Marcus Lamb : കൊവിഡ് വാക്സിനെ എതിർത്ത ക്രിസ്ത്യൻ പ്രചാരകൻ കൊവിഡ് ബാധിച്ച് മരിച്ചു
കൊവിഡിൽ നിന്ന് പിതാവിന് മുക്തി ലഭിക്കാൻ എല്ലാവരും പ്രാർത്ഥിക്കണമെന്ന് ലാംബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുകൊണ്ട് മകൻ ജൊനാഥൻ ലാംബ് ടെലിവിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു
ന്യൂയോർക്ക്: കൊവിഡ് വാക്സിനെ (Covid Vaccine) എതിർത്ത് നിരന്തരം പ്രചാരണം നടത്തിയിരുന്ന ക്രിസ്തീയ ചാനൽ ഉടമ മാർക്കസ് ലാംബ് ( Marcus Lamb) കൊവിഡ് (Covid 19) ബാധിച്ച് മരിച്ചു. അമേരിക്കയിലെ ഡേസ്റ്റാർ (Daystar Television) ടെലിവിഷൻ ഉടമയാണ് 64കാരനായ ലാംബ്. ദൈവത്തോടൊപ്പം കഴിയാൻ വീട്ടിലേക്ക് മടങ്ങിയെന്നാണ് ഡേസ്റ്റാർ ടെലിവിഷന്റെ ട്വിറ്റർ അക്കൌണ്ടിലൂടെ ലാംബിന്റെ മരണവാർത്ത ട്വീറ്റ് ചെയ്തുകൊണ്ട് കുറിച്ചത്. അതേസമയം കൊവിഡ് ബാധിതനായിരുന്നുവെന്ന വിവരം ട്വീറ്റിൽ പറയുന്നുമില്ല.
കൊവിഡിൽ നിന്ന് പിതാവിന് മുക്തി ലഭിക്കാൻ എല്ലാവരും പ്രാർത്ഥിക്കണമെന്ന് ലാംബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുകൊണ്ട് മകൻ ജൊനാഥൻ ലാംബ് ടെലിവിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു. ലാംബിന്റെ ഭാര്യ ജൊനി ലാംബും തന്റെ ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്തിരുന്നു.
കൊവിഡ് വാക്സിനെതിരെ നിരന്തരണ പ്രചാരണമാണ് ലാംബ് ഡേസ്റ്റാർ ചാനലിലൂടെ നടത്തിയിരുന്നത്. കൊവിഡ് വാക്സിനെതിരെ സംസാരിക്കുന്നവർക്ക് ചാനൽ മണിക്കൂറുകളോളം സമയം അനുവദിച്ചിരുന്നു. ലോകത്തെങ്ങും 200 കോടി പ്രേക്ഷകരുണ്ടന്നാണ് ഡേസ്റ്റാർ ചാനലിന്റെ അവകാശവാദം. കൊവിഡ് വാക്സിനെതിരെ പ്രചാരണം നടത്തിയതിന് ഇൻസ്റ്റഗ്രാം നിരോധിച്ച റോബർട്ട് എഫ് കെന്നഡി ജൂനിയറിന്റെ ഒരു മണിക്കൂർ നീണ്ട പരിപാടി ഡേസ്റ്റാർ ചാനൽ പ്രക്ഷേപണം ചെയ്തിരുന്നു.