ചത്. ഫ്രാൻസ് വിടണമെന്ന് നിർദ്ദേശം ലഭിച്ച അൾജീരിയൻ സ്വദേശിയാണ് സിനഗോഗ് ആക്രമിച്ചത്.  നാട് വിടാനുള്ള നിർദ്ദേശത്തിനെതിരെ അപ്പീൽ നൽകി കാത്തിരിക്കുകയായിരുന്നു അക്രമി. പ്രാദേശിക സമയം രാവിലെ ആറേ മുക്കാലോടെയാണ് സിനഗോഗിൽ നിന്ന് പുക വരുന്നതായുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. സിനഗോഗിന് പരിസരത്തുണ്ടായിരുന്ന വേസ്റ്റ് ബിന്നിന് മുകളിൽ കയറി അക്രമി ചെറിയ ജനലിനുള്ളിലൂടെ ദേവാലയത്തിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞതാണ് അഗ്നിബാധയ്ക്ക് കാരണമായത്. 

സംഭവ സ്ഥലത്ത് എത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ സിസിടിവികളിൽ അക്രമിയെ കണ്ടെത്തുകയായിരുന്നു. സിനഗോഗിന്റെ മേൽക്കൂരയ്ക്ക് മുകളിലായിരുന്നു പൊലീസെത്തുമ്പോൾ അക്രമി ഉണ്ടായിരുന്നത്. ഉളിക്ക് സമാനമായ ഒരു ആയുധം നിലത്തിറങ്ങാൻ ആവശ്യപ്പെട്ടതോടെ ഇയാൾ പൊലീസിന് നേരെ എറിയുകയായിരുന്നു. ഇതിന് പിന്നാലെ നിലത്തേക്ക് ചാടിയ അക്രമി പൊലീസിന് നേരെ കത്തി വീശുകയും ചെയ്തു. ഇതോടെ പൊലീസ് ഇയാളെ വെടിവച്ച് വീഴ്ത്തുകയായിരുന്നു. 

ദേവാലയത്തിൽ പടർന്ന തീയും നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ അക്രമിയല്ലാതെ മറ്റാർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് പൊലീസ് വിശദമാക്കി. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും സാരമായ കേടുപാടുകളാണ് സിനഗോഗിന് സംഭവിച്ചിട്ടുള്ളത്. റോൺ നഗരത്തിലെ ചരിത്ര പ്രധാനമായ ഇടങ്ങളിലൊന്നായ സിനഗോഗിൽ 150ലേറെ ജൂത മത വിശ്വാസികളാണ് പതിവായി ആരാധനയ്ക്ക് എത്താറുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios