അവധി ആഘോഷിക്കാനെത്തിയ സഞ്ചാരികൾക്ക് മേലെ മരണമായി മഞ്ഞിടിച്ചിൽ, 3 പേർക്ക് ദാരുണാന്ത്യം
ഈ സീസണിൽ ഇതുവരെ സ്വിറ്റ്‌സർലൻഡിലുണ്ടായ 12 ഹിമപാതങ്ങളിലും അപകടങ്ങളിലുമായി ഇതിനോടകം 14 പേരാണ് മരിച്ചതെന്നാണ് കണക്കുകൾ
സെർമാറ്റ്: സ്വിറ്റ്സർലാൻഡിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ സെർമാറ്റിലുണ്ടായ മഞ്ഞിടിച്ചിലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അമേരിക്കൻ സ്വദേശിയായ കൌമാരക്കാരനും മറ്റ് രണ്ട് പേരുമാണ് മഞ്ഞിടിച്ചിലിൽ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പ്രാദേശിക സമയം ഉച്ച കഴിഞ്ഞ് 2 മണിയോടെയാണ് അപകടമുണ്ടായത്. സെർമാറ്റിന് സമീപമുള്ള റിഫൽബർഗിന് സമീപത്ത് വച്ചാണ് ഇവർ മഞ്ഞിനടിയിൽ കുടുങ്ങിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന സ്വിസ് സ്വദേശിയായ 20കാരനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മരിച്ചവരിൽ അമേരിക്കൻ സ്വദേശിയായ 15 കാരന്റെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഒരു പുരുഷന്റേയും സ്ത്രീയുടേയും മൃതദേഹം ഇനിയും തിരിച്ചറിയാനുണ്ട്. മഞ്ഞിടിച്ചിലിൽ കുടുങ്ങിയ നാല് പേരെ രക്ഷാപ്രവർത്തകർക്ക് രക്ഷിക്കാൻ സാധിച്ചിരുന്നു. ഈ സീസണിൽ ഇതുവരെ സ്വിറ്റ്‌സർലൻഡിലുണ്ടായ 12 ഹിമപാതങ്ങളിലും അപകടങ്ങളിലുമായി ഇതിനോടകം 14 പേരാണ് മരിച്ചതെന്നാണ് കണക്കുകൾ. സ്കീയിംഗിന് എത്തിയ വിദേശ പൌരന്മാരാണ് അപകടങ്ങളിൽ മരിച്ചവരിൽ ഏറെയും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം