'ഈ നിമിഷം മുതൽ മാറ്റം ആരംഭിക്കുന്നു', ബ്രിട്ടനിൽ വൻ ഭൂരിപക്ഷത്തോടെ ലേബർ പാർട്ടി, കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രി
റിഷി സുനക്കിന്റെ കൺസർവേറ്റീവ് പാർട്ടിയ്ക്ക് ചരിത്രത്തിലെ വലിയ പരാജയം സമ്മാനിച്ചാണ് കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകുന്നത്. 650 അംഗ പാര്‍ലമെന്റിൽ നാനൂറിലേറെ സീറ്റുകളും ലേബർ പാർട്ടി നേടി
ലണ്ടൻ: ബ്രിട്ടനിൽ വമ്പൻ ഭൂരിപക്ഷത്തോടെ ലേബർ പാർട്ടി അധികാരത്തിൽ. 14 വർഷം നീണ്ട കൺസർവേറ്റിവ് പാർട്ടി ഭരണമാണ് അവസാനിച്ചത്. റിഷി സുനക്കിന്റെ കൺസർവേറ്റീവ് പാർട്ടിയ്ക്ക് ചരിത്രത്തിലെ വലിയ പരാജയം സമ്മാനിച്ചാണ് കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകുന്നത്. 650 അംഗ പാര്‍ലമെന്റിൽ നാനൂറിലേറെ സീറ്റുകളും ലേബർ പാർട്ടി നേടി.
കെയ്ർ സ്റ്റാർമർ ആണ് പുതിയ പ്രധാനമന്ത്രി. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് റിഷി സുനകിന്റെ കൺസർവേറ്റിവ് പാർട്ടിക്ക് ഉണ്ടായത്. ഈ നിമിഷം മുതൽ മാറ്റം ആരംഭിക്കുന്നു, മാറ്റത്തിനായി പൊരുതിയവർക്ക് നന്ദിയെന്നാണ് വമ്പൻ വിജയം അറിഞ്ഞ ശേഷം നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമരുടെ പ്രതികരണം.
സ്റ്റാർമറുടെ നേതൃത്വത്തിൽ ലേബർ പാർട്ടി നേടിയത് ബ്രിട്ടന്റെ ചരിത്രത്തിലെ ഉജ്ജ്വല വിജയങ്ങളിൽ ഒന്നാണ്. സാന്പത്തിക പ്രതിസന്ധിയും കുടിയേറ്റവും ആരോഗ്യമേഖലയും മുഖ്യ ചർച്ചാ വിഷയങ്ങളായ തെരഞ്ഞെടുപ്പിൽ റിഷി സുനകിന്റെയും കൺസർവേറ്റിവ് സർക്കാരിന്റെയും നയങ്ങൾ ജനം പാടെ തള്ളിക്കളഞ്ഞുവെന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. വിലക്കയറ്റം, സാമ്പത്തികപ്രതിസന്ധി, ദേശീയ കടം, ആരോഗ്യ രംഗത്തെ തകർച്ച, അനധികൃത കുടിയേറ്റം അടക്കമുള്ള അഞ്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് പ്രഖ്യാപിച്ചാണ് സുനക് ഭരണം തുടങ്ങിയത്.
വിലക്കയറ്റം പകുതിയാക്കാൻ സാധിച്ചുവെങ്കിലും സുനകിന്റെ ബാക്കി പ്രഖ്യാപനങ്ങൾ കിതച്ചൊടുങ്ങുകയായിരുന്നു. കാമറോണിന്റെ ബ്രെക്സിറ്റും ബോറിസ് ജോൺസന്റെ ഇൻസ്റ്റന്റ് പരീക്ഷണങ്ങളും കൊവിഡ് വിരുന്നുകളും ലിസ് ട്രസിന്റെ ബൂമറാങ്ങായ സാമ്പത്തികപരിഷ്കരണവും വച്ചുകെട്ടിയ ഭാരവുമായാണ് സുനക് ഭരണത്തിലേറിയത്. എന്നാൽ സുനകിന് ആദ്യം നഷ്ടപ്പെട്ടത് സ്വന്തം പാർട്ടിയുടെ പിന്തുണയാണ്. പല പക്ഷങ്ങളായിരുന്ന കൺസർവേറ്റിവ് പാർട്ടി സുനകിനെ അംഗീകരിക്കാൻ തയ്യാറായില്ല.
രാജ്യത്തെ സാമ്പത്തികം മെച്ചപ്പെട്ടുവെങ്കിലും പക്ഷേ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെട്ടില്ല. വേതന വർദ്ധനവും ഉണ്ടായില്ല. രാജ്യത്തെ വിലയൊരു പങ്കും ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ തന്നെ തുടരുന്ന സാഹചര്യവുമുണ്ടായി. സാമൂഹ്യ സുരക്ഷാ പദ്ധതികൾക്ക് വെട്ടിക്കുറച്ച ഫണ്ട് സുനകിന് പുനസ്ഥാപിക്കാനുമായില്ല. ആരോഗ്യരംഗത്തെ തകർച്ച തുടരുകയും ചെയ്തു. ചികിത്സ കാത്തിരിക്കുന്നവരുടെ ക്യൂവിന്റെ നീളം കൂടി. ഇതിനുപുറമേയാണ് അനധികൃത കുടിയേറ്റം തടയാൻ ഇംഗ്ലിഷ് ചാനൽ കടക്കുന്ന ചെറുബോട്ടുകൾ പിടികൂടി തുടങ്ങിയത്.
അനധികൃത കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് കയറ്റി അയക്കാനുള്ള തീരുമാനം അതിലും വലിയ ദുരന്തമായി. ഇതിനെല്ലാം പുറമേയാണ് പാർട്ടിയിലുണ്ടായ കൂറുമാറ്റം. പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാൻ ലീ ആൻഢേഴ്സൺ കൂറുമാറുക മാത്രമല്ല, സുനകിനെതിരെ കടുത്ത പ്രചാരണവും അഴിച്ചുവിട്ടു. ചാൾസ് രാജാവിനേക്കാൾ സമ്പന്നനായ പ്രധാനമന്ത്രി, ജനം നികുതിക്കെണിയിൽ വലയുമ്പോൾ സ്വന്തം ഭാര്യയെ അതിൽ നിന്ന് രക്ഷിക്കാനൊരുങ്ങിയത് ജനത്തിനും ദഹിച്ചില്ല.
അഞ്ചുകോടി വോട്ടർമാർ 650 പാർലമെന്റ് അംഗങ്ങളെ തെരഞ്ഞെടുത്ത ജനവിധിയിൽ കൺസർവേറ്റിവ് പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളായ സീറ്റുകൾ പോലും ലേബർ പാർട്ടി പിടിച്ചെടുത്തു.ഒട്ടേറെ മുതിർന്ന കൺസർവേറ്റിവ് നേതാക്കൾ പരാജയം രുചിച്ച തെരഞ്ഞെടുപ്പിൽ റിഷി സുനക്കിന് റിച്ച്മണ്ട് ആൻഡ് നോർതലേർട്ടൻ സീറ്റ് നിലനിർത്താനായി എന്നത് മാത്രമാണ് പാർട്ടിക്ക് ആശ്വാസമായിട്ടുള്ളത്. കൺസർവേറ്റിവ് പാർട്ടിയുടെ പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി റിഷി സുനക് പ്രതികരിച്ചത്.
ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ആദ്യ ഇന്ത്യന്‍വംശജനും ഹിന്ദു മത വിശ്വാസിയും എന്ന വിശേഷണത്തോടെ ആണ് സുനക് പടിയിറങ്ങുന്നത്. 2022 ഒക്ടോബറില്‍ ലിസ് ട്രസ് രാജി വെച്ചപ്പോൾ ആണ് റിഷി സുനക് ബ്രിട്ടന്റെ അധികാര കസേരയിൽ എത്തിയത്. കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുള്ള തീവ്ര വലതുപാർട്ടിയായ റിഫോം യുകെ ഉണ്ടാക്കിയ അപ്രതീക്ഷിത മുന്നേറ്റം ആണ് ഇത്തവണത്തെ ബ്രിട്ടീഷ് തെരഞ്ഞെടുപ്പ് ഫലത്തിന്റെ മറ്റൊരു പ്രത്യേകത. തീപ്പൊരി പ്രസംഗങ്ങളിലൂടെ ശ്രദ്ധ നേടിയ റിഫോം യുകെ നേതാവ് നൈജർ ഫറാഷ് വൻ ഭൂരിപക്ഷത്തിൽ ജയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം