നികുതി വർധനയ്ക്കെതിരെ പ്രക്ഷോഭം; കെനിയയിൽ പാർലമെന്‍റിന് തീയിട്ട് ജനക്കൂട്ടം, ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

ആയിരക്കണക്കിന് ജനങ്ങളാണ് പാർലമെന്‍റിലേക്ക് ഇരച്ചെത്തിയത്. ഇതോടെ ജനപ്രതിനിധികള്‍ ഓടിരക്ഷപ്പെട്ടു

Anti tax protesters storm Kenyas parliament Indians In Kenya Asked To Limit Non Essential Movement

നെയ്റോബി: കലാപം രൂക്ഷമായ കെനിയയിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി വിദേശകാര്യ മന്ത്രാലയം. നിലവിലുള്ള സംഘർഷാവസ്ഥ കണക്കിലെടുത്ത് കെനിയയിലെ എല്ലാ ഇന്ത്യക്കാരും അതീവ ജാഗ്രത പാലിക്കാനും പ്രക്ഷോഭ ബാധിത പ്രദേശങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്ര ഒഴിവാക്കാനുമാണ് നിർദേശം. നികുതി വർധനയ്ക്ക് എതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്ന കെനിയയിൽ ജനക്കൂട്ടം പാർലമെന്‍റിന് തീയിട്ടു. കൂറ്റൻ പാർലമെന്‍റ്  മന്ദിരത്തിന്‍റെ ഒരു ഭാഗം കത്തിനശിച്ചു. പത്തോളം പേർ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. 

ആയിരക്കണക്കിന് ജനങ്ങളാണ് പാർലമെന്‍റിലേക്ക് ഇരച്ചെത്തിയത്. ഇതോടെ ജനപ്രതിനിധികള്‍ ഓടിരക്ഷപ്പെട്ടു. സംഘർഷം മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ചു. പൊലീസ് വെടിവയ്പ്പിൽ മരിച്ചവരുടെ കൃത്യമായ എണ്ണം എത്രയെന്ന് വ്യക്തമല്ല. പ്രക്ഷോഭം പടരുന്നതിനിടെ കൊള്ളയും വ്യാപകമായി. കടകളിൽ നിന്ന് ആള്‍ക്കൂട്ടം സാധനങ്ങൾ എടുത്തു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. 

ദേശീയ സുരക്ഷയ്‌ക്കെതിരായ ഭീഷണികളോട് എങ്ങനെ പ്രതികരിക്കണമെന്നതിൽ നിർണായക വഴിത്തിരിവുണ്ടായിരിക്കുന്നുവെന്ന് പ്രസിഡന്‍റ് വില്യം റൂട്ടോ പറഞ്ഞു. ഇപ്പോഴത്തെ പ്രക്ഷോഭം രാജ്യദ്രോഹമാണെന്നും എന്ത് വിലകൊടുത്തും അശാന്തി ഇല്ലാതാക്കുമെന്നും പ്രസിഡന്‍റ് വ്യക്തമാക്കി. പോലീസിനൊപ്പം സൈന്യത്തെ വിന്യസിച്ചതായി കെനിയയുടെ പ്രതിരോധ മന്ത്രി പറഞ്ഞു.

പുതിയ നികുതി ചുമത്താൻ ലക്ഷ്യമിട്ടുള്ള ധനകാര്യ ബില്ലിനെതിരെയാണ് പ്രതിഷേധം. റൂട്ടോയുടെ സാമ്പത്തിക സമാശ്വാസ വാഗ്ദാനങ്ങൾ വിശ്വസിച്ച് വോട്ട് ചെയ്ത ജനങ്ങള്‍ തന്നെയാണ് ഇപ്പോൾ തെരുവിലിറങ്ങിയിരിക്കുന്നത്.
പ്രതിഷേധക്കാർ പൊലീസിനെ മറികടന്ന് പാർലമെന്‍റിന് അകത്തുകടന്നതിനാൽ തുരങ്കത്തിലൂടെ ഓടി രക്ഷപ്പെടുന്നതിന് മുമ്പ് നിയമനിർമ്മാതാക്കൾ ബിൽ പാസാക്കുകയായിരുന്നു. 

സംഭവസ്ഥലത്ത് പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകുന്നതിനിടെ അഞ്ച് പേർ വെടിയേറ്റ് മരിച്ചതായി കെനിയ മെഡിക്കൽ അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു. 13 പേർക്ക് വെടിയേറ്റെന്നാണ് റിപ്പോർട്ട്.. കെനിയാട്ട നാഷണൽ ആശുപത്രിയിൽ 45 പേരാണ് ചികിത്സ തേടിയത്. രാജ്യത്ത് ഇന്‍റർനെറ്റ് സേവനം മന്ദഗതിയിലായി. ധനകാര്യ ബില്ലിൽ തീരുമാനമെടുക്കാൻ രണ്ടാഴ്ച കൂടി സമയം പ്രസിഡന്‍റിന്‍റെ മുൻപിലുണ്ട്. ഇക്കാര്യത്തിൽ തീരുമാനം പുനപരിശോധിക്കാൻ മതനേതാക്കള്‍ ഉള്‍പ്പെടെയുള്ളവർ റൂട്ടോയോട് ആവശ്യപ്പെട്ടു. 

Latest Videos
Follow Us:
Download App:
  • android
  • ios